sections
MORE

പത്തനംതിട്ടയുടെ വയറു നിറച്ച് കുടുംബശ്രീ രുചിമേളം

ഭക്ഷ്യമേള
കുടുംബശ്രീ ജില്ലാ മിഷന്റെയും നഗരസഭയുടേയും നേതൃത്വത്തിൽ പത്തനംതിട്ട ടൗൺഹാളിൽ നടക്കുന്ന ഭക്ഷ്യമേളയിൽ ഒരുക്കിയ വിഭവങ്ങൾ.
SHARE

തേങ്ങയരച്ച് വേവിച്ച കപ്പയുടെ മൂടി തുറന്നതേയുള്ളു, ഗുമുഗുമാ മണത്തോടെ ആവി പറക്കുന്നു. ആ കപ്പയിൽ ഇത്തിരിയെടുത്തു നല്ല ചൂട് എല്ലു കറിയിൽ മുക്കി നാവിലേക്കു വയ്ക്കുമ്പോൾ എന്റെ പൊന്നോ കണ്ണിലും വായിലും വെള്ളം നിറയും. നാടൻ എന്നു പറഞ്ഞാൽ ഇതാണ്. 

മല്ലിയും മുളകും പാകത്തിന്, ഇറച്ചിക്കൂട്ടിന്റെ മണവും രുചിയും മേമ്പൊടിക്ക്. ഈ ദിവസങ്ങളിൽ ടൗൺ ഹാളിന്റെ പരിസരത്തു കൂടി പോയാൽ ഹാളിലേക്ക് ഒരു സൈഡ് വലിവുണ്ടാകുമെന്ന് ഉറപ്പ്. ആ മണം ക്ഷണപ്പത്രമാണ്. നിരസിക്കാനാവാത്ത ക്ഷണം. വിശപ്പുണ്ടേൽ പിന്നെ പറയണ്ട, കയറിക്കഴിച്ചു പോകും. 

കുടുംബശ്രീയുടെ രുചിമേളത്തിൽ ആൾത്തിരക്കോടു തിരക്കാണ്. മുട്ട, മുളക്, ഏത്തക്കാ ബജികൾ, കട്‌ലറ്റ്, ചുക്ക് കാപ്പി, ചായ എന്നിവയിൽ തുടങ്ങും രുചിമേളത്തിലെ വിഭവ മേളം. അതു കഴിഞ്ഞാൽ, പുലാവും ബീഫും. ധം ബിരിയാണിയെന്നു പറഞ്ഞാൽ  തനിക്കോഴിക്കോടൻ എന്നു പറയും കുടുംബശ്രീ ചേച്ചിമാർ. 

മലബാർ രുചിപ്പെരുമ കഴിഞ്ഞാൽ പിന്നെ തിരുവതാംകൂർ ഐറ്റങ്ങളാണ്. 3 ദിവസത്തിനുള്ളിൽ പത്തനംതിട്ടക്കാർ ഭക്ഷ്യമേളയെ നെഞ്ചേറ്റി. ജനത്തിരക്ക് പരിഗണിച്ച് കൂടുതൽ മേളകൾ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നു കുടുംബശ്രീ മിഷൻ കോ ഓർഡിനേറ്റർ കെ. വിധു പറഞ്ഞു. 

കുടുംബശ്രീ യൂണിറ്റുകൾ ഉണ്ടാക്കുന്ന വിവിധ തരം ഉപ്പേരികൾ, പക്കാവട, മുറുക്ക് എന്നിവയും അച്ചാറ്, ചമ്മന്തിപ്പൊടി, മുളകു പൊടി, ചക്കിലാട്ടിയ വെളിച്ചെണ്ണ എന്നിവയും വിൽപനയ്ക്കുണ്ട്. ചിരട്ടകൊണ്ടുള്ള കരകൗശല വസ്തുക്കൾ, പാചകത്തിന് ഉപയോഗിക്കുന്ന ചട്ടികൾ, ഇരവിപേരൂർ അരി, കൊടുമൺ അരി എന്നിവയും വിൽപനയ്ക്ക് വച്ചിട്ടുണ്ട്. 

മേള നാളെ സമാപിക്കും. രാവിലെ 11 മുതൽ രാത്രി ഒൻപതുവരെയാണ് പരിപാടി. തിരക്കു കാരണം ഭക്ഷണം തീരുന്നതിനാൽ പലപ്പോഴും ഒൻപതുവരെ പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നു സിഡിഎസ് ചെയർപഴ്സൺ മോനി വർഗീസ് പറഞ്ഞു. ദിവസം 70,000 രൂപവരെ മേളയിൽ വിറ്റുവരവുണ്ടെന്നു ജില്ലാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ സലീന സലീമും സിറ്റി മിഷൻ കോ ഓർഡിനേറ്റർ വി.സുനിതയും പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA