ADVERTISEMENT

കനത്ത മഴയും ഇടിവെട്ടും,  ആകെ തണുപ്പിച്ച പെയ്യുന്ന ഇടവപ്പാതിയിലാണ് സ്കൂൾ തുറപ്പെങ്കിലും മുഴുവന്‍ ഗുരുഭൂതൻമാരുടെയും ഉളളുകാളുന്ന മാസമായിരുന്നു ജൂൺ. മാസ പകുതിയോടെ തലയെണ്ണാനായി ഒരു 'ഭീകരൻ' എത്തുമെന്നും അത് അവധി ധാരാളം നീട്ടി വീട്ടിലിരിക്കാനിടയാക്കുമെന്നും പേടിച്ചാണ് പല അധ്യാപകരുടെയും വരവ്.   വിദ്യാർഥികളെ പിടിക്കാനായി നാട്ടിലിറങ്ങി പരാജയപ്പെട്ടാൽ പിന്നെ പതിനെട്ടാമത്തെ അടവാണ്. കൂട്ടത്തിൽ അൽപം വലിപ്പം കൂടിയ കുട്ടികൾക്കും കുറഞ്ഞ കുട്ടികൾക്ക് ഡിവിഷൻ പോകാതിരിക്കാന്‍ ചില ആൾമാറാട്ടങ്ങൾ നടത്തേണ്ടി വരും...മേക്കപ്പിടാനും പേരുപഠിപ്പിക്കാനുമൊക്കെ ഒന്നാം സാറെന്ന ഹെഡ്മാസ്റ്റർ ഉൾപ്പെടെ പിന്നണിയിലുണ്ടാവും.

അങ്ങനെ അത്തവണ ക്ലാസ് തുറന്നതോടെയാണ്  ഏതു നിമിഷവും എഇഒ സന്ദർശനം പ്രതീക്ഷിച്ച് നാലിൽ നിന്ന് അഞ്ചിലേക്ക് പ്രമോഷൻ  കിട്ടി ഞാൻ ഇരിപ്പായത്. നാലാം ക്ലാസുവരെയുള്ള പിള്ളേർ സ്കൂളിൽനിന്ന് ഉച്ചക്കഞ്ഞി കുടിക്കുകയും അഞ്ചിൽ എത്തിയവരൊക്കെ ഇനി അൽപം പരിഷ്കാരമൊക്കം ആകാമെന്ന ധാരണയില്‍  പൊതിയിലയിൽ ചോറു കൊണ്ടുവരാനും തു‌ടങ്ങിയിരുന്നു. എന്നാൽ സാധാരണ പോലെ കഞ്ഞിപ്പാത്രവും തന്ന് സ്കൂളിലേക്ക് വിട്ട അമ്മയ്ക്ക് പ്രൊമോഷനെപ്പറ്റി ധാരണയുണ്ടാകാത്തതിനാലും വീട്ടിൽ പറയേണ്ടെന്നു പറഞ്ഞതിനാലും. കഞ്ഞികുടിക്കാൻ വീട്ടിലേക്ക് ഓടുന്നത് ഒഴിവാക്കാൻ അധ്യാപകർ ആരെങ്കിലും അവരുടെ പൊതിച്ചോർ തരാൻ തുടങ്ങി.

അൽപം മുതിർന്ന കുട്ടികളുടെ കണ്ണുരുട്ടലിനും കൊതി നോട്ടത്തിനിടയിലും നല്ല പിരുപിരു പിരാ മഞ്ഞനിറത്തിൽ 'മുട്ട' വറുത്തതും  ഉള്ളിയും മാങ്ങയും ചേർത്തിട‌ിച്ച് മഞ്ഞ ചമ്മന്തിയും കൊണ്ടുവരുന്ന റോസിടീച്ചറിന്റെ പ്ലാസ്റ്റിക്ക് പൊതിപ്പാത്രവും കരുമുരാ മൊരിച്ച് മത്തി വറുത്തതും നല്ല ഇടിച്ചക്ക തോരനുമായെത്തുന്ന ശ്രീനിവാസൻ സാറിന്റെ തടിയൻ ഉച്ചപ്പാത്രവുമൊക്കെ മുന്നിലെത്തി തുടങ്ങി...ഗുരു‌‌‌ഭൂതൻ ഉച്ച പട്ടിണിയാണെന്ന ഒരു മൈൻഡുമില്ലാതെ ഇതൊക്കെ അ‌ടിച്ചു പെരുക്കി...അ‍ഞ്ചാം ക്ലാസിലല്ല, വേണേൽ ആറിലിരിക്കാമെന്ന ഭാവത്തിൽ ഞാനും...

അങ്ങനെ ഒരു ദിവസമാണ് പൂച്ച രംഗപ്രവേശം ചെയ്യുന്നത്.  അതും നല്ല കിടിലൻ പൂച്ച. തൊടുപുഴ ഭാഗത്തുനിന്നോ മറ്റോ സ്കൂളിലെത്തിയ സാറായിരുന്നു ശ്രീനിവാസൻ സാർ..നല്ല വെള്ള ഷർട്ടും കറുത്ത പാന്റുമൊക്കെ ഇട്ട്. പഴുതാര മീശയൊക്കെ വച്ച് സിംപ്ലനായി സാർ ക്ലാസിൽ നിൽക്കും. രാവിലെ എപ്പോഴോ ആണത്രെ സാർ വീട്ടിൽനിന്നു പോരുന്നത്....സ്നേഹത്തോടെ അമ്മ കൊടുത്തുവിട്ട പൊതിയിൽനിന്നാണ് പൂച്ചു... സോറി പൂച്ച പുറത്തുചാടിയത്.

ഇടവേളയായപ്പോൾ ജനലിലൂടെ ഒരു വിളി..തിരിഞ്ഞുനോക്കി..സാറാണ്..ഒരു പൊതി വച്ചു നീട്ടി..എടോ ഇന്നു ചോറില്ല...കുറച്ച് പൂച്ച പുഴുങ്ങിയതാണ്...വേഗം കഴിച്ചോ....അമ്പരന്ന് വാ പൊളിച്ച് കുറേ കിടാങ്ങൾ തിരിഞ്ഞുനോക്കി.സാധാരണ മാഷുമ്മാർ തരുന്ന പൊതിയിലേക്ക് കൊതിയോടെ നോക്കുന്നവരെല്ലാം അമ്പരന്നു നോക്കുന്നു! സാർ പൂച്ചയെ തിന്നുന്നയാളാണെടാ...നീയും കഴിച്ചോ...അമ്പരന്നു നിന്ന എന്റെ പേടി കണ്ണീരായി നിർഗളിച്ചു. എന്തടാ ബഹളം... ഒന്നാം സാറാണ്....ബെഞ്ചില്‍ രണ്ടടി. ആ ക്ലാസും അടുത്ത ക്ലാസുകളും നിശബ്ദം..

സാറേ ഇവന്റെ പാത്രത്തിൽ പൂച്ച പുഴുങ്ങിയത്. എന്ത് ..ശ്രീനിവാസൻ സാർ ഇവന് പൂച്ച പുഴുങ്ങിയത് കൊടുത്തു.. ജനലരികിൽ തിക്കും തിരക്കുമായി...ആകെ ബഹളം...ഒരടികൂടി എന്റെ വശത്തെ ബെഞ്ചിൽ വീണു. പെട്ടെന്നു ഞെട്ടിയ ആ  പാത്രം.. താഴെ വീണു ചിതറി...നല്ല എണ്ണ നിറമുള്ള വാഴയില, അതോ ഇടണയിലയിലോ...നല്ല മഞ്ഞ നിറമുള്ള മൂന്ന് കുമ്പിളപ്പം...അള്ളാ ഞമ്മടെ കുമ്പിളപ്പം എന്ന് പറയാൻ ഒരു കോയ ക്ലാസിൽ ഇല്ലാതെ പോയി...ഏതായാലും അന്നത്തെ പൂച്ച പുഴുങ്ങിയത് ഏവർക്കും വീതിക്കേണ്ടി വന്നു. ഇനി കുമ്പിളപ്പം അഥവാ പൂച്ചപുഴുങ്ങിയത് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

കുമ്പിളപ്പമെന്നും തെരളി അപ്പമെന്നും പൂച്ചയപ്പമെന്നുമൊക്കെ അറിയപ്പെടുന്ന ഈ സ്വാദിഷ്ടമായ വിഭവത്തിന്റെ മെയിൻ ചേരുവ  നല്ല വെള്ളം തൊടാത്ത കൂഴച്ചക്കയാണ്.....കുഴച്ചക്ക വരട്ടിയത് - ആവശ്യത്തിന്. അരിപ്പൊടി (പച്ചരി) , തേങ്ങാപ്പീര  ടേസ്റ്റനുസരിച്ച്,  ജീരകം, ശർക്കര - ആവശ്യത്തിന്, ഏലയ്ക്കായ ആവശ്യത്തിന്, അരിപ്പൊടി നല്ലതുപോലെ അരിപ്പയില്‍ തെള്ളിയെടുത്തശേഷം കുഴച്ചക്ക ഒരു വിധം ഉടച്ചെടുക്കുക.  ശർക്കരപ്പാവിൽ വഴറ്റിയെടുത്ത ചക്കപ്പഴം ചേർക്കുക. അരിപ്പൊടി, തേങ്ങ ചിരവിയത്,  ജീരകം, ഏലയ്ക്കായ പൊടിച്ച് , വഴറ്റിയ ചക്കപ്പഴവും ചേർത്ത് നന്നായി കുഴയ്ക്കുക. വഴനയില/വാഴയില കുമ്പിൾ ആകൃതിയിൽ കോട്ടിയതിലേയ്ക്ക്  കൂട്ട് നിറച്ച് അപ്പച്ചെമ്പിൽ  ആവി കേറ്റ്  വേവിച്ചെടുക്കും. അരിപ്പൊടിയുടെ പകരം റവയും ചക്കപ്പഴത്തിനു പകരം വാഴപ്പഴം ഉപയോഗിച്ചും പലയിടങ്ങളിലും കുമ്പിളപ്പം ഉണ്ടാക്കും.

നടുക്കഷ്ണം : എപ്പോഴോ വായിച്ച കഥയുമായി സാമ്യം തോന്നിയാൽ സ്വാഭാവികം മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com