sections
MORE

പൊതിച്ചോറിൽ നിന്ന് ലഞ്ച് ബോക്സിലേക്ക്...

Lunch Box
SHARE

സ്കൂൾ തുറന്നു. ആദ്യ രണ്ടു ദിവസം വലിയ പ്രശ്നങ്ങളില്ലാതെ കടന്നുപോയി. ഒരുക്കങ്ങളുടെ തിരക്കുകൾ തീർന്ന് സാധാരണ സ്കൂൾ ദിനങ്ങൾ വരുമ്പോൾ അമ്മമാർ വട്ടം ചുറ്റും. മറ്റൊന്നുമല്ല, കുഞ്ഞിന് ഉച്ചയ്ക്കു കഴിക്കാനുള്ള ഭക്ഷണം തയാറാക്കണം.

അടുത്ത കാലത്ത് പ്രഭാതഭക്ഷണവും ഇടനേര ഭക്ഷണവും ഉച്ച ഭക്ഷണവുമൊക്കെ സ്കൂളുകളിൽത്തന്നെ തയാറാക്കുന്ന സ്ഥിതി വന്നിട്ടുണ്ട്. ഇതു ചിലർക്കെങ്കിലും ഒരൽപം ആശ്വാസമാണ്. എന്നാൽ എല്ലാ സ്കൂളുകളിലെയും സ്ഥിതി അങ്ങനെയല്ലല്ലോ.

സ്കൂൾ കാലം എന്നാൽ പലർക്കും ഓർമയിലെത്തുക ലഞ്ച്ബോക്സാണ്. ഉച്ചനേരം വരെ അടച്ചുമൂടിയ വിങ്ങലിൽനിന്ന് അടപ്പുതുറക്കുമ്പോൾ ലഞ്ച് ബോക്സ് ഒരും ആശ്വാസശ്വാസം പുറത്തേക്കുവിടും. വിശക്കുന്ന വയറിനെ ചൂളംവിളിപ്പിക്കുന്ന രുചിയൂറുന്ന ഭക്ഷണത്തിന്റെ വിളിയാണത്.

ഊണുപൊതി എന്ന ശീലം

ഊണുപൊതി മനുഷ്യന്റെ കൂടപ്പിറപ്പാണെന്ന് ചരിത്രം പറയുന്നു. ഒരുമിച്ചു താമസിച്ച് വേട്ടയാടാൻ കാട്ടിലേക്കു പോയ ആദിമമനുഷ്യനും കാട്ടിലകളിൽ പൊതിഞ്ഞെടുത്ത ഭക്ഷണം കൈയിൽ കരുതിയിരുന്നത്രേ. നമ്മുടെ നാട്ടിലും പഴയകാലത്തു വാട്ടിയ ഇലയിൽ ചോറുമായി കുട്ടികൾ സ്കൂളിലെത്താറുണ്ടായിരുന്നു.കഴിച്ചുകഴിഞ്ഞാൽ വലിച്ചെറിയാം. പ്രകൃതിക്കു ഭീഷണിയേ അല്ല. പാത്രം കഴുകേണ്ട കാര്യവുമില്ല. പക്ഷേ എന്നും ഇലയ്ക്ക് എവിടെപ്പോകും? അങ്ങനെയായിരിക്കാം എല്ലാവരും പാത്രങ്ങളിലേക്കു മാറിയത്.

ലഞ്ച് ബോക്സിലേക്ക്

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് നാം ഇന്നുപയോഗിക്കുന്ന തരത്തിലുള്ള ലഞ്ച് ബോക്സുകൾ വ്യാപകമായതെന്ന് അമേരിക്കൻ ഹിസ്റ്ററി നാഷണൽ മ്യൂസിയത്തിലെ സൂക്ഷിപ്പുകാരനായ ഡേവിഡ് ഷൈറ്റ് പറയുന്നു. ഇരുമ്പിലും പിച്ചളയിലും തീർത്ത പാത്രങ്ങളാണ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നതത്രേ.

സ്കൂൾകുട്ടികൾക്കായി കാർട്ടൂൺകാഥാപാത്രങ്ങളുടെ ചിത്രമുള്ള ലഞ്ച്ബോക്സുകൾ സർവസാധാരണമാണല്ലോ. 1935ൽ ഗ്യൂഡർ ആന്റ് ഫ്രേയ് എന്ന കമ്പനിയാണ് കോപ്പി റൈറ്റോടുകൂടി ആദ്യമായി കാർട്ടൂൺ കഥാപാത്രത്തെ ലഞ്ച്ബോക്സിൽ അവതരിപ്പിച്ചത്. മിക്കിമൗസായിരുന്നു ആദ്യത്തെ ഉണ്ണൂണ്ണി!

1950ൽ അലാദീൻ ഇൻഡസ്ട്രീസാണ് ടിവി ഷോയെ അടിസ്ഥാനമാക്കി കുട്ടികൾക്കുവേണ്ടിആദ്യമായി ഒരു ലഞ്ച്ബോക്സ് നിർമിച്ചത്.ഹോപ്പലോങ്ങ് കാസിഡി ലഞ്ച്കിറ്റ് എന്നു പേരിട്ടാണ് കക്ഷി ആദ്യം വിപണിയിലെത്തിയത്. ഹോപ്പി എന്ന ചെല്ലപ്പേരിൽ വൻവിജയം നേടിയ ലഞ്ച്ബോക്സ് അലാദീൻ കമ്പനിയുടെ ചരിത്രംതന്നെ മാറ്റി മറിച്ചു. 1954ൽ ഒന്റാറിയോയിലെ ലിയോ മേയ് ആണ് അലൂമിനിയം ലഞ്ച് ബോക്സ് നിർമിച്ചത്. 1960ലാണ് ആദ്യമായി വിനൈലിൽ നിർമിച്ച ലഞ്ച്ബോക്സുകൾ പ്രചാരത്തിലെത്തിയത്. 1960ലാണ് വാട്ടർബോട്ടിലും ലഞ്ച്ബോക്സിനോടുകൂട്ടുകൂടിയതത്രേ.

kerala-kitchen-uppumav

രുചിക്കുറിപ്പ്:

സ്കൂൾകാലത്ത് കുട്ടികളെ പറ്റിക്കാൻ അമ്മമാർ ഒരുക്കുന്ന വിഭവമാണ് ഉപ്പുമാവ്

ഒരു നോൺസ്റ്റിക് പാനിൽ ഒരു കപ്പ് സേമിയ നന്നായി വറക്കുക. വറുത്ത സേമിയ മറ്റൊരു പാത്രത്തിലേക്കു മാറ്റിയ ശേഷം ഇതേ പാനിൽ അൽപം എണ്ണ ഒഴിച്ചു ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞുവച്ച കാൽകപ്പ് സവാളയും രണ്ടായി മുറിച്ച ഒരു പച്ചമുളകും ചേർക്കുക. കറിവേപ്പിലയും ഉപ്പും ആവശ്യത്തിന് ചേർക്കാം. സവാള വെന്തുവെന്ന് ഉറപ്പായാൽ ഇതിലേക്ക് ഒരുകപ്പ് വെള്ളം ചേർക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ വറത്തുവച്ച സേമിയ ഇതിലേക്കു ചേർക്കുക. അതിനുശേഷം അഞ്ചു മിനിറ്റ് പാൻ അടച്ചുവച്ച് ചെറിയ ചൂടിൽ വേവിക്കുക. അഞ്ചു മിനിറ്റിനു ശേഷം മൂടി തുറന്നു നോക്കുമ്പോൾ വെള്ളം പൂർണമായി വറ്റി രുചികരമായ സേമിയ ഉപ്പുമാവ് തയാറായിരിക്കും. ഉപ്പുമാവ് കൂടുതൽ രുചികരമാക്കാൻ വേവിച്ച ഗ്രീൻ പീസും മല്ലിയിലയുമെല്ലാം ചേർക്കാവുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA