sections
MORE

ലോകത്തിലെ ഏറ്റവും മികച്ച കാപ്പി ഇവിടെയുണ്ട് : പ്രിയങ്ക ചോപ്ര

Ethiopian Coffee
SHARE

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ എത്യോപ്യൻ സന്ദർശനവേളയിലെ ഒരു വിഡിയോയാണ് ചൂട് കാപ്പിപോലെ കാപ്പി പ്രിയരെ സന്തോഷത്തിലാക്കിയിരിക്കുന്നത്. യുണിസെഫ് അംബാസഡറായി എതോപ്യയിൽ പ്രവർത്തിക്കുന്ന പ്രിയങ്ക അവിടുത്തെ പരമ്പരാഗത രീതിയിലുള്ള കാപ്പി കുടിക്കുന്ന വിഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച കാപ്പി ലഭിക്കുന്ന സ്ഥലം എതോപ്യയാണ്.

Read this in English

യഥാർഥ കാപ്പി കുടിച്ചിട്ടുണ്ടോ?

കാപ്പി കുടിക്കുമ്പോൾ നാം അറിയുന്നതു കാപ്പിയുടെ യഥാർഥ രുചിയാണോ? അതോ പാലിന്റെയും പഞ്ചസാരയുടെയും രുചിയോ? മധുരമേറിയാലും കുറഞ്ഞാലും പാൽ കൂടിയാലും കുറഞ്ഞാലുമെല്ലാം കാപ്പിയുടെ തനതു രുചി നഷ്‌ടമാകും. നമ്മിലേറെപ്പേരും പാലും മധുരവും കൂടുതലും കാപ്പി കുറച്ചുമുള്ള പാനീയമാണു ‘കാപ്പി’ എന്ന പേരിൽ കുടിക്കുന്നത്. എന്നാൽ ഇതു യഥാർഥ കാപ്പിയെ അറിയാനുള്ള അവസരം നഷ്‌ടമാക്കുകയാണു ചെയ്യുന്നത്. ചിക്കറി പോലുള്ള വസ്‌തുക്കൾ ചേർത്താലും തനതു രുചി പോകും. ഇവിടെയാണ് എതോപ്യൻ കാപ്പി വ്യത്യസ്തമാകുന്നത്. കൂജ പോലുള്ള കളിമൺ പാത്രത്തിലാണ് ഇവർ കാപ്പി തയാറാക്കുന്നത്. അടിവശം ഗോളാകൃതിയിലും മുകളിലേക്ക് നേർത്തും  വരുന്ന ഈ പാത്രത്തിന് ജെബാന എന്നാണ് പറയുക. ചൂടാക്കി പൊടിച്ചെടുത്ത കാപ്പിക്കുരു ഈ പാത്രത്തിൽ ആവശ്യത്തിന് വെള്ളം ചേർത്ത് ചാർക്കോൾ കനലിൽ തിളപ്പിച്ചെടുത്ത് കപ്പിലേക്ക് പകരും. ആവശ്യത്തിന് പഞ്ചസാര ചേർത്ത് കുടിക്കാം. പിടിയില്ലാത്ത കപ്പിലാണ് കാപ്പി കുടിക്കുന്നത്. എതേപ്യയിലെങ്ങും ഈ രീതിയിലാണ് കാപ്പി തയാറാക്കുന്നത്.

എതോപ്യയിലെ ‘കോഫി സെറിമണി’

എതോപ്യയുടെ ജീവശ്വാസം കോഫിയാണെന്നു പറയാം. ഇവിടെ ഏറ്റവും അധികം ഉത്പാദിപ്പിക്കപ്പെടുന്നതും കോഫിയാണ്. വീടു വീടാന്തരം കാപ്പി ഉത്പാദിപ്പിക്കപ്പെടുന്നു എന്നതാണ് സത്യം. ഇവിടുത്തെ വളരെ പ്രസിദ്ധമായൊരു ആഘോഷമാണ് ‘കോഫി സെറിമണി’, ആർക്കു വേണമെങ്കിലും ഇതിൽ പങ്കുചേരാം. മൂന്ന് ഘട്ടമായിട്ടാണ് ഈ ആഘോഷം. പരമ്പരാഗത വേഷത്തിൽ സ്ത്രീകൾ കാപ്പിക്കുരു വറുത്ത് , ഇടികല്ലിലിട്ട് പൊടിച്ച് ജെബാനയിൽ തയാറാക്കും. എതോപ്യൻ കാപ്പിയിൽ മധുരത്തിന് പഞ്ചസാര അല്ലെങ്കിൽ തേനാണ് ചേർക്കുന്നത്. ഇതിൽ പാൽ ചേർക്കാറില്ല, എന്നാൽ വെണ്ണ ഉപയോഗിക്കാറുണ്ട്. ചിലപ്പോൾ അൽപം ഉപ്പും ഇവർ കോഫിയിൽ ചേർക്കും. കോഫിയ്ക്കൊപ്പം കൊറിക്കാൻ വറുത്തെടുക്ക ബാർലി, പോപ്കോൺ എന്നിവയും ഉണ്ടാകും.

കാപ്പിക്കുരു വറുത്തെടുക്കുന്നതിലാണ് ഓരോ കാപ്പിയുടെയും രുചിഭേദങ്ങൾ. പരമ്പരാഗത രീതിയിൽ വറുത്തുപൊടിച്ചെടുക്കുന്ന ഈ കാപ്പിക്ക് ചിലപ്പോൾ ബ്ലൂബെറി, നാരങ്ങയുടെ പുളിപ്പ്, ചോക്ലേറ്റിന്റെ ചെറു രുചി ...എന്നിങ്ങനെയാണ് രുചി ഭേദങ്ങൾ. കാപ്പിക്കുരു ഉണക്കിപ്പൊടിക്കുമ്പോൾ അതിന്റെ മാംസളഭാഗം കൂടി ഇതിനോടൊപ്പം ചേർന്നാൽ അതിനും പ്രത്യേക രുചിയാണ്.

കാപ്പിക്കുരു മാത്രം തിരഞ്ഞെടുത്ത് ഉണക്കിപ്പൊടിക്കുന്ന ആധുനിക സംവിധാനങ്ങളെക്കാൾ‍ പരമ്പരാഗത രീതിയിൽ തയാറാക്കുന്ന ഈ കാപ്പിക്ക് രുചി കൂടും, അതല്ലെ പ്രയങ്കാചോപ്ര വരെ എല്ലാം ഇതിലുണ്ടെന്ന് പറഞ്ഞു വയ്ക്കുന്നത് ...but Ethiopian coffee 🇪🇹🚀☕️🥰 #everything എന്ന അടിക്കുറിപ്പോടെയാണ് അവർ ചിത്രം പങ്കുവച്ചിരിക്കുന്നത്.

കാപ്പി ചരിത്രം

875 എഡിയിൽ എതോപ്യയിലാണ് കാപ്പി ഉദ്ഭവിച്ചതെന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതിനും മുൻപ് ഇവിടെ കാപ്പിയുണ്ടാകാമെന്ന് കരുതുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ അറബ് രാജ്യമായ യെമനിൽ കാപ്പി ഉണ്ടായിരുന്നതായി ചരിത്രത്തിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നുണ്ട്. യെമനിൽ നിന്നാണ് മറ്റ് അറേബ്യൻ രാജ്യങ്ങളിലേക്ക് കാപ്പി വ്യാപിച്ചത്. ഇന്ത്യയിൽ 1600കളിലാണ് കാപ്പി എത്തിയത്. മക്കയിൽ തീർഥയാത്രയ്‌ക്ക് പോയ മുസ്‌ലിം പണ്ഡിതനായ ബാബ ബുധൻ മക്കയിൽ നിന്ന് മടങ്ങിയപ്പോൾ അരയ്‌ക്കുചുറ്റും ഏഴ് കാപ്പിപ്പരിപ്പ് ചുറ്റിക്കെട്ടി കൊണ്ടുവന്നുവെന്നും ഇത് മൈസൂരുവിനടുത്തുള്ള ചിക്കമഗളൂരുവിൽ നട്ടുമുളപ്പിച്ചു. ബാധ ബുധഗിരി എന്ന് ഇന്നറിയപ്പെടുന്ന ഇവിടെ 1840ൽ വ്യാപകമായ തോതിൽ കാപ്പിത്തോട്ടം ആരംഭിച്ചതായും ചരിത്രം രേഖപ്പെടുത്തുന്നു. പതിനെട്ടാം നൂറ്റാണ്ടിലാണ് വാണിജ്യാടിസ്ഥാനത്തിൽ കാപ്പിക്കൃഷി ഇന്ത്യയിലാരംഭിക്കുന്നത്. 

വയനാടും കാപ്പിയും

കാപ്പിക്കൃഷിയുടെ കാര്യത്തിൽ രാജാവാണ് വയനാട്. േകരളത്തിൽ ആകെയുള്ള 85,829 ഹെക്ടർ കാപ്പിക്കൃഷിയിൽ 67,705 ഹെക്ടറും വയനാട്ടിലാണ്. മേപ്പാടി പഞ്ചായത്തിൽ മാത്രം 5562 ഹെക്‌ടർ സ്ഥലത്ത് കാപ്പിക്കൃഷിയുണ്ട ്. റോബസ്റ്റ ഇനത്തിൽപെട്ട കാപ്പിയാണ് കൂടുതലും കർണാടകയിലും കേരളത്തിലും കൃഷിചെയ്യുന്നത്. കാപ്പിയുടെ നാടാണു കർണാടക. ഉൽപാദനത്തിൽ ഇന്ത്യയിലെ ഒന്നാമത്തെ സംസ്‌ഥാനം. ജില്ല തിരിച്ചു നോക്കിയാൽ ചിക്കമഗളൂർ ഒന്നാമത്. കുടക്, ഹാസൻ ജില്ലകളും പിറകെ. കാപ്പിപ്പൂവിന്റെ ഹൃദ്യസുഗന്ധം പരക്കുന്ന കുടകിന്റെയും ചിക്കമഗളൂരിന്റെയും മലമടക്കുകളിലെ കാപ്പിക്കും പ്രത്യേക രുചി തന്നെ.

ദിവസം എത്ര കപ്പ് കാപ്പി കുടിക്കാം? 

ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ 5 കപ്പിൽ കൂടുതൽ അരുതെന്നാണു പുതിയ പഠനം. അതുകഴിഞ്ഞു കുടിക്കുന്ന ഓരോ കപ്പും ഹൃദ്രോഗസാധ്യത 22 % വർധിപ്പിക്കുമത്രേ. സൗത്ത് ഓസ്ട്രേലിയ സർവകലാശാലാ ഗവേഷകരുടേതാണു കണ്ടെത്തൽ. അളവിലേറെ കാപ്പി കുടിച്ചാൽ മനംമറിയുകയും ആലസ്യം അനുഭവപ്പെടുകയും ചെയ്യുന്നതു ശ്രദ്ധിച്ചിട്ടില്ലേ? കാപ്പിയിലെ അടിസ്ഥാന ഘടകമായ കഫീൻ ചുരുങ്ങിയ അളവിൽ ലഭിച്ചാലേ ഉന്മേഷം ലഭിക്കൂ. കൂടുതൽ ചെന്നാൽ അതു രക്തസമ്മർദം വർധിപ്പിക്കുകയും ഹൃദയ ധമനികളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ലോകത്തു ദിവസവും 300 കോടി കപ്പ് കാപ്പി കുടിച്ചു തീർക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ചു ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിക്കുന്നതു ഹൃദ്രോഗം മൂലമാണുതാനും. അതിനാൽ കാപ്പിക്കപ്പ് ചുണ്ടോടു ചേർക്കുമ്പോൾ ഇനി ഓർക്കുക: പരമാവധി അഞ്ചുമതി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA