ADVERTISEMENT

വിശക്കുന്നവർക്ക് ഊണ് കൊടുക്കാനായില്ലെങ്കിൽ ഊട്ടു പുരയെങ്കിലും കാട്ടിക്കൊടുക്കണമെന്നാണു പഴമക്കാരുടെ ഉപദേശം. ഇത് അക്ഷരാർഥത്തിൽ നടപ്പാക്കുകയാണ് എറണാകുളം ജില്ലാ ഭരണകൂടം. ഒരു വർഷം കൊണ്ടു ‘നുമ്മ ഊണ്’ പദ്ധതിയിലൂടെ വിശപ്പൊടുക്കിയത് ഒരു ലക്ഷത്തിലധികം പേർ. ഇവരെല്ലാം കയ്യിൽ കാശില്ലാതെ വിശന്നു വലഞ്ഞവർ. കലക്ടർ മുഹമ്മദ് സഫിറുല്ല രൂപം കൊടുത്ത ‘നുമ്മ ഊണ്’ പദ്ധതി പെട്രോനെറ്റ് എൽഎൻജി ഫൗണ്ടേഷന്റെയും കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെയും സഹകരണത്തോടെയാണു നടപ്പാക്കുന്നത്.

ജില്ലയിൽ ആൾത്തിരക്കുള്ള കേന്ദ്രങ്ങളിൽ സൗജന്യ ഉച്ചഭക്ഷണ കൂപ്പൺ വിതരണം ചെയ്യുന്നതാണു പദ്ധതി. സമീപത്തെ ഹോട്ടലുകളിൽ കൂപ്പൺ നൽകിയാൽ ഭക്ഷണം ലഭിക്കും. കലക്ടറേറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫിസുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ ആശുപത്രികൾ എന്നിവിടങ്ങളിലാണു സൗജന്യ ഭക്ഷണ കൂപ്പൺ നൽകുന്നത്.

 കൂപ്പണുമായി ചെല്ലുന്നവർക്കു സൗജന്യ ഭക്ഷണം നൽകാൻ 20 ഹോട്ടലുകളെ ചുമതലപ്പെടുത്തി. ഹോട്ടലുകാർ കൂപ്പൺ ഹാജരാക്കുമ്പോൾ ഊണിന്റെ വില ജില്ലാ ഭരണകൂടം നൽകും. പല ആവശ്യങ്ങൾക്കായി വരുന്ന പൊതുജനങ്ങളിൽ സാമ്പത്തിക ശേഷി കുറഞ്ഞവർക്കാണു സൗജന്യ ഉച്ചഭക്ഷണം. 

കൈവശം പണമില്ലാത്തതിനാൽ ഉച്ചഭക്ഷണം കഴിക്കാത്ത ഒട്ടേറെ പേർ സർക്കാർ ഓഫിസുകളിലും മറ്റും പല ആവശ്യങ്ങൾക്കു കാത്തു നിൽക്കേണ്ടി വരുന്നതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു കലക്ടർ മുൻകയ്യെടുത്തു നുമ്മ ഊണ് പദ്ധതിക്കു രൂപം നൽകിയത്.

അഭിനന്ദിച്ച് രാഷ്ട്രപതി ഭവൻ

യാത്രാച്ചെലവിനുള്ള ചില്ലറത്തുട്ടുകൾ തപ്പിയെടുത്തു പല കാര്യങ്ങൾക്കായി പുറത്തേക്കിറങ്ങുന്ന നിർധനരുടെ വിശപ്പടക്കാൻ ജില്ലാ ഭരണകൂടം ആവിഷ്ക്കരിച്ച പദ്ധതിയുടെ മേന്മ രാഷ്ട്രപതി ഭവൻ വരെയെത്തി. കലക്ടർ മുഹമ്മദ് സഫിറുല്ലയെ രാഷ്ട്രപതി ഭവനിൽ ക്ഷണിച്ചു വരുത്തിയാണ് അഭിനന്ദിച്ചത്. നുമ്മ ഊണ് പദ്ധതിയെക്കുറിച്ച് അറിഞ്ഞ രാഷ്ട്രപതിയുടെ സെക്രട്ടറി സഞ്ജയ് ഗോത്താരിയാണു കലക്ടറെ രാഷ്ട്രപതി ഭവനിലേക്കു വിളിപ്പിച്ചത്. ആശയം രൂപപ്പെട്ടതും സ്പോൺസർമാരുടെ സഹകരണത്തോടെ അതു നടപ്പാക്കിയ രീതിയുമെല്ലാം കലക്ടർ വിശദീകരിച്ചു. കൂപ്പണുമായി ചെല്ലുന്നവർക്കു ഭക്ഷണം പാഴ്സലായി നൽകാതെ ഹോട്ടലിൽ തന്നെ കഴിക്കാൻ സൗകര്യം നൽകണമെന്നു നിർദേശിച്ചിട്ടുണ്ട്. ഉള്ളവനും ഇല്ലാത്തവനും ഒരേ മേശയിൽ ഭക്ഷണം കഴിക്കണമെന്ന കാഴ്ചപ്പാടാണ് ഇതിനു പിന്നിൽ.

വ്യാപിച്ചു; 20 ഇടത്ത്

കാക്കനാട്∙ ‘നുമ്മ ഊണ്’ പദ്ധതിയിൽ ആദ്യം ഏർപ്പെടുത്തിയതു കലക്ടറേറ്റിലാണ്. ഉച്ച ഭക്ഷണം കഴിക്കാൻ കയ്യിൽ പണമില്ലാത്തവർക്കു കലക്ടറേറ്റ് കൗണ്ടറിൽ നിന്നു സൗജന്യ കൂപ്പൺ നൽകിത്തുടങ്ങിയതു 2018 ഫെബ്രുവരി ഒന്നു മുതൽ. കലക്ടറേറ്റ് കന്റീനിലും സമീപത്തെ അളകാപുരി ഹോട്ടലിലും കൂപ്പണുമായി ചെന്നാൽ ഉച്ചഭക്ഷണം സൗജന്യം. അതേ ആഴ്ച തന്നെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും നുമ്മ ഊണ് പദ്ധതി നടപ്പാക്കി. ഇവിടത്തെ ആര്യാസ് ഹോട്ടൽ, ആര്യാഭവൻ, മുഗൾ ഹോട്ടൽ എന്നിവിടങ്ങളിൽ കൂപ്പണുമായി ചെല്ലുന്നവർക്കാണു സൗജന്യ ഭക്ഷണം.

ലക്ഷ്യം വിശപ്പുരഹിതജില്ല : മുഹമ്മദ് സഫിറുല്ല : ജില്ലാ കലക്ടർ

പണമില്ലാത്തതിന്റെ പേരിൽ വിശന്നു വലയരുതെന്ന കാഴ്ച്ചപ്പാടാണു പദ്ധതിക്കു പിന്നിലുള്ളത്. ഒട്ടേറെ പേർക്കു ഇതു പ്രയോജനം ചെയ്യുന്നുണ്ട്. ‘നുമ്മ ഊണ്’ പദ്ധതി കൂടുതൽ കേന്ദ്രങ്ങളിലേക്കു വ്യാപിപ്പിക്കാനുള്ള ചർച്ച നടക്കുകയാണ്. വിശപ്പ് രഹിത ജില്ലയാണു ലക്ഷ്യം.

ലക്ഷം ലക്ഷംപിന്നാലെ

കാക്കനാട്∙ നുമ്മ ഊണ് പദ്ധതി തുടങ്ങിയ 2018 ജനുവരി 26 മുതൽ ഏപ്രിൽ 30 വരെ സൗജന്യ കൂപ്പൺ വഴി ഉച്ചഭക്ഷണം കഴിച്ചവർ 6,000 പിന്നീടുള്ള മാസങ്ങളിൽ കൂപ്പൺ വാങ്ങിയവരുടെ എണ്ണം: മേയ് 2,349, ജൂൺ 6,770, ജൂലൈ 9,746, ഓഗസ്റ്റ് 8,765, സെപ്റ്റംബർ 8,589, ഒക്ടോബർ 9,086, നവംബർ 9,540, ഡിസംബർ 9,738, ഈ വർഷം ജനുവരി 9,433, ഫെബ്രുവരി 9,356, മാർച്ച് 10,752. ആകെ 1,00,124.

കൂപ്പൺ വിതരണ കേന്ദ്രങ്ങൾ

∙ കലക്ടറേറ്റ്
∙ താലൂക്ക് ഓഫിസുകൾ
കണയന്നൂർ, കൊച്ചി,
കുന്നത്തുനാട്, പറവൂർ,
മൂവാറ്റുപുഴ
∙ പെരുമ്പാവൂർ, അങ്കമാലി
മുനിസിപ്പൽ ഓഫിസുകൾ
∙ കെഎസ്ആർടിസി
സ്റ്റാൻഡുകൾ
എറണാകുളം, ആലുവ, മൂവാറ്റുപുഴ
∙ റെയിൽവേ സ്റ്റേഷനുകൾ
എറണാകുളം സൗത്ത്,
നോർത്ത്, അങ്കമാലി
∙ പിറവം, മട്ടാഞ്ചേരി
ഗവ.ആശുപത്രികൾ
∙ പൂണിത്തുറ (വൈറ്റില)
വില്ലേജ് ഓഫിസ്
∙ കോതമംഗലം പൊലീസ്
എയ്ഡ് പോസ്റ്റ്.

ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകൾ

∙ കാക്കനാട്: കലക്ടറേറ്റ് കന്റീൻ, അളകാപുരി ഹോട്ടൽ
∙ എറണാകുളം സൗത്ത്:
മുഗൾ ഹോട്ടൽ, ആര്യാസ് ഹോട്ടൽ, ആര്യാഭവൻ, ഗോകുൽ ഊട്ടുപുര
∙ എറണാകുളം നോർത്ത്:
റാം നിവാസ് ഹോട്ടൽ,
ബ്ലൂസ്റ്റാർ ഹോട്ടൽ
∙എറണാകുളം കെഎസ്ആർടിസി: അമ്പാടി ഹോട്ടൽ,
ഡീലക്സ് ഹോട്ടൽ
∙ വൈറ്റില: മുരുകാ ഹോട്ടൽ,
നാലുകെട്ട് ഹോട്ടൽ
∙ മട്ടാഞ്ചേരി: പിപി ഹോട്ടൽ,
സ്വാദ് റസ്റ്ററന്റ്
∙ കൊച്ചി:
കുന്നംപുറം അങ്കിൾസ് റസ്റ്ററന്റ്, ലക്കി സ്റ്റാർ ഹോട്ടൽ
∙ വൈപ്പിൻ: ടോപ് ഹോം ഹോട്ടൽ, ആൽവിൻ ഹോട്ടൽ
∙ പെരുമ്പാവൂർ: കുടുംബശ്രീ കന്റീൻ, മലബാർ പാലസ്,
രാജലക്ഷ്മി ഹോട്ടൽ,
ഇന്ദ്രപ്രസ്ഥ ഹോട്ടൽ
∙ പറവൂർ: ഹോട്ടൽ സ്വാഗത്,
ഷേണായിസ് ലഞ്ച് ഹോം
∙ ആലുവ: സാഗർ ഹോട്ടൽ,
താഹൂർ ഹോട്ടൽ
∙ മൂവാറ്റുപുഴ: ഭാരത് ഹോട്ടൽ,
പാലസ് ഹോട്ടൽ,
സിറ്റി ഹോട്ടൽ, നാന ഹോട്ടൽ,
മഹാറാണി ഹോട്ടൽ
∙ കോതമംഗലം: ഹോട്ടൽ മേള, ഹോട്ടൽ ശ്രീ കൃഷ്ണ
∙ അങ്കമാലി: ഹോട്ടൽ ശരവണ, ഹോട്ടൽ ചിപ്പീസ്,
നെൽവയൽ ഹോട്ടൽ,
ഈഡൻ പാർക്ക് ഹോട്ടൽ
∙ പിറവം: ഐശ്വര്യ ഹോട്ടൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com