sections
MORE

ഞങ്ങൾ കോഴിക്കോട്ടുകാർക്ക് ഭക്ഷണം കഴിക്കുന്നതും കഴിപ്പിക്കുന്നതും ഒരാഘോഷമാണ് : സുരഭി ലക്ഷ്മി

സുരഭി ലക്ഷ്മി
സുരഭി ലക്ഷ്മി
SHARE

കൊതികളുടെ ദമ്മു പൊട്ടുന്ന കൂറ്റനൊരു ബിരിയാണിച്ചെമ്പാണ് കോഴിക്കോട്. അതിന്റെ മണം ഒരു ജിന്നിനെപ്പോലെ കോഴിക്കോട്ടെ ഓരോ മനുഷ്യനെയും പിന്തുടരും; ദുനിയാവിലെവിടെയും. ഒന്നു കണ്ണടച്ചാൽ അവർക്കാ ജിന്നിനെ മനസ്സുകൊണ്ടു തൊടാം, അതിന്റെ മാന്ത്രികപ്പരവതാനിയിലേറി നൊടിയിടയിൽ വീട്ടടുക്കളയിലേക്കോ ചായപ്പീടികകളിലേക്കോ സർക്കീട്ടടിക്കാം. അലുവയും സർബത്തും ഐസൊരതിയും നുണഞ്ഞ് ബീച്ചിൽ നടക്കുന്നതായോ മൂക്കുമുട്ടെ ബിരിയാണി തിന്ന് മാനാഞ്ചിറയിൽ കാറ്റുകൊള്ളുന്നതായോ സ്വപ്നം കാണാം. 

സുരഭി ലക്ഷ്മി
സുരഭി ലക്ഷ്മി

തികഞ്ഞ കോഴിക്കോട്ടുകാരിയാണ് സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ്, മിനിസ്ക്രീനിലെ പ്രകടനത്തിലൂടെ കുടുംബങ്ങൾക്കു പ്രിയപ്പെട്ട താരം. കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിയായ സുരഭി, സ്വാദിന്റെ ഇതിഹാസമായ തന്റെ നാടിനെപ്പറ്റിയും അതൊരുക്കുന്ന രുചികളെപ്പറ്റിയും സംസാരിക്കുന്നു

ചേച്ചിയുടെ കൈപ്പുണ്യം

വീട്ടിലെ ഏറ്റവും നല്ല പാചകക്കാരി എന്റെ മൂത്ത ചേച്ചി സുബിതയാണ്. പുള്ളിക്കാരി മിനിറ്റുകൾക്കുള്ളിൽ ഫുഡ് ഉണ്ടാക്കും. അത് പുള്ളിക്കാരിക്ക് ഒരു ലഹരിയാണ്. ഞങ്ങളൊക്കെ എത്തിക്കഴിഞ്ഞാൽ ചേച്ചി മിനിറ്റുകൾക്കുള്ളിൽ ഭക്ഷണം റെഡിയാക്കും. നാടൻ വിഭവങ്ങളാണ് എനിക്കിഷ്ടം. ഇറച്ചിയും മീനുമായാലും ചക്കക്കുരുമുരിങ്ങക്കാക്കറിയായായാലും നാടൻ രീതിയിൽ വയ്ക്കുന്നതാണ് എനിക്കിഷ്ടം. ഞാനും പാചകം ചെയ്യാറുണ്ട്. അത്യാവശ്യം കാര്യങ്ങളൊക്കെ അറിയാം. ഭക്ഷണം ഉണ്ടാക്കാൻ വളരെ ഇഷ്ടമാണ്. പക്ഷേ പലപ്പോഴും സമയം കിട്ടാറില്ല. ഭക്ഷണം വളരെ കുറച്ചേ കഴിക്കാറുള്ളൂ. പക്ഷേ എല്ലാം കഴിക്കും. കുറേക്കാലം കഴിക്കാൻ പറ്റാതിരുന്ന എന്തെങ്കിലും കിട്ടിയാല്‍ ഭയങ്കര ആക്രാന്തമായിരിക്കും. ചേച്ചിമാരുണ്ടാക്കുന്ന ഭക്ഷണത്തിനു മുന്നിൽ മാത്രം എന്റെ ഡയറ്റ് തെറ്റാറുണ്ട്. എന്റെ രണ്ടാമത്തെ ചേച്ചി, സുമി നന്നായി മോഡേൺ വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്.

sisters
സുരഭി ലക്ഷ്മി, സുമിത അഖിൽ, സുബിത സന്തോഷ്

ഞങ്ങൾക്ക് ഭക്ഷണം ആഘോഷമാണ്

ഞങ്ങൾ കോഴിക്കോട്ടുകാർക്ക് ഭക്ഷണം കഴിക്കുന്നതും കഴിപ്പിക്കുന്നതും ഒരാഘോഷം പോലെയാണ്; തൃശ്ശൂർകാർക്ക് പൂരം പോലെ. രാത്രിയിൽ പോലും ഹോട്ടലുകളിൽ സ്ത്രീകളും കുട്ടികളും കുടുംബവും എല്ലാമായി നല്ല തിരക്കായിരിക്കും. ഹോട്ടലുകളും ചെറിയ കടകളുമൊക്കെ മിനിമം ഗ്യാരന്റിയുള്ള ഭക്ഷണമാണ് കൊടുക്കുന്നത്. പാരഗൺ, റഹ്മത്ത്, നന്മ, അംബിക, അമ്മ എന്നീ ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കാറുണ്ട്. നാടൻ ഹോട്ടലുകളും ധാരാളം, ഞങ്ങളുടെ വീടിനടുത്തുള്ള ബ്രദേഴ്സ് ഹോട്ടലിലെ പൊറോട്ടയും ചിക്കൻ കറിയും ബീഫ് കറിയുമൊക്കെ നല്ലതാണ്. 

സുരഭി ലക്ഷ്മി
സുരഭി ലക്ഷ്മി

ഭക്ഷണത്തെ ഞാൻ ദൈവത്തെപ്പോലെയാണ് കാണുന്നത്. ഭക്ഷണത്തിനു വേണ്ടിയാണല്ലോ നമ്മൾ ജോലി ചെയ്യുന്നത്. ഭക്ഷണവും വെള്ളവും ഇല്ലെങ്കിൽ നമ്മുടെയൊക്കെ തനി സ്വരൂപം വെളിയിൽ വരും. ഭക്ഷണത്തിന്റെ കാര്യത്തിലെ വേർതിരിവ് എനിക്ക് സഹിക്കാൻ പറ്റില്ല. വലിയവനും ചെറിയവനും ഒരേപോലെ ഭക്ഷണം കിട്ടണം. ഭക്ഷണം കിട്ടാതെ ആരും ബുദ്ധിമുട്ടരുത് എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. രാത്രി യാത്രകളിലെല്ലാം നല്ല വഴിയോര തട്ടുകടകളിൽ നിറുത്തിയിട്ട് ഒരു ഓംലേറ്റും കട്ടൻ കാപ്പിയും കഴിക്കുന്നൊരു ശീലമുണ്ട്, ഒറ്റയ്ക്കു ഡ്രൈവ് ചെയ്തു പോകുമ്പോഴും കൂട്ടുകാരുമൊത്താണെങ്കിൽ അവരെ കൊണ്ടും കഴിപ്പിക്കും. തട്ടുകടയിലെ ചായയും എണ്ണ പലഹാരങ്ങളും ഇഷ്ടമാണ്.

സുരഭി ലക്ഷ്മി
സുരഭി ലക്ഷ്മി

സ്കൂളിലെ ചെറുപയറും ഉച്ചക്കഞ്ഞിയും

കുട്ടിക്കാലത്തെ ഭക്ഷണ ഓർമകൾ ഒരുപാടുണ്ട്. പ്രത്യേകിച്ച് നോമ്പുകാലത്ത് കഴിക്കുന്നവ. നമ്മുടെ അയൽക്കാരൊക്കെ നോമ്പുകാലത്ത് ഉണ്ടാക്കിയിരുന്ന നോൺവെജ് വിഭവങ്ങളുടെ രുചി നാവിൽ ഇപ്പോഴുമുണ്ട്. ആമിനതാത്തയുടെ തരിക്കഞ്ഞി, ചാലിലെ അമ്മാന അമ്മ ഉണ്ടാക്കിയിരുന്ന മാങ്ങാക്കൂട്ടാൻ, സ്കൂളില്‍നിന്ന് കഴിച്ചിരുന്ന ചെറുപയറും ഉച്ചക്കഞ്ഞിയും അങ്ങനെ... അതിനൊരു പ്രത്യേക സ്വാദാണ്. പിന്നെ കർക്കടകത്തിലെ  നവധാന്യകഞ്ഞി ഏറെ ഇഷ്ടമാണ്.

വീണ്ടും വീണ്ടും കഴിക്കാൻ ഇഷ്ടം

വീണ്ടും വീണ്ടും കഴിക്കുന്നതും മടുപ്പു തോന്നാത്തതും ഓംലറ്റ് ആണ്. ഉണ്ടാക്കാനും എളുപ്പം. പിന്നെയുള്ളത് ‘പന’. പലരും കഴിച്ചിട്ടുണ്ടാവില്ല. പന വെട്ടി അതിന്റെ കാമ്പെടുത്ത് ഉണക്കി മില്ലിൽ കൊണ്ടു പോയി പൊടിച്ച് അതുകൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാണ്. അതുകൊണ്ടാണ് പയ്യെത്തിന്നാൽ പനയും തിന്നാം എന്ന അർഥം വരുന്ന പഴഞ്ചൊല്ല് ഉണ്ടായത്. കാരണം അത്രയും ക്ഷമ വേണം പന ഉണ്ടാക്കാൻ. എല്ലാ ഭക്ഷണവും കഴിച്ചു നോക്കാനെനിക്ക് ഇഷ്ടമാണ്. പക്ഷേ ഒരു ഇന്ത്യൻ ടേസ്റ്റ് വന്നാലേ എനിക്കതിനോട് ഒരിഷ്ടം തോന്നൂ.

family
സുരഭി ലക്ഷ്മിയും സഹോദരങ്ങളും അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം, മൂത്ത ചേച്ചിയുടെ മകളുടെ കല്ല്യാണ വേളയിൽ എടുത്ത ചിത്രം

അമേരിക്കയിലെ ചൈനീസ് പരീക്ഷണം

ഞാൻ യുഎസിൽ പോയപ്പോൾ ചൈനീസ് ഭക്ഷണം കഴിച്ചു. നമുക്ക് ഇവിടെ കിട്ടുന്ന ചൈനീസ് ഭക്ഷണമല്ല അത്. ഉപ്പും മുളകും ഒന്നുമിടാതെ ചിക്കനും മീനും ചെമ്മീനുമൊക്കെ വെറുതെ വേവിച്ച് വച്ചതായിരുന്നു. ഫ്രൈഡ് റൈസ് എങ്കിലും കഴിക്കാല്ലോ എന്നു കരുതി പോയതാണ്. എല്ലാം തലതിരിഞ്ഞ് ഒന്നും കഴിക്കാൻ പറ്റാതെയായി. ചൈനീസ് ഫുഡ് തന്നെ വെറുത്തു. അപ്പോഴാണ് മനസ്സിലായത് നമ്മൾ ഇവിടെയുണ്ടാക്കുന്ന ഫുഡ് ചൈനീസ് അല്ല, ഇന്ത്യൻ ചൈനീസ് ആണെന്ന്.

ലൊക്കേഷനിലെ ഫുഡ് പോലെ

സിനിമാ ലൊക്കേഷനിൽ പ്രത്യേകിച്ച് രുചി അനുഭവം എന്നൊന്നുമില്ല. എല്ലാ സിനിമാ ഫുഡും ഏകദേശം ഒരു പോലെയായിരിക്കും അത് വേറൊരു പ്രത്യേക രുചിയായിരിക്കും. മറ്റൊരിടത്ത് നിന്നു കഴിക്കുമ്പോൾ നമ്മൾ പറയും ഇത് സിനിമാ ലൊക്കേഷനിലെ ഫുഡ് പോലെയുണ്ടല്ലോ എന്ന്. അല്ലാതെ മറക്കാൻ പറ്റാത്തതായൊന്നുമില്ല. എപ്പോഴും കഴിക്കുന്നതുകൊണ്ടാകാം അങ്ങനെ തോന്നുന്നത്. സിനിമാ ലൊക്കേഷനിൽ നിന്ന് കുറേക്കാലം വിട്ടു നിൽക്കുമ്പോൾ സ്പെഷലായി തോന്നുമായിരിക്കും. ഇപ്പോൾ ദിവസവും കഴിച്ചുകൊണ്ടിരിക്കുന്നത് സിനിമാ ഫുഡ് ആയതുകൊണ്ട് അങ്ങനെ പ്രത്യേകതയൊന്നും തോന്നിയിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA