ADVERTISEMENT

ഷാങ്ഹായ് ചലച്ചിത്രമേളയിൽ പുരസ്കാരം സ്വീകരിച്ചെത്തിയ നടൻ ഇന്ദ്രൻസിന്റെ ചൈനീസ് ഭക്ഷണ വിശേഷം സൈബർ ലോകം ഏറ്റെടുത്തിരിക്കുകയാണ്. ചോപ് സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന വിഡിയോ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ ‘പാവം.. പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേൽ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാൻ പറഞ്ഞേനെ’ എന്ന കുറിപ്പോടെയാണ് പങ്കുവച്ചത്. തിരിച്ചു നാട്ടിൽ വന്നിറങ്ങി ഭക്ഷണ വിശേഷം ചോദിച്ചപ്പോൾ ‘ചൈനയിലെ ഭക്ഷണം കടുകട്ടിയായിരുന്നു. ഞാൻ വെജിറ്റേറിയനാണ്. മനസ്സിനിഷ്ടപ്പെട്ട ഭക്ഷണം കിട്ടിയില്ല. ചോപ് സ്റ്റിക് കൊണ്ടു കഴിക്കാനൊക്കെ ബുദ്ധിമുട്ടി’ എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള മറുപടി. ചൈനീസ് ഭക്ഷണത്തെക്കുറിച്ച് ചില കാര്യങ്ങൾ...

2010 ലെ ഏഷ്യൻ ഗെയിംസ് റിപ്പോട്ട് ചെയ്ത മനോജ് തെക്കേടം ചൈനയിലെ ഭക്ഷണത്തെക്കുറിച്ച് എഴുതിയ കുറിപ്പ് വായിക്കാം

കോലുകൾ കഥ പറയുന്നു

ചൈനക്കാരെ കാണുമ്പോൾ ശ്രദ്ധിക്കുന്ന ഒരു കാര്യം അവരുടെ ഭക്ഷണ രീതിയാണ്. നമുക്കു സങ്കൽപിക്കാൻ പോലുമാകാത്ത വിധം വൈവിധ്യങ്ങൾ നിറഞ്ഞ രുചി ലോകത്തിന്റെ ഉടമകളാണ് അവർ. രുചിയുടെ തമ്പുരാക്കൻമാർ എന്നൊക്കെ പറയാം. അതു നന്നായി ഉപയോഗിക്കാനുമുണ്ടു മിടുക്ക്. ഭക്ഷണം കണ്ടാൽ തീറ്റയോടു തീറ്റ. നമുക്കു വർജ്യമെന്നു തോന്നുന്ന പലതും ഇവരുടെ ഭക്ഷണ മേശയിലെ വിശിഷ്‌ട വിഭവങ്ങളാകും. ഇലക്കറികളുടെ ആധിക്യമാണ് ചൈനക്കാരുടെ ആരോഗ്യ രഹസ്യമെന്ന വാദത്തിനു തെളിവാണ് ഇവർ ഉപയോഗിക്കുന്ന ഒട്ടേറെ ഇലക്കറികൾ. ഇതൊക്കെ ശ്രദ്ധയിൽപ്പെടുമെങ്കിലും കഴിക്കുന്ന രീതിയാണു കാണേണ്ടത്. നോക്കി നിന്നാൽ ബഹുരസമാണ്. രണ്ടേ രണ്ടു കോലുകൾ ഉപയോഗിച്ചാണല്ലോ അവരുടെ തീറ്റ. ക്വായ്‌സി എന്നാണു കോലുകളുടെ ചൈനീസ് പേര്. ലോകം വിളിക്കുന്നതു ചോപ് സ്‌റ്റിക് എന്നും.

കോലുകൾക്ക് ഏറെ കഥ പറയാനുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചരിത്രം. ഏറെ പാരമ്പര്യമുള്ള തീൻമേശ ഉപകരണമാണത്. പണ്ടു കാലത്ത് ഇതിനെ ചു എന്നാണു വിളിച്ചിരുന്നതെന്നു രേഖകൾ. ക്വായ്‌സികൾ ചൈനക്കാരുടെ ജീവിതത്തോടു ചേർന്നത് ഒരു മൽസരത്തെത്തുടർന്നായിരുന്നത്രേ. ഒരു രാജാവ് നടത്തിയ മൽസരം. നല്ല ചൂടുള്ള സൂപ്പ് പാത്രങ്ങളിൽ നിറച്ചുവച്ചു. ആദ്യം ആരാണതു കഴിച്ചു തീർക്കുന്നതെന്നായിരുന്നു മൽസരം. ഒരു ബുദ്ധിമാൻ സമീപത്തു കണ്ട മരത്തിൽനിന്നു രണ്ടു ചെറിയ കമ്പുകളൊടിച്ചു സംഭവം ഇളക്കി ചൂടാറിച്ചു കഴിച്ചു വിജയിയായത്രേ. കഥയായാലും ചരിത്രമായാലും ഇവിടെനിന്നാണു ക്വായ്‌സികൾ ചൈനീസ് വിരലുകൾക്കിടയിലേക്കു കയറുന്നത്. ചരിത്രം കണ്ടെടുത്ത ഏറ്റവും പഴയ ക്വായ്‌സികൾ ഓടുകൊണ്ടുള്ള രണ്ടെണ്ണമാണ്. എന്തായാലും ചൂടു ഭക്ഷണം കഴിക്കാനുള്ള ചൈനക്കാരുടെ ഇഷ്‌ടത്തിൽനിന്നാണ് ഇവ രൂപമെടുത്തതെന്നുറപ്പ്. ബിസി 21ാം നൂറ്റാണ്ടിൽ സിയ രാജവംശത്തിന്റെ കാലം മുതലേയുള്ള ക്വായ്‌സികൾ ഷാങ് രാജവംശത്തിന്റെ കാലത്താണത്രേ ഒരേ നീളമുള്ള ഇരുകോലുകളായി രൂപാന്തരപ്പെട്ടത്. പിന്നീട് ഇന്നു വരെ ചൈനക്കാരുടെ തീൻമേശകളിൽ ഇത് ഒഴിച്ചുകൂടാനാവാത്തതാണ്.

ഇതിന്റെ ഗുട്ടൻസ് ഒന്നു പഠിച്ചിട്ടുതന്നെ കാര്യമെന്നു വിചാരിച്ചാണു പുറത്തെ ഒരു കടയിൽ ഭക്ഷണം കഴിക്കാൻ കയറിയത്. ആളൊഴിഞ്ഞ മൂലയിലിരുന്ന് അഭ്യാസം തുടങ്ങി. കോലുകൾകൊണ്ടു ന്യൂഡിൽസ് എടുക്കുമ്പോഴാണു രസം. കെട്ടു പിണഞ്ഞ കാട്ടുവള്ളികൾപോലെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന മട്ടിലൊരു വടംവലി. ഈ പെടാപ്പാടു കണ്ടു ചിരിക്കാതെ ചിരിക്കുകയാണ് ഒരു റസ്‌റ്ററന്റ് ജീവനക്കാരൻ. അടുത്തു വന്നു ചോപ് സ്‌റ്റിക് പിടിക്കുന്ന വിധം കാണിച്ചു തന്നു. ഇതിൽ ഒരെണ്ണം അനക്കാതെവച്ചു മറ്റേ സ്‌റ്റിക് മാത്രമാണു വിരലുകൾകൊണ്ടു നിയന്ത്രിക്കുന്നത്. ശ്രമിച്ചു നോക്കിയപ്പോൾ നേരിയ പുരോഗതിയുണ്ട്. ഇതെല്ലാം കണ്ടു ജീവനക്കാരന്റെ നോട്ടം: ‘ഇതെന്താ പഠിക്കാനുള്ളത്. സിംപിളല്ലേ’ എന്ന മട്ട്. അണ്ണാൻകുഞ്ഞിനു മരം കേറാൻ എളുപ്പമാണെന്നുവച്ചു മുയലിനതു പറ്റുമോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചാൽ പിന്നെയതു മനസ്സിലാക്കിക്കൊടുക്കാൻ മഹായുദ്ധം വേണ്ടി വരും. അതിനു സമയമില്ല. കോലുപേക്ഷിച്ചു ഭക്ഷണം അകത്താക്കിയിട്ടു വേഗം സ്‌റ്റേഡിയത്തിലേക്കു നടന്നു.

ഹോട്ടലുകളിലൊക്കെ ഡിസ്‌പോസബിൾ ചോപ് സ്‌റ്റിക്കുകളാണ്. വീടുകളിലാണെങ്കിൽ അങ്ങനെയല്ല. രണ്ടു മൂന്നു വർഷമൊക്കെ ഉപയോഗിക്കുന്നവയുണ്ടാകും. കുഞ്ഞായിരിക്കുമ്പോഴേ ഇവ ഉപയോഗിച്ചു പഠിക്കും. വെള്ളമൊഴികെ എല്ലാം കോലുകൊണ്ടാണല്ലേ കഴിക്കുന്നതെന്ന ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു പരിണാമ ഗുപ്‌തി. ‘ചൂടുവെള്ളം ഇതുപയോഗിച്ചു ഞങ്ങൾ ഇളക്കി തണുപ്പിക്കാറുണ്ടല്ലോ.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com