ADVERTISEMENT

കാട്ടുകോഴിക്കെന്ത്  സംക്രാന്തി എന്നൊക്കെ പലരും കളിയാക്കി പറയാറുണ്ട്. പക്ഷേ കാടിന്റെ വിലയറിയുന്ന, ഗോത്രസമൂഹത്തിന്റെ ആദിമ പാചക രീതികളറിയുന്ന ആരും ഈ പഴഞ്ചൊല്ലു  പ്രയോഗിക്കില്ല. കാട്ടുകോഴിയുടെ രുചി മനംമയക്കുന്നതാണ്. അത് ആദിവാസി സമൂഹത്തിന്റെ കൈപ്പുണ്യവും ചേർന്നാവുമ്പോൾ, ഒരു രക്ഷയുമുണ്ടാവില്ല.

മുള്ളുക്കുറുമരുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ് കോഴിക്കറി. വളർത്തുജീവികളിൽ കോഴികളെ മാത്രമാണ് കൊന്നു കറിവയ്ക്കുക. അതും പൂവൻകോഴിയെ മാത്രമേ കറി വയ്ക്കാവൂ എന്നാണ് വിശ്വാസം. കാലിൽ പിടിച്ചുറപ്പിച്ച് കഴുത്തു ഞെരിച്ചാണ് കോഴിയെ കൊല്ലുക. തൊലി കളഞ്ഞ് കത്തുന്നതീയിൽ ചുട്ടെടുക്കും. ഇതു ചെറുകഷ്ണങ്ങളായി മുറിച്ച് വെള്ളത്തിലിടും. ആവശ്യത്തിന് ഉപ്പ്, മുളക്, ഇഞ്ചി, കുരുമുളക്,  വെളുത്തുള്ളി,ചെറിയ ഉള്ളി, ജീരകം എന്നിവ ചേർക്കും. തിളച്ചു വരുമ്പോൾ ഉള്ളി വരട്ടി, കടുകുപൊട്ടിച്ച് വറുത്തുചേർക്കും.

കോഴിയെ കനലിൽ ചുട്ടെടുക്കുന്ന വിദ്യ അറിയുന്ന ഒരു ആദിവാസി വിഭാഗം നമ്മുടെ നാട്ടിലുണ്ട്. തിരുവനന്തപുരത്തെ അഗസ്ത്യാർകൂടത്തിനു തെക്ക് പഴയ തെക്കൻ തിരുവിതാംകൂർ പ്രദേശത്ത് ‘കാണി’ എന്ന സമുദായത്തിൽപ്പെട്ടവർ.ഇപ്പോൾ കന്യാകുമാരി റിസർവ് ഫോറസ്റ്റാണ് ഈ പ്രദേശം.

തണുപ്പു കിനിഞ്ഞിറങ്ങുന്ന രാത്രിയിൽ ആട്ടവും പാട്ടുമൊക്കെയായി കൂട്ടം കൂടിയിരിക്കുകയാണ് കാട്ടിലെ പതിവ്. നടുക്ക് ചൂടുകായാനെന്ന പോലെ മരക്കഷണങ്ങൾ കൂട്ടി തീയിട്ടിട്ടുമുണ്ട്. ഈ തീക്കനലിനകത്ത് നമ്മുടെ ചിക്കനെ ശരിപ്പെടുത്താനുള്ള ഒരു വിദ്യ തയാറായിക്കൊണ്ടിരിക്കുകയാണ്. വേറൊന്നുമല്ല; നല്ല വൃത്തിയുള്ള വലിയ ഉരുളൻ കല്ലുകൾ.

തീക്കനലിൽ കിടന്ന് കല്ലുകൾ ചുവന്നു തുടുത്ത‌ു വരും. അപ്പോഴേയ്ക്ക് ചുട്ടെടുക്കാനുള്ള കോഴിയെ ശരിപ്പെടുത്തി വയ്ക്കും.

നല്ല പഴുത്ത എരിവുള്ള മുളക‌ും കാട്ടിൽക്കിട്ടുന്ന ഇലക്കൂട്ടുകളും ചേർത്ത് അരച്ചെടുക്കും. നമുക്ക് പരിചിതമായ ജീരകവും നാരങ്ങാനീരും വെളുത്തുള്ളി അല്ലിയും ഉലുവച്ചീരയുമൊക്കെ ചേർക്കാം.

ഒന്നരക്കിലോയോളം വരുന്ന കോഴി വൃത്തിയാക്കിയെടുത്ത് നെടുകെ പിളരും. നട്ടെല്ല് നീക്കും. ഒരു കോഴി രണ്ടു വലിയ കഷണമാകും– പരന്ന രണ്ടു കഷണങ്ങൾ. ഒരു കഷണം മുക്കാൽ കിലോയോളം കാണും. ഓരോ കഷണത്തേയും മൂർച്ചയേറിയ കത്തികൊണ്ട് ആവശ്യത്തിനു ചെറുതായി മുറിക്കാം. തയാറാക്കി വച്ച മസാലക്കൂട്ട് പാകത്തിന് ഉപ്പൊക്കെ ചേർത്ത് ഇതിനുമുകളിൽ പുരട്ടിയെടുക്കും.

അപ്പോഴേക്ക് തീയിൽക്കിടന്ന‌ു കല്ലുകൾ ചുട്ടുപഴുത്തിട്ടുണ്ടാവും. വലിയ കുറച്ചു കല്ലുകൾ ഒരു നീളമുള്ള വടികൊണ്ട് പുറത്തേക്ക് മാറ്റുന്നു. കല്ലിനു മുകളിൽ തയാറാക്കിവച്ച കോഴിക്കഷണങ്ങൾ നിരത്തുന്നു. ഒരു കഷണം അങ്ങിട്ടാൽത്തന്നെ ശ്‍ശ്‍ശ്....എന്ന് പുകയുന്നതു കാണാം. കഷണങ്ങൾ കല്ലിനുമുകളിൽ നിരത്തിയ ശേഷം വീണ്ടും തീയിൽ നിന്ന് കല്ലുകൾ എടുത്ത് മുകളിൽ നിരത്തുന്നു. മുകളിലും താഴേയും ചുട്ടുപൊള്ളുന്ന കല്ലുകൾക്കിടയിൽക്കിടന്ന് കോഴിയുടെ കൊഴുപ്പുരുകി കനലിനു മീതെ പരക്കും. വേവുന്ന കോഴിയിറച്ചിയുടെയും ഉരുകുന്ന നെയ്യുടെയും മണം. ആളുന്ന അടുപ്പിൽ നിന്നുള്ള ചൂടിനെ നിഷ്പ്രഭമാക്കിക്കൊണ്ടു ഹൃദ്യമായ ഗന്ധം കാറ്റായ് പരക്കുന്നു.

മെല്ലെ കോഴിക്കഷണങ്ങളുടെ നിറം മാറും. ഡീപ്ഫ്രൈ ആക്കാതെയാണ് കോഴിയിറച്ചി കനലിൽ നിന്നു മാറ്റുന്നത്. തവിട്ടു നിറമായിരിക്കും കോഴിക്കഷണത്തിന്റെ പ്രതലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com