ADVERTISEMENT

പൂരം ഭംഗിയായി സംഘടിപ്പിച്ചതിനു മാത്രമല്ല ദേവസ്വങ്ങൾക്കു നന്ദി പറയേണ്ടത്. പൂരം കൂടാനെത്തിയവർക്കെല്ലാം മനംനിറച്ചു വിഭവസമൃദ്ധമായ പൂരക്കഞ്ഞി നൽകിയാണ് ദേവസ്വങ്ങൾ മടക്കിയയച്ചത്. 

എത്ര നുകർന്നാലും കൊതിതീരാത്ത പലരുചിക്കൂട്ടുകളുടെ ഓർമയിൽ പിൻമടക്കം. തൃശൂർപൂരം പൂർണമാകുന്നതും ആ നിറസമൃദ്ധിയിലാണ്. പൂരംകൂടാനെത്തിയവർ, ദേശവാസികൾ, പൂരത്തിൽ സഹകരിച്ചവർ, സേവനരംഗത്തുള്ള വിവിധ വകുപ്പുകൾ, സന്നദ്ധ സേവകർ, സംഘടനകൾ തുടങ്ങി പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങളുടെ പൂരക്കഞ്ഞി കുടിക്കാനെത്തിയത് പതിനായിരങ്ങളാണ്. പാളപ്പാത്രത്തിൽനിന്നു കുമ്പിളുകുത്തിയ പ്ലാവില കൊണ്ടായിരുന്നു കഞ്ഞികുടി. രാവിലെ 10 മുതൽ വൈകീട്ടു 4 വരെ വരിയിൽനിന്നവർക്കെല്ലാം കഞ്ഞി വിളമ്പി.

പുഴുക്കും പുളിശ്ശേരിയും: കുത്തരിക്കഞ്ഞിക്കൊപ്പം മാമ്പഴ പുളിശ്ശേരി, മുതിരപ്പുഴുക്ക്, ചെത്തുമാങ്ങ അച്ചാർ, പപ്പടം എന്നിവയായിരുന്നു പാറമേക്കാവിന്റെ വിഭവങ്ങൾ. ക്ഷേത്രത്തിന്റെ രോഹിണി, പുഷ്പാഞ്ജലി ഹാളുകളിലായാണു ഇടമൊരുക്കിയത്. ക്ഷേത്രത്തിനു പുറത്തേക്ക് സെന്റ് തോമസ് കോളജ് വരെ ഒരു സമയം വരി നീണ്ടു. 22 ചാക്ക് അരി, 1000 കിലോഗ്രാം വീതം ചെറുമാമ്പഴം, മുതിര, 25000 പപ്പടം എന്നിവയാണ് ഉപയോഗിച്ചത്. 

വെന്നിയും തേങ്ങാപ്പൂളും: കപ്പയും, കാവത്തും, കായയും ചേർത്ത പുഴുക്ക്, കാച്ചിയമോര് നേർപ്പിച്ചെടുത്ത വെന്നി, മാങ്ങാക്കറി, പപ്പടം. തീർന്നില്ല,  തിരുവമ്പാടിയുടെ കഞ്ഞി വിഭവങ്ങളിൽ തേങ്ങാപ്പൂളും ശർക്കര അച്ചും അധികമുണ്ട്. 

7000 – 8000 പേർ കഞ്ഞികുടിച്ചതായാണ് ഏകദേശ കണക്ക്. 20 ചാക്ക് സ്പെഷ്യൽ മട്ട അരി, 15,000 പപ്പടം എന്നിവയ്ക്കൊപ്പം 5 ചാക്ക് നാളികേരവും ശർക്കരയും ഉപയോഗിച്ചു. 

ക്ഷേത്രം വരെ നീണ്ട വരി കൗസ്തൂഭം ഹാൾ അങ്കണത്തിലെത്തിയതോടെ നിയന്ത്രണംവിട്ട് നിറഞ്ഞുകവിഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com