ADVERTISEMENT

വ്യത്യസ്ത രുചി തേടി പല സ്ഥലങ്ങളിൽ, പല കടകളിലും പോയിട്ടുണ്ടെങ്കിലും ഇത്രയും ആവേശത്തോടെ മറ്റൊരിടത്തു നിന്നും കഴിച്ചിട്ടില്ല. ദിവസത്തിൽ ശരാശരി രണ്ടു തവണയെങ്കിലും ചങ്ങനാശേരിക്കും കോട്ടയത്തിനുമിടയിൽ യാത്ര ചെയ്തിട്ടും ഈ കട നേരത്തെ കാണാതെ പോയതിൽ ദുഖവും ഉണ്ട്. എംസി റോഡിൽ മതുമൂലയ്ക്കും പാലാത്ര ബൈപ്പാസിനും ഇടയിൽ ബിഎസ്എൻഎൽ ടവറിനു സമീപം പരസ്യബോർഡുകൾ കൊണ്ടു മറ തീർത്ത, ആരുടെയും ശ്രദ്ധ പെട്ടെന്ന് എത്താത്ത വീടിന്റെ ഒരു വശത്താണ് കഥാനായകൻ സേവ്യർ ചേട്ടന്റെ കടയുള്ളത്. പൊറോട്ടയും ബീഫുമാണ് കടയിലെ ഹൈലൈറ്റ്. പ്രത്യേക പേരോ ബോർഡുകളോ ഇല്ലാത്തതിനാൽ 2 ദിവസത്തെ തിരച്ചിലിനൊടുവിലാണ് കട കണ്ടെത്തിയത്.  

സുഹൃത്തിനൊപ്പം ഗേറ്റ് കടന്ന് ചെന്നപ്പോൾ ചാക്കുകളിൽ നട്ടുവളർത്തിയിരിക്കുന്ന ചേനയുടെ പരിപാലനത്തിലായിരുന്നു സേവ്യർ ചേട്ടൻ. ഞങ്ങളെക്കണ്ടപ്പോൾ കൃഷി പരിപാലനം അവസാനിപ്പിച്ചു വീടിനോടു ചേർന്നുള്ള പാചകപ്പുരയിലേക്ക് കയറി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ആവശ്യം ചോദിച്ചറിഞ്ഞ ശേഷം നേരത്തെ തന്നെ പകുതി പാകമാക്കി വച്ചിരുന്ന പോത്തിറച്ചി പാത്രത്തിലേക്ക് മാറ്റി അടുപ്പിലേക്ക് വച്ച് പാചകം ആരംഭിച്ചു. ഇതിനിടയിൽ ഫ്രിഡ്ജിനുളളിൽ നിന്നും  കുഴച്ച്, ചെറിയ ഉരുളകളാക്കി  വച്ചിരുന്ന മൈദ എടുത്ത് പൊറോട്ടയ്ക്കായി അടിച്ചു പരത്തി. അര മണിക്കൂറിനുള്ളിൽ പൊറോട്ടയും പോത്ത് കറിയും റെഡി. തുടർന്ന് സേവ്യറേട്ടനെ പ്രസിദ്ധനാക്കിയ മിക്സിങ്ങിന്റെ ഊഴം. പൊറോട്ടയുടെ മുകളിൽ കറി, വീണ്ടും മുകളിൽ പൊറോട്ട എന്ന രീതിയിൽ ഓർഡർ ചെയ്തവ  പാഴ്സലാക്കി കയ്യിൽ തന്നു. 

xaviour-02

"റോഡിനായി സ്ഥലം വിട്ടു കൊടുത്തപ്പോൾ ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഇല്ലാതായതിനാൽ പാഴ്സൽ ഓർഡർ മാത്രമേ സ്വീകരിക്കുന്നുള്ളൂ. ഒത്തിരി ആളുകളെ പറഞ്ഞു വിടരുതേ മക്കളേ, എല്ലാവരെയും ഉൾക്കൊള്ളാനാവില്ല. പിന്നെ ഞാൻ മാത്രമല്ലേ ഉള്ളൂ എല്ലാ ജോലിയും ചെയ്യാൻ!"

കടയിൽ നിന്നും ഇറങ്ങിയപ്പോൾ സേവ്യർ ചേട്ടൻ പറഞ്ഞത് ഇങ്ങനെയാണ്.

.....

പക്ഷേ പാഴ്സൽ തുറന്ന് ഭക്ഷണം കഴിച്ചപ്പോൾ എന്തെങ്കിലും പറയാതിരുന്നാൽ മോശമാണെന്നു തോന്നിയതുകൊണ്ട് ഇത്രയും എഴുതിയതാണ്.

ഒരു രക്ഷയുമില്ല, സേവ്യറേട്ടാ, നിങ്ങൾ പുലിയാണ്. ഗംഭീരം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com