ADVERTISEMENT

പ്രാദേശിക രുചിവൈവിധ്യങ്ങളുടെ പിന്നാലെയാണു ലോകം മുഴുവനെന്നു ‘ഗോർമാൻഡ് വേൾഡ് കുക്ക്ബുക് അവാർഡ്’ നേടിയ കുമ്പളം റമദ റിസോർട്ട് എക്സിക്യൂട്ടീവ് ഷെഫ് സോജു ഫിലിപ്. ഫാസ്റ്റ് ഫുഡിന്റെ കാലം കഴിഞ്ഞു. ഇറ്റലിയിൽ 2000ൽ തുടക്കമിട്ട സ്ലോ ഫുഡ് പ്രസ്ഥാനം പച്ചപിടിച്ചു. യൂറോപ്പിലും അമേരിക്കയിലും അതതു ദിവസം തോട്ടത്തിൽ എന്തുണ്ടോ അതുപയോഗിച്ചു ഭക്ഷണം തയാറാക്കുന്ന രീതിവരെ വന്നു. 

നമ്മുടെ നാട്ടിലും ഇതിന്റെ പ്രതികരണമുണ്ടെന്നും സോജു പറഞ്ഞു. ധാന്യങ്ങളുടെ വൻതിരിച്ചുവരവാണു നമ്മുടെ നാട്ടിൽ. ഇന്ത്യൻ ഹോട്ടലുകളിൽ ധാന്യവിഭവങ്ങൾ കൂടുതലായി. ആരോഗ്യകരമായ ഭക്ഷണത്തിന്റെ കാര്യത്തിൽ ഹോട്ടലുകളും ഷെഫുകളും പ്രത്യേക പരിഗണന നൽകുന്ന കാലമാണിത്. 

‘ഓളങ്ങളുടെ രുചികൾ’ എന്ന പുസ്തകത്തിനാണു സോജു ഫിലിപ്പിന് അവാർഡ് ലഭിച്ചത്. കുട്ടനാടിന്റെ രുചിവൈവിധ്യങ്ങളാണ് പുസ്തകത്തിൽ. 60 ശതമാനം കുട്ടനാട്ടിലെ രുചി വൈവിധ്യത്തിനു നൽകിയപ്പോൾ 40 ശതമാനം പ്രകൃതിക്കു നൽകി. യാത്രാവിവരണ രീതിയിലാണു പുസ്തകാവതരണം. 7 വില്ലേജുകളിലൂടെയുള്ള യാത്ര, 100 ഡിഷുകൾ, അവ തയാറാക്കാനാവശ്യമായ കുറിപ്പുകൾ എന്നിവ അടങ്ങിയതാണു പുസ്തകം. 

തകഴി, ചമ്പക്കുളം, നെടുമുടി, കൈനകരി, കാവാലം, മങ്കൊമ്പ്, പുളിങ്കുന്ന് എന്നീ വില്ലേകളിലൂടെയുള്ള യാത്രയിൽനിന്ന് 12 ഇനം  നാടൻ പച്ചക്കറി വിഭവങ്ങളും പുസ്തകത്തിലേക്കു കയറിക്കൂടിയിട്ടുണ്ട്. ബാക്കിയെല്ലാം കരിമീൻ, താറാവ്, കൊഞ്ച്, കക്ക, ബീഫ് തുടങ്ങിയ ഇനങ്ങൾ. 7 വർഷമെടുത്തു പുസ്തകം പൂർത്തിയാക്കാൻ. പല പാചകക്കുറിപ്പടികളും തേടിപ്പിടിക്കേണ്ടിവന്നു. 

ചാനലുകളിലെ കുക്കറി ഷോകളിൽനിന്ന് പാചക പരിശീലനം പുസ്തകങ്ങളിലേക്കു മടങ്ങുന്നതാണു പുതിയ ട്രെൻഡ് എന്നാണു സോജുവിന്റെ അഭിപ്രായം. 

ഇന്ത്യക്കകത്തും പുറത്തും  കാൽ നൂറ്റാണ്ടായി അടൂർ കടമ്പനാട് സ്വദേശിയായ സോജു പാചക രംഗത്തുണ്ട്. 120 രാജ്യങ്ങളിൽനിന്നു മൽസരിച്ച പുസ്തകങ്ങളിൽനിന്നാണു സോജുവിന്റെ പുസ്തകം അവാർഡിനു തിര‍ഞ്ഞെടുത്തത്. കഴിഞ്ഞയാഴ്ച നടന്ന ചടങ്ങിൽ അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി. 

അവസരങ്ങൾ കൂടിയപ്പോൾ കഴിവുറ്റ ഷെഫുമാരുടെ എണ്ണം കുറയുന്നതാണ് അനുഭവം. 1990കളിൽ ബെംഗളൂരുവിൽ 5 പഞ്ചനക്ഷത്ര ഹോട്ടലുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 75 പഞ്ചനക്ഷത്ര ഹോട്ടലുകളും 500 മികച്ച ഹോട്ടലുകളുമുണ്ട്. അവസരം കൂടുമ്പോൾ മികച്ച നിലവാരമുള്ളവരെ കിട്ടാനില്ലെന്നതാണ് സ്ഥിതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com