sections
MORE

അളിയൻ ഇനി ‘അലുവ’ കഴിക്കരുത് !

503765078
SHARE

വീട്ടില്‍ ആദ്യമായി അലുവ വാങ്ങിക്കുന്നത് ചേച്ചിയുടെ പെണ്ണുകാണലിനാണ്. തുടുത്തു മിനുങ്ങുന്ന ചുവന്ന അലുവ (ഹൽവ). അതിൽ ചെറുങ്ങനെ തിളങ്ങുന്ന കശുവണ്ടിത്തരികൾ. സ്വയം മറന്ന് അതിലേക്ക് കൈ നീട്ടയതും  ഒരു അടി ഠിമ്മെന്ന് വീണു. ‘ടാ ചെക്കാ, അപ്പുറത്ത് പോ’. ഏതായാലും കൊതി പറ്റാതിരിക്കാൻ ഒരു കഷ്ണം വച്ചു നീട്ടി. നാവിലിട്ടതും അലിഞ്ഞങ്ങു പോയി. രുചി പിടിച്ചു കഴിഞ്ഞു. അടുത്ത പ്രതീക്ഷ തളികയിൽ മുറിച്ചു വച്ച കഷണങ്ങളിലാണ്. ചേച്ചിയെ പെണ്ണുകാണാൻ വരുന്നവർക്ക് സാധാരണ മിച്ചറും ബിസ്കറ്റുമൊക്കെയാണ്. ആദ്യമായാണ് അലുവ. അതും ഗൾഫുകാരനായതിനാൽ സ്പെഷൽ വാങ്ങിയതാണ്. പെണ്ണുകാഴ്ചക്കാർ പോയതിനുശേഷം കട്ടൻകാപ്പിയും മിച്ചറുമായി ഒരു പിടി പിടിക്കാറുണ്ട്. ഇതും മിച്ചം വയ്ക്കും, വയ്ക്കണം.

ചെക്കനും മൂന്നാനും രണ്ട് അമ്മാവൻമാരുമെത്തി. പെണ്ണിന്റെ ഇളയവനാണെന്ന് പരിചയപ്പെടുത്തിയപ്പോൾ ചിരിച്ചും കാണിച്ചു. ഭാവി അളിയനെ ഒന്നു പാളി നോക്കി. പിന്നെ വീണ്ടും ശ്രദ്ധ പ്ലേറ്റിലേക്കായി. ഇനി ചായ കുടിക്കാമെന്നു പറഞ്ഞതും ടെൻഷൻ കൂടി. ഓരോ അലുവക്കഷണങ്ങൾ ഗൾപ്പടിച്ച് അവരുടെ വായിലേക്ക് പോകുന്നത് നോക്കി നിന്നു. 6 കഷ്ണങ്ങളും അപ്രത്യക്ഷം. ഒന്നു പോലും മിച്ചമില്ല! ഒരു മയക്കം വരും പോലെ. വീഴാതിരിക്കാൻ വാതിൽപ്പ‌ടിയിൽ പിടിച്ചു നിന്നു. ഇയാൾ ചേച്ചിയെ ഇനി കെട്ടണ്ട: ഉറപ്പിച്ചു. പക്ഷേ വിധി മറിച്ചായിരുന്നു. ചേച്ചിയെ കെട്ടി അളിയൻ വീട്ടിലേക്കു വലതുകാൽ വച്ചു. ആൾ താമസിയാതെ ഗള്‍ഫിലേക്കു വിടുകയും ചെയ്തു.

അതെനിക്ക് ഇഷ്ടമായി. കാരണം അളിയനുണ്ടെങ്കിൽ ഇളയകുട്ടിയെന്ന നിലയിൽ കി‌ട്ടിയിരുന്ന പരിഗണന നഷ്‌ടമാകും. അളിയനെന്ന സാധനം ഒരു നെസസറി ഈവിൾ ആണെന്നു മനസ്സിലാകുന്നത് ഊണു മേശയിലാണ്. അമ്മയുടെയും ചേച്ചിയുടെയും കംപ്ളീറ്റ് അറ്റൻഷൻ അളിയന്റെ പാത്രത്തിൽ കേന്ദ്രീകരിക്കും.  മീൻ വറുത്തതാണെങ്കിൽ നടുക്കഷ്ണം. മീനിന്റെ പനഞ്ഞിൽ അഥവാ മുട്ട നെയ്യിൽ തരിതരിയായി മൂപ്പിച്ചത്. കോഴിയുടെ കരള്‍ മപ്പാസ്. അങ്ങിനെ ഞാൻ അടക്കിവച്ച് അനുഭവിച്ച മുതലുകളെല്ലാം അളിയന്‍ സ്വന്തമാക്കി. ആളാണെങ്കിൽ ഊണുമേശയിൽ വന്നാൽ ചേച്ചിയുമായി സംസാരിക്കുന്നതിന്റെ തിരക്കിലും വരാൽ തീറ്റയെടുക്കുന്നതു പോലത്തെ കഴിപ്പാണ്. 

അങ്ങനെ ഒരോണക്കാലമെത്തി. വീട്ടിൽ യുദ്ധസമാന ഒരുക്കങ്ങള്‍. പൊരിക്കലും വറുക്കലും തകൃതി. നെയ്യപ്പത്തിന്റെയും പഴംപൊരിയുടെയും വാസന. ചേച്ചിയാണെങ്കിൽ പൂത്തിരി കത്തിച്ചപോലെ ഓടുന്നു. എന്താ സംഭവം? അളിയൻ എത്തുന്നു. സർവ പ്രതാപങ്ങളോടെയും ആളെത്തി. അച്ഛൻ ജോലിസ്ഥലത്തായതിനാൽ അളിയന് ഊണുമേശയിൽ കമ്പനി കൊടുക്കണം. അതെനിക്ക് ഇഷ്ടമായി. ഒരു ഡസൻ നിർദേശങ്ങളാണ് അരകല്ലിന്റെ സൈഡിൽ വച്ചു കിട്ടിയത്: അളിച്ചു വാരരുത്, ആക്രാന്തം കാണിക്കാതെ കഴിക്കണം, പലഹാരങ്ങളൊക്കെ ഓരോന്നേ എടുക്കാവൂ. അവസാനമേ എണീക്കാവൂ.

ഉപദേശമൊക്കെ കേട്ട് അടുക്കളപ്പുറത്തുനിന്ന് ഉമ്മറത്തേക്കെത്തിയപ്പോഴാണ് അവനെ വീണ്ടും കണ്ടത്– അലുവ. അന്നു കണ്ട അതേ വലുപ്പത്തിൽ നല്ല ജോർ ഹൽവ. മുറിച്ചു മുറിച്ച് പാത്രത്തിൽ വച്ചിരിക്കുന്നു. ആദ്യമേ ചോദിച്ച് കുളമാക്കണ്ട. ഇത് ഇന്ന് അളിയനും എനിക്കും മാത്രമുള്ളതാണ്. ആദ്യം തന്നെ വലിയ പീസ് കണ്ടുവച്ചു. ഇടിയപ്പവും മുട്ടക്കറിയും കൂട്ടി ഞാൻ ആദ്യമേ ഒരുപിടി പിടിച്ചു. അളിയൻ ചേച്ചിയോടു വിശേഷങ്ങളൊക്കെ പറഞ്ഞ് കഴിക്കുന്നു. അമ്മ മൂക്കത്തു വിരൽവച്ച് ദുബായ് വിശേഷങ്ങൾ കേൾക്കുന്നു. ആരും ശ്രദ്ധിക്കുന്നില്ല. പഴംപൊരിയും നെയ്യപ്പവുമൊക്കെ മിക്കവാറും വീട്ടിലുണ്ടാവും. അലുവ അങ്ങിനെയല്ല, റെയറാണ്. നോക്കി വച്ച പീസ് ഇങ്ങെടുത്തു. ഹാവൂ, ഇറങ്ങിപ്പോയത് അറിഞ്ഞില്ല, നല്ല മധുരം. കയ്യിൽ പറ്റിയ എണ്ണ നക്കി. ഒരെണ്ണം കൂടി എടുത്തു. ഒരു ഫുൾ കശുവണ്ടിയുള്ള ഒരെണ്ണം ഇരിക്കുന്നു. സ്വർഗീയ മധുരം..രുചി...

അളിയൻ സംസാരത്തിനിടയിൽ ചേച്ചിയുടെ മുഖത്തുനിന്നു കണ്ണെടുക്കാതെ അലുവപ്പാത്രത്തിലേക്കു കയ്യിട്ടു, കൈകൊണ്ട്  പരതി നോക്കി. പിന്നെ ചമ്മലോടെ പാത്രത്തിൽ നോക്കി. പാത്രം ശൂന്യം. അമ്പരന്ന അമ്മയും ചേച്ചിയും ചിറിയിലും മുഖത്തും എണ്ണയിൽ കുളിച്ചിരിക്കുന്ന എന്നെ നോക്കി. പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളിയായ അമ്മ ഇപ്പം പൊട്ടിത്തെറിച്ചേക്കും. ചേച്ചിയുടെ മുഖത്താണെങ്കിൽ രക്തമയമില്ല. പണി പാളിയെന്നു മനസ്സിലാക്കി ഒരു നെയ്യപ്പമെടുത്ത് ഇടംകൈയിൽ പിടിച്ച് വരാന്തയിലേക്കു നടന്നു. ഏതായാലും, പിന്നീടു ദുബായിലേക്ക് കുടിയേറിയ അളിയനും ചേച്ചിയും വന്നപ്പോൾ കടംതീർത്ത് വീട്ടിൽ നല്ല സൂപ്പർ ഹൽവയുണ്ടാക്കി കൊടുത്തു.

കശുവണ്ടി ചേർത്ത നല്ല  ഹൽവ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം 

ഹൽവ ഉണ്ടാക്കുന്നതിനു രണ്ടു ദിവസമെങ്കിലും നേരത്തേ മൈദ വെള്ളത്തിൽ കലക്കിയെടുത്ത് അരിച്ചെടുക്കണം. 2 ദിവസം അനക്കാതെ വെച്ചിരുന്നാൽ കട്ടിയാകും. അതിനു ശേഷമാണ് ഹൽവ ഉണ്ടാക്കേണ്ടത്. പഞ്ചസാര, വെളിച്ചെണ്ണ, കശുവണ്ടി, നെയ്യ് എന്നിവ ചേർത്ത് നല്ല ചൂടുള്ള അടുപ്പിലാണ് ഹൽവ തയാറാക്കുന്നത്. ആദ്യം പഞ്ചസാര വെളളത്തിൽ അലിയിച്ചെടുക്കുക. പിന്നീട് ഇതിലേക്കു നെയ്യ് ചേർക്കുക. നേരത്തെ തയാറാക്കിയ മൈദയുടെ പാൽ ഈ മിശ്രിതത്തിലേക്ക് ഒഴിക്കുക. 

വെളിച്ചെണ്ണയും പഞ്ചസാരയും ചേർത്ത ശേഷം ഏകദേശം അരമണിക്കൂർ നിർത്താതെ ഇളക്കിക്കൊണ്ടേയിരിക്കുക. പാകമായിക്കൊണ്ടിരിക്കുന്ന ഹൽവയിലേക്ക് കശുവണ്ടി കൂടി ചേർത്ത് അടുപ്പിൽനിന്ന് ഇറക്കിവയ്ക്കാം. ഹൽവ നെയ്പുരട്ടിയ ട്രേയിലേക്കോ ബട്ടർപേപ്പറിട്ട പാത്രത്തിലേക്കോ മാറ്റുക. ഹൽവയുടെ ആകൃതിയും അളവും കൃത്യമാക്കാനായി പരന്ന തടിയോ മറ്റോ ഉപയോഗിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA