ADVERTISEMENT

ഞാവൽ പഴവും ആഞ്ഞിലി ചക്കയുമൊക്കെ നടത്തുന്നത് ഒരൊന്നന്നര തിരിച്ചുവരവാണ്. വേനലവധിക്കാലത്ത് കുട്ടികൾക്ക് കളികൾക്കിടെ വീണുകിട്ടുന്ന ചെറിയ മധുരം എന്നതിൽ നിന്നു മാറി സാമൂഹിക മാധ്യമങ്ങൾ ഉണർത്തിവിട്ട, മലയാളിയുടെ ഗൃഹാതുരത്വവും മായം ചേർന്ന പഴങ്ങളിൽനിന്നു വ്യത്യസ്തമായ വിശ്വാസ്യതയുമൊക്കെ ഞാവൽ പഴത്തിനും ആഞ്ഞിലി ചക്കയ്ക്കുമൊക്കെ വലിയ വിപണിയാണ് തുറന്നു നൽകിയിരിക്കുന്നത്. ഞെട്ടിക്കുന്ന ഔഷധഗുണങ്ങളുണ്ടെന്ന ഗവേഷകരുടെ പഠനങ്ങൾ ഈ നാടൻ പഴങ്ങളുടെ മൂല്യം വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്.

നാട്ടുപറമ്പുകളിൽ പ്രത്യേക പരിചരണമൊന്നുമില്ലാതെ വളർന്നുനിന്നിരുന്ന ഞാവൽ മരത്തിൽനിന്നും ആഞ്ഞിലി മരത്തിൽനിന്നും വീഴുന്ന പഴങ്ങൾ പക്ഷികൾക്കും മറ്റും ഭക്ഷണമായിരുന്ന കാലം മാറിയിരിക്കുന്നു. നാട്ടിലിപ്പോൾ ഈ പഴങ്ങൾ കിട്ടാനില്ലെന്ന സ്ഥിതിയുണ്ട്. ചെറുകൂടകളിൽ നിറച്ച ഞാവൽപ്പഴങ്ങളുമായി തിരുനെൽവേലിയിൽനിന്നും ഗുണ്ടൂരിൽനിന്നുമൊക്കെ വിൽപനക്കാരെത്തി ത്തുടങ്ങിയിരിക്കുന്നു.  പ്രധാന പാതയോരങ്ങളിലൊക്കെ ഇവർ സജീവം. ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽനിന്നു നിത്യവും 300-400 കിലോഗ്രാം വീതമാണ് ഇവ എത്തുന്നത്. 250 ഗ്രാം ഞാവൽ പഴത്തിനു 100 രൂപയാണു വില. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ആന്ധ്രയിലും തമിഴ്‌നാട്ടിലും വാണിജ്യാടിസ്ഥാനത്തിൽ ഞാവൽ വിളയിക്കുന്നുണ്ട്. ജംബൂഫലമെന്ന് പ്രശസ്തമായ ഫലവൃക്ഷത്തിന്റെ ജന്മദേശം ഏഷ്യാവൻകരയാണ്. 

പോഷകഗുണവും ഔഷധവീര്യവും പഴത്തിനു ഡിമാന്റ് വർധിപ്പിച്ചിട്ടുണ്ട്. വിലയും. വഴിയോരങ്ങളിലും സൂപ്പർമാർക്കറ്റുകളിലും ആഞ്ഞിലിച്ചക്കയും വിൽപനയ്ക്കെത്തുന്നു. വില കേട്ടാൽ ആരും ഒന്നു ഞെട്ടും. തരംതിരിച്ചാണു വിൽപന. നല്ല ഭംഗിയും വലുപ്പവും മധുരവുമുള്ള ആഞ്ഞിലിച്ചക്കയ്ക്കു കിലോഗ്രാമിന് 200 മുതൽ 250 രൂപ വരെയാണു വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com