sections
MORE

ആവി പറക്കുന്ന മന്തിയിൽനിന്ന് ചിക്കൻ തപ്പിയെടുക്കുമ്പോൾ മനസ്സും നാവും ‌ പറയും ആഹാ!

malappuram-neichor-beef-biriyaani
നെയ്ചോറും ചിക്കൻ ഫ്രൈയും
SHARE

കുഴികളിൽനിന്നു പൊങ്ങിവന്ന ആവി പറക്കുന്ന മന്തിയിൽനിന്ന് ചിക്കൻ തപ്പിയെടുത്ത് മയോണിസിൽ കുളിപ്പിച്ചു നേരെ വായിലേക്കു വയ്ക്കുമ്പോൾ... ആഹാ..  ഇന്നു നമ്മൾ കുഴിയെണ്ണാതെ മന്തിയും കഫ്സയും ബുഹാരി റൈസുമൊക്കെ സ്വാദോടെ അകത്താക്കുമ്പോൾ അൽപം മുൻപത്തെ കാലത്ത് ‌എന്തൊക്കെയാണ് കഴിച്ചിരുന്നതെന്ന് ഓർമയുണ്ടോ. അന്ന് ഹോട്ടലുകൾ ഏതെല്ലാം വിഭവങ്ങളാണ് വിളമ്പിയിരുന്നത്..  മലപ്പുറം രുചിയിലേക്ക് ചെറിയൊരു ഫ്ലാഷ് ബാക്ക്.

malappuram-kabsa
കബ്സ

ഒരു 10 വർഷമായതേയുള്ളൂ മന്തിയടക്കമുള്ള അറേബ്യൻ വിഭവങ്ങൾ മലപ്പുറത്തെ ഹോട്ടലുകളിൽ വിപ്ലവം തീർത്തിട്ട്. ഇന്ന് ഏതു മുക്കിലും മൂലയിലും സംഗതി റെഡി. ഇപ്പോൾ വീടുകളിൽ തന്നെയും ഉണ്ടാക്കിത്തുടങ്ങി. മുൻപ് മലപ്പുറത്തിന്റെ രുചിപ്പെരുമയിൽ നിറഞ്ഞു നിന്നിരുന്നൊരു താരമാണ് തേങ്ങാച്ചോറ്. വിരുന്നെത്തുന്നവരെയൊക്കെ സൽക്കരിച്ചിരുന്നത് തേങ്ങാച്ചോർ നൽകിയാണ്. വെള്ളം വറ്റിച്ചെടുത്ത മട്ടയരിയിൽ ചിരവിയ തേങ്ങയും ചെറിയ ഉള്ളിയും പെരുംജീരകവുമൊക്കെ ചേർത്താണ് തേങ്ങാച്ചോറ് ഉണ്ടാക്കുന്നത്. ബീഫ് കറിയാണ് കഴിക്കാൻ പറ്റിയ കൂട്ടാളി.

malappuram-thengachor-beef-fry
തേങ്ങാച്ചോറു ബീഫും

തൊണ്ണൂറുകളിലൊക്കെ വീടുകളിൽ വിരുന്നുകാർക്കു നൽകിയിരുന്നത് നെയ്ച്ചോറും നാടൻ കോഴി പൊരിച്ചതുമാണ്. ആരെങ്കിലും വന്നാൽ വീട്ടിൽ വളർത്തുന്ന കോഴികളിലൊന്ന് കറിക്കത്തിക്കിരയാകും. ഭക്ഷണത്തിനായി കോഴിയെ കടയിൽചെന്നു വാങ്ങാൻ തുടങ്ങുന്ന കാലത്തിനു മുൻപ് ആടായിരുന്നു തീൻ മേശയിലെ സർവാദരണീയനും പ്രമുഖനും. ആടു ബിരിയാണി ഉന്നത സ്ഥാനീയനും. അന്നൊക്കെ ഹോട്ടലുകളിൽ മട്ടൻ ചാപ്സായിരുന്നു ഏറ്റവും കൂടുതൽ വിറ്റു പോയിരുന്നത്. പണമുള്ളവൻ 2 പീസ് ചാപ്സ് കഴിക്കുമ്പോൾ സാധാരണക്കാരൻ ഒരു പീസിന്റെ ചാപ്സെങ്കിലും വാങ്ങിക്കഴിച്ചു. 

malappuram-chiken-biriyani
ചിക്കൻ മന്തി

പുട്ടും മട്ടൻ ചാപ്സും അല്ലെങ്കിൽ പൊറോട്ടയും മട്ടൻ ചാപ്സുമായിരുന്നു ഏറ്റവും കൂടുതൽ വിറ്റുപോയിരുന്നത്. തൊണ്ണൂറുകളുടെ പകുതിയോടെ ചിക്കൻ കയറി വരാൻ തുടങ്ങി. അതോടെയാണ് നാടൻ ആടു വിഭവങ്ങൾ ഹോട്ടലുകളിൽനിന്നു പടിയിറങ്ങിത്തുടങ്ങിയത്.അന്നൊക്കെ ഉപയോഗിച്ചിരുന്ന നാടൻ പലഹാരങ്ങളും ഏറെയും വിരമിച്ചു കഴിഞ്ഞു. പാൽവാഴക്ക, ഏലാഞ്ചി, വാഴക്കപ്പത്തിരി, വെട്ടള, വാഴയ്ക്കാപ്പം തുടങ്ങിയവയ്ക്കൊക്കെ പ്രചാരം കുറഞ്ഞു. 

malappuram-porotta-beef
പൊറോട്ടയും ബീഫും

മുൻപ് ഹോട്ടലുകളിൽ പ്രധാന കുക്ക് ആയിരുന്നു ഇവയൊക്കെ നിർമിച്ചിരുന്നത്. ഇന്ന് ഭൂരിഭാഗം ഹോട്ടലുകാരും ചെറുകടികൾ പുറത്തു നിന്ന് വാങ്ങുകയാണ്്. ഇനിയൊരു പത്തു വർഷം കഴിയുമ്പോഴേക്കും എന്തൊക്കെ പുതിയ രുചികൾ നമ്മൾ അറിയാനിരിക്കുന്നൂ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA