ADVERTISEMENT

ഇതു മഴക്കാലമാണ്. പാടവരമ്പത്തെ മണ്ണിൽ കുഴികളുണ്ടാക്കി തല പുറത്തേക്കിട്ടു നോക്കുന്ന ഞണ്ടുകൾ. ഞണ്ടിനെ കാണുമ്പോൾത്തന്നെ വായിൽ വെള്ളമൂറുന്നവരാണ് ഒട്ടുമിക്ക മലയാളികളും.  

ലോകത്തിന്റെ ഏതു ഭാഗത്തു ചെന്നാലും ലഭിക്കുന്ന ഭക്ഷണവിഭവങ്ങളിൽ ഒന്നാണ് ഞണ്ട്. സാംസ്കാരികമായി ലോകം എത്ര വികസിച്ചുവെന്ന് അവകാശപ്പെട്ടാലും  ആദിമ ജനത തുടങ്ങിവച്ച ഭക്ഷണരീതികളാണ് നിറംകലർത്തി ഇന്നും നമ്മൾ ഉപയോഗിക്കുന്നത്. ഗോത്രജനതയാണ് ഞണ്ട് ഭക്ഷ്യയോഗ്യമാണെന്നു കണ്ടെത്തിയത്. ഞണ്ടിന്റെ രുചിവൈവിധ്യങ്ങൾ ഗോത്ര ജനത കണ്ടെത്തിയതിനേക്കാൾ ഒരിഞ്ചുപോലും മുന്നോട്ടുപോവാൻ ആർക്കും കഴിഞ്ഞിട്ടുമില്ല.

വയനാട്ടിലെ പണിയ വിഭാഗക്കാരുടെ ഇഷ്ട വിഭവമാണ് ഞണ്ട്. വയലുകളുടെ നാടുകൂടിയാണ് വയനാട്. നെൽകൃഷിയും മറ്റു കൃഷിയുമായി നാട്ടിലേക്കിറങ്ങി വന്ന പണിയ വിഭാഗക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ് ഞണ്ടു വിഭവങ്ങൾ‍.

വയലിൽ നിന്നു ലഭിക്കുന്ന ഞണ്ട്, കക്ക,നൂഞ്ചി തുടങ്ങിയവയാണ് ഭക്ഷണത്തിനുപയോഗിക്കാറുള്ളത്. നാലു തരത്തിലുള്ള ഞണ്ടുകളുണ്ടെന്ന് പണിയവിഭാഗക്കാർ പറയുന്നു. വേനൽക്കാലത്ത് മാത്രം ലഭിക്കുന്ന  ഞണ്ടാണ് കൊറ്റിഞണ്ട്. മഴക്കാലത്ത് കിട്ടുന്നവയാണ് ഉണ്ട ഞണ്ട്, വെള്ളഞണ്ട്, പാറഞണ്ട് എന്നിവ. പണിയവിഭാഗക്കാർ ഞണ്ടുള്ള പൊത്തിൽ കയ്യിട്ടു പിടികൂടുന്നത് രുചിപ്രേമികൾ കണ്ടിരിക്കേണ്ട കാഴ്ചകളിൽ ഒന്നാണ്. പൊത്തിന്റെ ഒരു വശത്തു നിന്ന് മണ്ണോടുകൂടി ഇടിച്ചുനിരത്തിയാണ് കൈ നീങ്ങുക.

കടി കിട്ടാത്ത വിധം മണ്ണും ഞണ്ടും ചേർത്ത് ഒരൊറ്റപ്പിടി. സംഗതി ക്ലീൻ. നെല്ലിന്റെ കൂമ്പ് പുല്ലിന്റെയറ്റത്തു കെട്ടി മാളത്തിലേക്കിട്ട് ഞെണ്ടിനെ ആകർഷിക്കലാണ് മറ്റൊരു രീതി. മാളത്തിനു പുറത്തെത്തിക്കുന്ന ഞണ്ടിനെ പിന്നെ കറിച്ചട്ടിയിലേ കാണൂ. ഞണ്ട് പാചകം ചെയ്യുന്നതിലും ഗോത്ര സമൂഹത്തിനു ലളിത രീതികളാണുള്ളത്. പിടികൂടിയ ഞണ്ടിനെ വൃത്തിയായി കഴുകിയെടുക്കും. ചെറിയ കഷ്ണങ്ങളായി മുറിക്കും. ആവശ്യത്തിനു തേങ്ങ അരച്ചെടുക്കും. കുരുമുളക്, പച്ച കാന്താരിമുളക്, മല്ലി എന്നിവ ആവശ്യത്തിനു ചേർക്കും. ഇവ നല്ല നാടൻ വെളിച്ചെണ്ണയിൽ  വരട്ടിയെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com