ADVERTISEMENT

ആലപ്പുഴ ∙ ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫിസുകളിൽ അടുത്തിടെ നടത്തിയ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ പല ക്രമക്കേടുകളുടെയും കാരണം ഈ ഓഫിസുകളുടെ പ്രവർത്തനത്തിലെ പരിമിതികളാണെന്നു ജീവനക്കാർ. പക്ഷേ, ചിലതു കണ്ടില്ലെന്നു നടിക്കുന്നവരും കൂട്ടത്തിലുണ്ട്. കൂടുതൽ ആളുകളെ നിയമിച്ചാലേ പരിശോധനകളും നടപടികളും കൃത്യമാകൂ എന്നതാണു സ്ഥിതി. വിജിലൻസ് കണ്ടെത്തിയ പല പോരായ്മകളും ആൾക്ഷാമത്തിൽനിന്ന് ഉടലെടുക്കുന്നതാണെന്നു ജീവനക്കാർ പറയുന്നു.

തട്ടുകടകൾ

തട്ടുകടകളിൽ ഭൂരിഭാഗവും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണിൽ പെടുന്നില്ല. ഓഫിസ് സമയം കഴിഞ്ഞ് ഉദ്യോഗസ്ഥർ പോയിക്കഴിഞ്ഞാണു തട്ടുകടകൾ തുറക്കുന്നതു തന്നെ. രാത്രിയും പരിശോധന നടത്തിയാലേ മായം ചേർക്കലും മറ്റും കൃത്യമായി കണ്ടെത്താനാവൂ. ഭക്ഷ്യസുരക്ഷാ ലൈസൻസ് നേടിയ തട്ടുകടകൾ സംസ്ഥാനത്തു തന്നെ ചുരുക്കമാണ്.

വഞ്ചിവീടുകൾ

വഞ്ചിവീടുകളിലെ ഭക്ഷണം പരിശോധിക്കാറില്ല. അവ പലപ്പോഴും കായലിനു നടുവിലായിരിക്കും. കരയിൽ സഞ്ചരിക്കാൻ തന്നെ ആവശ്യത്തിനു വണ്ടിയില്ലാത്ത വകുപ്പാണിത്.

ആരാധനാലയങ്ങൾ, സദ്യാലയങ്ങൾ

ആരാധനാലയങ്ങളിൽ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളും സദ്യാലയങ്ങളിലെ ഭക്ഷണവുമൊക്കെ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിലാണ്. സൗജന്യമായി നൽകുന്ന ഭക്ഷണവും പരിശോധിക്കണം. പക്ഷേ, അവിടെയൊന്നും പരിശോധന നടക്കാറില്ല. സാമൂഹികമായി ഉണ്ടാകാവുന്ന പ്രശ്നങ്ങളെ നേരിടാൻ ഉദ്യോഗസ്ഥർക്കു താൽപര്യമില്ല തന്നെ.

ജില്ലയ്​ക്കൊരു വണ്ടി

ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലാ ഓഫിസുകളിൽ മാത്രമാണു വാഹന സൗകര്യമുള്ളത്. അതും വാടകയ്ക്കെടുക്കുന്നത്. നിയമസഭാ മണ്ഡലം തോറും ഓഫിസുണ്ടെങ്കിലും വാഹനമില്ലാത്തതിനാൽ അവിടങ്ങളിൽനിന്നുള്ള പരിശോധനങ്ങൾ ഒട്ടും കാര്യക്ഷമമല്ല.

ആൾക്ഷാമവും

ആലപ്പുഴയിലെ ഓരോ മണ്ഡലത്തിലും ഒരു ഫുഡ് ഇൻസ്പെക്ടർ മാത്രമാണുള്ളത്. നൂറുകണക്കിനു സ്ഥാപനങ്ങളിൽ ഫലപ്രദമായി പരിശോധന നടത്താൻ ഈ ഒറ്റയാൾ പട്ടാളങ്ങൾക്കു കഴിയാറില്ല. ആരോഗ്യ വകുപ്പിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ (ഗ്രേഡ് –2) ഭക്ഷ്യസുരക്ഷാ വിഭാഗത്തിൽ നിയോഗിക്കാൻ നിർദേശമുണ്ടായെങ്കിലും നടപ്പാക്കിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com