ADVERTISEMENT

ബോംബെ കുൽഫി എന്നു പറയുമ്പോഴേ മധുരപ്രിയരുടെ നാവിൽ കപ്പലോടും! തണുപ്പിന്റെ മധുരത്തിൽ ഐസ്ക്രീമിനെ വെല്ലാൻ ആരുണ്ട് എന്നു ചോദിച്ചാൽ ഇന്ത്യക്കാർക്കു പറയാൻ ഒരേയൊരു രുചിയേയുള്ളൂ. അതാണ് കുൽഫി. നല്ല സ്വാദുള്ള കുൽഫി കഴിക്കാൻ മുംബൈ എന്ന പഴയ ബോംബെയിലേക്കു വണ്ടി പിടിക്കാൻ നിൽക്കണ്ട. ഇപ്പോൾ കേരളത്തിലും സ്വാദേറും കുൽഫിയുടെ രുചി അറിയാം. കൊച്ചി കത്രിക്കടവിലുള്ള ബോംബെ കുൽഫി തന്നെ ഉദാഹരണം. മുപ്പതിലധികം രുചികളിൽ ഇവിടെ നിന്നു കുൽഫി നുണയാം.

പാലിൽനിന്നുണ്ടാക്കുന്ന നല്ല തണുപ്പിച്ച ഡെസേർട്ട് എന്നു ഒറ്റവരിയിൽ കുൽഫിയെ പരിചയപ്പെടുത്താം. പക്ഷേ, രുചിയെക്കുറിച്ചു പറയണമെങ്കിൽ ഒരു വരി മതിയാകില്ല. നാവിൽ വച്ചാൽ പട്ടു പോലെ തോന്നും. അത്രയും മൃദുലമാണ് കുൽഫിയുടെ രുചിക്കൂട്ട്. കൊച്ചിയിലുള്ള ബോംബെ കുൽഫി കോയമ്പത്തൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭക്ഷണ ശൃംഖലയുടെ ഭാഗമാണ്. ഇന്ത്യയിൽ വിവിധ ഇടങ്ങളിലായി അൻപതോളം ശാഖകൾ ബോംബെ കുൽഫിക്കുണ്ട്. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ ഔട്ട്‌ലെറ്റുകളുണ്ട്. 

ബോംബെ കുൽഫി ഔട്ട്‌ലെറ്റിൽ ഏറ്റവും ആരാധകരുള്ളത് മാംഗോ കുൽഫിക്കാണ്. കൊതിപ്പിക്കുന്ന മാമ്പഴനിറത്തിലുള്ള കുൽഫി രുചിയിലും വമ്പൻ ആണ്. ആരായാലും ഒന്നിൽക്കൂടുതൽ കഴിച്ചു പോകും. അൽഫോൻസാ മാമ്പഴത്തിന്റെ രുചിയിലാണ് ഈ കുൽഫി തയാറാക്കിയിരിക്കുന്നത്. ഉപ്പും മുളകും ചേർത്ത് വിളമ്പുന്ന പേരയ്ക്ക കുൽഫി ഇവിടുത്തെ സ്പെഷൽ വിഭവമാണ്, എല്ലാ സീസണിലും ലഭ്യമല്ല. ഒരൽപം വൈവിധ്യമുള്ള രുചി കഴിച്ചു നോക്കാൻ താൽപര്യമുണ്ടെങ്കിൽ പരീക്ഷിക്കാവുന്ന ഒന്നാണ് കൽക്കത്ത പാൻ കുൽഫി, ഇളം പച്ചനിറത്തിലുള്ള പാൻ കുൽഫിക്കും നിറയെ ആരാധകരുണ്ട്. മലയാളികൾക്ക് പ്രിയങ്കരമായ ഇളനീർ രുചിയിലും കുൽഫി ലഭ്യമാണ്. 

ജിജോ ജോർജ് മഡോണയാണ് ബോംബെ കുൽഫിയുടെ കൊച്ചിയിലെ ഔട്ട്‌ലെറ്റ് ഏറ്റെടുത്തു നടത്തുന്നത്. കുൽഫി രുചി നുണയാൻ സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ എത്താറുണ്ടെന്ന് ജിജോ പറയുന്നു. കൊച്ചിക്കാരുടെ പുതിയ ഹാങ് ഔട്ട് സ്പോട്ട് ആയി മാറുകയാണ് ബോംബെ കുൽഫി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com