ADVERTISEMENT

ബർഗർ മാത്രം വിറ്റ് 20 വർഷം. ഇക്കാലമത്രയും കടയെ മറക്കാത്ത എത്രയോ പേർ. സ്വന്തം വീടുപോലെ വന്നു കഴിക്കുന്ന എത്രയോ പുതിയ തലമുറക്കാർ. മലയാളിക്കു പരിചിതമല്ലാത്ത കാലത്ത് തൃശൂരിൽ ബർഗറുമായി കച്ചവടത്തിനെത്തിയ ഹനീഫയെന്ന പയ്യൻ ഇന്നും ബർഗറുകളല്ലാതെ ഒന്നും സ്വപ്നം കാണുന്നില്ല. ഓരോ ബ്രെഡിനുള്ളിലും സ്നേഹംകൂടി വച്ചാണയാൾ കച്ചവടം നടത്തുന്നതെന്നു തോന്നും. രാജ്യാന്തര ഭീമന്മാരും നാട്ടിലെ വലിയ കച്ചവടക്കാരും ചുറ്റും വന്നിട്ടും കച്ചവടത്തിനു കുറവൊന്നുമില്ലാതെ ‘ബർഗൻ ഇൻ’ തൃശൂർ കിഴക്കേകോട്ടയിൽ സ്വാദോടെ നിൽക്കുന്നു.

ഗൾഫിൽ ബർഗർ ഉണ്ടാക്കാൻ പഠിച്ച എൻ.കെ.ഹനീഫ നാട്ടിലെത്തിയതു ബർഗർ വിൽക്കണമെന്ന മോഹത്തോടെത്തന്നെയാണ്. പലരും പറഞ്ഞു, അതൊന്നും ക്ലച്ചു പിടിക്കില്ലെന്ന്. പക്ഷെ നല്ല ബ്രെഡും ഉരുളക്കിഴങ്ങു ചിപ്സും തിരഞ്ഞു കണ്ടെത്തി ഹനീഫ ബർഗർ കച്ചവടം തുടങ്ങി.ആദ്യമെല്ലാം പരീക്ഷണമായിരുന്നു. ബ്രെഡുണ്ടാക്കുന്നവരെ കണ്ടു തനിക്കുവേണ്ട പതുപതുപ്പോടെ ബ്രെഡുണ്ടാക്കാൻ പറഞ്ഞു. നല്ല ചിപ്സ് തിരഞ്ഞു കണ്ടെത്തി. 

ഇപ്പോൾ ബർഗർ ഇന്നിൽ 24 തരം ബർഗറുണ്ട്.15 തരം സാൻഡ്‌വിച്ചും. പുതിയ ഹരമായ സിംഗറുണ്ട്. ചിക്കൻ പാളികളായി മുറിച്ചെടുത്തു മസാല പുരട്ടി 3 മണിക്കൂർവച്ച ശേഷം മുട്ടയുടെ വെള്ളയിൽ വീണ്ടും കുതിർത്തുന്നു. അതിനുശേഷം പ്രത്യേക തരം കോട്ടിങ് പൗഡറിട്ടു കറുമുറെ വറുത്തെടുക്കുന്നു. ഇതാണു സിംഗറിൽ ബ്രെഡിനു നടുവിൽ വയ്ക്കുന്നത്. ഇതുതന്നെ നീളത്തിലുള്ള ബ്രെഡിനിടയിൽവച്ചു സാൻഡ്‌വിച്ചായും തരും. ഇപ്പോൾ മസാല വരുത്തുന്നതു ഗൾഫിൽനിന്നാണ്. 

സോസേജുകൾക്കായി പലരും ഇന്നും അന്വേഷിച്ചുവരുന്ന സ്ഥലമാണിത്. ചിക്കൻ സോസേജായും ക്ലബ് സാൻഡ്‌വിച്ചിനു നടുവിൽവച്ചും കിട്ടും.സ്മോക്ക്ഡ് ബർഗറാണു അടുത്തകാലത്തു വന്നൊരു അതിഥി. എണ്ണയിൽ പൊരിക്കാത്ത മാംസം വച്ച ബർഗറാണിത്.നടുവിലെ മാംസം വെള്ള പുരട്ടി ബെയ്ക്ക് ചെയ്ത് എടുക്കുകയാണ്. നഗട്ട്സ് പോലുള്ള വെജിറ്റേറിയൻ വിഭാഗവും ബർഗർ ഇന്നിലുണ്ട്. വിലതന്നെയാണു ബർഗർ ഇന്നിനെ ഇന്നും പുതുതലമുറയുടെ പ്രിയപ്പെട്ട ഔട്ട്​ലെറ്റായി നിലനിർത്തുന്നത്. ചിക്കൻ ബർഗർ തുടങ്ങുന്നത് 90 രൂപയിലാണ്.

വെജ് 80 രൂപയിലും. ചെറിയ പോക്കറ്റിനും രുചി നോക്കാനാകും. ഓരോ ദിവസവും സ്വാദു നോക്കിയിരിക്കണം. ഓരോ ദിവസവും പുതിയ ഗുണവും സ്വാദുമുള്ള ചിപ്സും ബ്രെഡും പച്ചക്കറികളും മസാലയും വരുന്നുണ്ടോ എന്നു നോക്കണം. സ്വാദുതന്നെയാണു ഇപ്പോഴും ഈ കടയെ പ്രിയപ്പെട്ടതാക്കുന്നത് – ഉടമ ഹനീഫ പറഞ്ഞു.

ബെംഗളൂരുവിലും മലപ്പുറത്തും ഫ്രാഞ്ചൈസികൾ തുറക്കുകയാണ്. എറണാകുളത്തു തുറന്നുകഴിഞ്ഞു. സ്വാദു പിടിച്ച പലരും ക്ഷണിച്ചുകൊണ്ടു പോകുകയായിരുന്നു. പുതിയ റസ്റ്ററന്റ് തുടങ്ങാനും മറ്റും പലരും വിളിച്ചുവെങ്കിലും ബർഗറിന്റെ രുചിയുമായി മുന്നോട്ടുപോകാൻ ഹനീഫ തീരുമാനിക്കുകയായിരുന്നു.. തുറക്കുന്ന ഫ്രാഞ്ചൈസികളും ചെറിയ കടകൾതന്നെയാണ്. വലിയ രുചിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com