ADVERTISEMENT

പല നാടിന്റെ രുചികളുടെ ഈറ്റില്ലമായ കോഴിക്കോട്ടങ്ങാടിയുടെ ഇഷ്ടപ്പട്ടികയില്‍ ഇനി എന്‍.ഐ.ടി പൂര്‍വ്വ വിദ്യാര്‍ഥികളുടെ കുടുക്ക സര്‍ബത്തും. വലിയ കമ്പനികളില്‍ ജോലികിട്ടിയിട്ടും സര്‍ബത്ത് കട ഉപേക്ഷിക്കാതെ കോഴിക്കോടുകാരുടെ രുചിക്കൊപ്പം സഞ്ചരിക്കാനാണ് ഈ എന്‍ജിനീയറിങ് ബിരുദധാരികളുടെ പരിപാടി. ഫുള്‍ജാര്‍ സോഡക്കു പിന്നാലെയാണ് നാടിളക്കി കുടുക്ക സര്‍ബത്ത് അരങ്ങത്തെത്തുന്നത്.  

ബിരിയാണി കഴിച്ചോ, വാ സര്‍ബത്തു കുടിച്ചോളീ... കടയുടെ ഈ പേരുപോലെയാണ് കോഴിക്കോട്ടുകാരുടെ ഇഷ്ടവും. ബിരിയാണി കഴിച്ചാല്‍ അവര്‍ നേരെ എത്തുന്നത് ഈ കൊച്ചു കടയിലേക്ക്. സ്വന്തമായി നിര്‍മിച്ച നറുനീണ്ടി സര്‍ബത്ത്, കൃത്യ അളവില്‍ പാലൊഴിച്ചു മിക്സിയില്‍ ഒന്നു കറക്കി  കുഞ്ഞു കുടുക്കകളിലാക്കി ആവശ്യക്കാരിലേക്ക്. 

കോഴിക്കോട് എന്‍. ഐ.ടിയില്‍ നിന്ന് പഠിച്ചിറങ്ങിയ എന്‍ജിനിയറിങ് ബിരുദധാരികളാണ് ഇങ്ങനെ കുടുക്ക സര്‍ബത്ത് വില്‍പ്പനക്ക് പിന്നില്‍‌. പഠന സമയത്ത് മനസില്‍ ഉദിച്ച ആശയമാണ് ഒരു ബിസിനസ് തുടങ്ങുകയെന്നത്. രുചി പ്രിയരായ കോഴിക്കോടുകാരുടെ മനസിലിരിപ്പറിഞ്ഞാണ് തുടക്കം. 

എൻജിനീയറിങ് പഠിച്ച് സര്‍ബത്ത് കടയോ എന്നത് ഇവര്‍ പലകുറി കേട്ട ചോദ്യം. അനന്തു ആര്‍ നായര്‍, ജോയല്‍ ജെ ചുള്ളില്‍, അമീര്‍ സുഹൈല്‍. ഈ മൂന്നുപേരാണ് കട ഉടമസ്ഥര്‍  മൂന്നു പേര്‍ക്കും പഠന ശേഷം ജോലിയായി. കോഴിക്കോട് വിടണം. പക്ഷെ കട ഒഴിവാക്കാന്‍ ഒട്ടും താല്‍പര്യമില്ല. 

സര്‍ബത്തിനെകുറിച്ചറിഞ്ഞ് നിരവധി പേരാണ് രുചിയറിയാന്‍ എത്തുന്നത്. രണ്ടു മാസമായി കട തുടങ്ങിയിട്ട്. നല്ല തിരക്കുണ്ട്. ഏതായാലും മധുരങ്ങളുടെ നാട്ടിലെ പുതിയ വിരുന്നുകാരനായ ഈ കുടുക്ക സര്‍ബത്ത് കുറേക്കാലം നാവിന്‍ത്തുമ്പത്തുണ്ടാകും, തീര്‍ച്ച.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com