ADVERTISEMENT

ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ ഏതു തരം ഭക്ഷണമാണ് കുട്ടികൾക്ക് നൽകേണ്ടത്? കേരളത്തിലെ സ്‌കൂളുകളിൽ ഫുഡ് സേഫ്റ്റി ക്ലബുകൾ രൂപീകരിക്കണമെന്ന സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവ് നേരത്തെ വന്നു കഴിഞ്ഞിരുന്നു. ജങ്ക് ഫുഡ് ഒഴിവാക്കണമെന്ന കമ്മ‌ിഷന്റെ നിർദേശം ഇനിയും പല സ്കൂളുകളിലും നടപ്പായിട്ടില്ല.

സമീകൃതവും സമ്പൂർണവും പോഷകസമ്പുഷ്ടവുമായ ആഹാരംവേണം കുട്ടികളെ ശീലിപ്പിക്കാൻ. വിവിധയിനം പോഷകങ്ങളാൽ സമ്പന്നമായ ഭക്ഷണം ഉൗർജത്തിന്റെ കലവറയാണെന്നു പറയാം. നല്ല ഭക്ഷണം നല്ല ചിന്തകൾ സമ്മാനിക്കും എന്ന കാര്യം മറക്കേണ്ട.

സമ്പൂർണമല്ല കുട്ടികളുടെ ഇന്നത്തെ ഡയറ്റ്

കേരളത്തിലെ 38 ശതമാനം സ്കൂൾ കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്. 70 ശതമാനത്തിലേറെ കുട്ടികളെ വിളർച്ച ബാധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സമയക്കുറവും അതിരാവിലെയുള്ള സ്കൂൾ പ്രയാണവുംമൂലം പ്രഭാതഭക്ഷണം ഒഴിവാക്കുക എന്നതാണ് മിക്ക കുട്ടികളുടെയും ‘ബ്രേക്ക്ഫാസ്റ്റ്’. ഇവിടെയാണ് പ്രശ്നത്തിന് തുടക്കം. എന്തെങ്കിലും സ്നാക്ക്സിൽ ഒതുക്കും ‘ഉച്ചയൂണ്’. സ്കൂൾ വിട്ടുവന്നാലുടൻ ബേക്കറി ഐറ്റംസ്. രാത്രി ഭക്ഷണം ഫാസ്റ്റ് ഫു‍ഡ‌്. വീക്കെൻഡിൽ ‘ഈറ്റിങ് ഔട്ട്’ കൂടിയാവുമ്പോൾ ഭക്ഷണം ‘സമ്പൂർണം’. ഇതാണ് നഗരവാസിയായ ഇന്നത്തെ ശരാശരി സ്കൂൾ വിദ്യാർഥിയുടെ മെനു.

അമിതമായി ആഹാരം കഴിക്കുന്ന കുട്ടികളിലാകട്ടെ പോഷകമൂല്യമുള്ള ഭക്ഷണം ഒന്നും എത്തുന്നുമില്ല. കൊഴുപ്പുമാത്രമാണ് ഇത്തരക്കാരിൽ അകത്താകുന്നത്.

എന്താവണം കുട്ടികളുടെ ഡയറ്റ്?

പ്രാതൽ ഒരിക്കലും ഒഴിവാക്കരുത്. പ്രഭാതഭക്ഷണത്തിലൂടെ 40–50 ശതമാനം പോഷകമൂല്യങ്ങളും ലഭ്യമാക്കണം. ഇത‌ിനായി നല്ലത് ഇഡ്ഡലി, ദോശ, ഇടിയപ്പം, പുട്ട് തുടങ്ങിയവയാണ്. കടല, ചെറുപയർ എന്നിവ ഇതിനൊപ്പം കഴിക്കാം. ചെറുചൂടോടെ ഒരു ഗ്ലാസ് പാലാവാം. ഉച്ചയ്ക്ക് ചോറോ ചപ്പാത്തിയോ. മീൻ, മുട്ട, പയറുവർഗങ്ങൾ, ചെറിയ അളവിൽ ഇറച്ചി എന്നിവ ചോറിനൊപ്പം കഴിക്കാം. ഇരുമ്പിന്റെ അംശം ഏറെയുള്ള ഇലക്കറികൾ നിർബന്ധമായും ഉൗണിന്റെ കൂടെയുണ്ടാവണം. സ്കൂൾ വിട്ടു വീട്ടിലെത്തിയാൽ അവൽ, ഏത്തപ്പഴം പുഴുങ്ങിയത്,അട തുടങ്ങിയ നാടൻ വിഭവങ്ങളെ കൂട്ടുപിടിക്കണം. നേരിയ മധുരത്തിൽ ചായയും ആവാം. നാലുമണിക്ക് കളർ ചേർത്ത ബേക്കറി ഉൽപന്നങ്ങൾ പൂർണമായി ഒഴിവാക്കണം. രാത്രിയിൽ ചോറോ ചപ്പാത്തിയോ കഴിക്കാം. ദിവസേന രണ്ടോ മൂന്നോ പഴങ്ങൾ ഭക്ഷണത്തിനൊപ്പം ചേർക്കണം. ദിവസവും 5–6 ഗ്ലാസ് വെള്ളമെങ്കിലും ഉള്ളിൽ ചെല്ലണം.

പെൺകുട്ടികൾക്ക് ഇരുമ്പിന്റെ അംശമേറെയുള്ള ആഹാരം വേണം നൽകാൻ. ഇലക്കറികൾ, ഈന്തപ്പഴം, മുന്തിരി തുടങ്ങിയവ അവർക്ക് ധാരാളമായി നൽകണം. റെഡ് മീറ്റ് വിഭാഗത്തിൽപ്പെടന്ന പോത്തിറച്ചി അടക്കമുള്ളത് കൂടുതലായി വേണ്ട. ഇവ ദ്രുതഗതിയിലുള്ള അമിത വളർച്ചയ്ക്ക് വഴിവയ്ക്കും

ഭക്ഷണത്തിൽ എന്ത് ഒഴിവാക്കണം?

ഏറെ വറുത്തതും പൊരിച്ചതുമായി വസ്തുക്കൾ ശരീരത്തിന് ദോഷമേ ചെയ്യൂ. ജങ്ക് ഫുഡ് വേണ്ട . ഐസ്ക്രീം, ചോക്കലേറ്റ് തുടങ്ങിയ മധുരപലഹാരങ്ങൾ പതിവാക്കരുത് കോളയും സോഡയും ആഹാരകാര്യത്തിലെ സിലമ്പസിലുണ്ടാവരുത്. കുട്ടികൾ സ്കൂളിൽ കൊണ്ടുപോകുന്ന പാത്രങ്ങവും സൂക്ഷ്മതയോടെ വേണം തിരഞ്ഞെടുക്കാൻ. പ്ലാസ്റ്റിക് കുപ്പികളും ചോറ്റുപാത്രങ്ങളും അരുത്. പ്ലാസ്റ്റിക് ചൂടാകുമ്പോൾ അവയിലെ വിഷാംശം ഭക്ഷണത്തോടൊപ്പം ശരീരത്തിനുള്ളിൽ കടന്ന് കാൻസർ അടക്കമുള്ള രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com