ADVERTISEMENT

ജെയിംസ് വാട്ട് ആവിയുപയോഗിച്ച് ആവിയന്ത്രമുണ്ടാക്കിയപ്പോൾ ഇങ്ങു കേരളത്തിൽ തങ്കമ്മ അതേ ടെക്‌നോളജിയുപയോഗിച്ച് പുട്ടുണ്ടാക്കി എന്ന് പലരും പുളകം കൊള്ളുന്നു. മലയാളികളുടെ സ്വന്തം ഭക്ഷണമാണ് പുട്ട് എന്നതിൽ സംശയമില്ല. എന്നാൽ ആരാണ് ആദ്യമായി പുട്ടുണ്ടാക്കിയത് എന്ന ചോദ്യത്തിന് മലയാളികളാണെന്ന് അവകാശപ്പെടുന്നത് എത്രമാത്രം ശരിയാണ്?

തമിഴ്‌നാട്ടിലാണ് പുട്ട് ആദ്യമായുണ്ടാക്കിയത് എന്ന് പല ചരിത്രകാരൻമാരും അഭിപ്രായപ്പെടുന്നു. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി തുടങ്ങിയ സംസ്‌ഥാനങ്ങളിലും ശ്രീലങ്കയിലെ തമിഴ് ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളിലും പുട്ടുണ്ടാക്കാറുണ്ട്. സുങ്കപിത്ത എന്ന പേരിൽ പുട്ടിനു സമാനമായ ഭക്ഷണം ആസാമിലുമുണ്ട്. 15-ാം നൂറ്റാണ്ടിൽ അരുണഗിരിനാഥർ എന്ന തമിഴ് കവി എഴുതിയ തിരുപ്പുഗഴ് എന്ന ഗ്രന്ഥത്തിലാണ് പുട്ടിനെക്കുറിച്ച് ആദ്യം പരാമർശിച്ചത്. എട്ടാം നൂറ്റാണ്ടിലാണ് മലയാള ഭാഷ രൂപംകൊള്ളാൻ തുടങ്ങിയത് എന്ന് പല ചരിത്രകാകാരൻമാരും നിരീക്ഷിച്ചിട്ടുണ്ട്. ആദ്യകാല മലയാളകൃതികളിലൊന്നും പുട്ടിനെക്കുറിച്ച് പരാമർശമില്ല. ആ കാലഘട്ടത്തിൽ കേരളത്തിനും തമിഴ്‌നാടിനും പ്രത്യേകം പ്രത്യേകം ഭക്ഷണച്ചിട്ടകളായിരുന്നില്ല എന്നു വേണം കരുതാൻ. അതിനാൽ പുട്ട് കേരളത്തിലുണ്ടായതാണെന്നും അവകാശപ്പെടാം.

16-ാം നൂറ്റാണ്ടിൽ പരംജ്യോതി മുനിവരൻ എഴുതിയ തിരുവിളയാടൽ പുരാണത്തിൽ പുട്ടിനെക്കുറിച്ച് രസകരമായ കഥയുമുണ്ട്. മധുരൈ ക്ഷേത്രത്തിലെ ശിവപ്പെരുമാളിന്റെ കഥയാണ് തിരുവിളയാടൽ പുരാണം. വഴിയരികിൽ പുട്ടുണ്ടാക്കി വിൽക്കുന്ന വയോധികയെ സഹായിക്കാൻ ഗണപതി വേഷം മാറിയെത്തി. സഹായിച്ചാൽ കൂലി നൽകാൻ തന്റെ കയ്യിൽ പണമില്ലെന്ന പറഞ്ഞ ആ മുത്തശ്ശിയോട് അന്നുണ്ടാക്കുന്ന പുട്ടിൽ പൊടിഞ്ഞുപോയതെല്ലാം തനിക്കു തന്നാൽ മതിയെയെന്ന് ഗണപതി പറഞ്ഞു. അന്നുണ്ടാക്കിയ എല്ലാ പുട്ടും പൊടിഞ്ഞുപോയി. ഇന്നും മധുരൈയിലെ ഗണപതിക്ക് പൊടിഞ്ഞ പുട്ടാണ് നിവേദ്യം. കഥകൾ ഇനിയുമുണ്ട് ഏറെ. കോഴിക്കോട് പുതിയറയിലെ ഓട്ടുകമ്പനിക്കടുത്തുള്ള ചായക്കടയിൽ പുട്ടും കടലയും പപ്പടവും ചേർത്തു കുഴച്ചുണ്ടാക്കുന്ന കുതിര ബിരിയാണിയുടെ രുചി എസ്.കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിത്തിന്റെ കഥയിലൂടെ മലയാളികൾക്ക് സുപരിചിതമാണ്.

പുട്ടുണ്ടാക്കി ലോകറെക്കോഡ് നേടിയ വിദ്യാർഥികളും കേരളത്തിലുണ്ട്. 2006ൽ വയനാട്ടിലെ ലക്കിടിയിലുള്ള ഓറിയന്റൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്റിലെ വിദ്യാർഥികൾ 10 അടി നീളമുള്ള പുട്ടുണ്ടാക്കി. 26 കിലോ അരിപ്പൊടിയും 20 നാളികേരവും ഉപയോഗിച്ചു നിർമിച്ച പുട്ട് വേവിച്ചെടുക്കാൻ അരമണിക്കൂറെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com