ADVERTISEMENT

ചാവക്കാടുനിന്നു ബസ് കയറി മട്ടൻ ചാപ്സും പൊറോട്ടയും കഴിക്കാൻ തൃശൂരി‍ൽ വന്നൊരു കാലമുണ്ടായിരുന്നു. അത്രയേറെ പേരു കേട്ടതാണു അലങ്കാറിലെ മട്ടണും പൊറോട്ടയും. പിന്നീടു മട്ടണിൽ നിന്നു ബീഫിലേക്കും ചിക്കനിലേക്കും ര‌ുചി മാറിയപ്പോൾ അലങ്കാറും രുചി മാറ്റിപ്പിടിച്ചു. ചൂടു പൊറാട്ട അപ്പോഴും കൂടെത്തന്നെ നിന്നു. 50 വർഷത്തോളം പഴക്കമുണ്ട് തൃശൂർ കോർപറേഷൻ ഓഫിസിനടുത്തു പോസ്റ്റോഫീസ് റോഡിലെ അലങ്കാർ ഹോട്ടലിന്. ഇന്നും ബീഫ് ഫ്രൈയും പൊറോട്ടയും കഴിക്കേണ്ടവർ ഇവിടെ വരും.

porotta-making
മുനിസിപ്പൽ റോഡ് ജംക്ഷനിൽ അലങ്കാർ ഹോട്ടലിൽ പൊറോട്ട ഉണ്ടാക്കുന്ന ജീവനക്കാരൻ. സമീപം ആരിഫ്.

7 മണിക്കു അപ്പവും ഇഡ്ഡലിയും ദോശകളും മുട്ട റോസ്റ്റും മീൻകറിയുമായാണു അലങ്കാർ തുറക്കുക. 8 മണിക്കു ചൂടു പൊറോട്ടയും ബീഫ് ഫ്രൈയും പുറത്തുവരും. പിന്നെ രാത്രി 11വരെ പൊറോട്ട തന്നെയാണു താരം. ഇന്നും ഓർഡർ കിട്ടിയ ശേഷം ചുട്ടെടുക്കുന്ന പൊറോട്ടയാണു വിളമ്പുന്നത്. മുഴുവനായും അടിച്ചുവയ്ക്കുന്ന പതിവും ഇല്ല. അപൂർവം ചിലപ്പോൾ മാത്രം ഉണ്ടാക്കിയതു നൽകും.അതും വളരെ കുറച്ചു സമയം മുൻപുണ്ടാക്കിയത്.

മദ്രാസ് കഫെയെന്ന വെജിറ്റേറിയൻ റസ്റ്ററന്റ് വാങ്ങിയ വി.കുഞ്ഞുമൊയ്തീൻ ഹാജി ടൂറിസ്റ്റ് ഹോട്ടൽ എന്നു പേരുമാറ്റി കട തുടങ്ങി. അതാണു പിന്നീടു ഒന്നുകൂടി പൂട്ടി തുറന്നപ്പോൾ അലങ്കാറായത്. അതോടെ ഹാജിയെ അലങ്കാർ ഹാജി എന്നു വിളിക്കാനും തുടങ്ങി. ഇന്നും ബീഫ് ഫ്രൈയ്ക്ക് ഉപയോഗിക്കുന്നതു അലങ്കാർ തുടങ്ങിയ കാലത്തു കണ്ടെത്തിയ അതേ നാടൻ മസാല അനുപാതമാണ്.

ബീഫ് തിരഞ്ഞെടുക്കുന്നതിനു ഹാജി കണ്ടെത്തിയ അതേ രീതി ഇന്നും തുടരുന്നു. നല്ല ബീഫു തന്നെയാണു അലങ്കാറിലെ ബീഫിനെ പ്രശസ്തമാക്കിയത്. കോഴിക്കു പ്രിയം കൂടിയതോടെ പരമ്പരാഗത കോഴിക്കറിയും തുടങ്ങി. ബീഫ് മസാലയുടെ അതേ രീതിയിൽ തയ‌ാറാക്കിയ പുത്തൻ മസാലക്കൂട്ടോടെ. വളരെ വൈകിയാണു ചൈനീസ് വിഭവങ്ങൾ അലങ്കാറിലെത്തിയത്. അതിൽ പെട്ടെന്നു പ്രിയപ്പെട്ടതായതു ചിക്കൻ സോസ് ഫ്രൈയും 65ഉം .

ഇന്നും പഴയ ശീലം വച്ചു തേക്കിൻകാടു യോഗം കഴിഞ്ഞാൽ ബിരിയാണി കഴിക്കാൻ നേതാക്കൾ എത്തുന്നത് ഇവിടെയാണ്. അണികൾക്കു നേതാക്കൾ സമ്മാനമായി ബിരിയാണി വാങ്ങിക്കൊടുത്തിരുന്ന കടകളിലൊന്നായിരുന്നു അലങ്കാർ. അലങ്കാറിലെ ചായ അന്നും ഇന്നും പേരു കേട്ടതാണ്. കഴിവതും പശുവിൻപാൽ തന്നെ ഉപയോഗിക്കും. രണ്ടു തരം ചായപ്പൊടി കൂട്ടിയാണു ചായയുണ്ടാക്കുന്നത്.

സ്പെഷൽ, പൊടിചായ തുടങ്ങിയ വിവിധ ചായകളുമുണ്ട്. പൊടി നേരിട്ടു പാലുംവെള്ളത്തിലേക്കിട്ടു എടുക്കുന്നതാണു പൊടിച്ചായ. നല്ല കടുപ്പത്തിൽ ചായ വേണ്ടവർ ഇന്നും പൊടിച്ചായ പ്രേമികളാണ്. നഗരത്തിൽ ആദ്യമായി ഐസ്ക്രീം സ്വന്തമായി ഉണ്ടാക്കി നൽകിയ കടകളിലൊന്നാണ് അലങ്കാർ. ഹാജിയുടെ കാലത്തുതന്നെ ഉടമകൾ മുഴുവൻ സമയവും കടയുടെ മുന്നിലുണ്ടാകും.

മകൻ പി.കെ.ഹാരിഫ് ആ പാരമ്പര്യം തുടരുന്നു. രുചിയുടെ കാവൽക്കാരാനായി ബാപ്പയ്ക്കു പിൻമുറക്കാനായി മകനും നിൽക്കുന്നു. ഈ കാവലും കൂടിയാണ് അലങ്കാറിന്റെ രുചി നഷ്ടപ്പെട്ടുപോകാതെ കാക്കുന്നത്.90 രൂപയ്ക്കു ഫിഷ് കറി മീൽസ് കിട്ടുന്നൊരു പരമ്പരാഗത ഹോട്ടൽ. അതാണ് അലങ്കാറിന്റെ രീതി. നഗരത്തിന്റെ രുചിപെരുമയിൽ അലങ്കാർ ഇന്നും തല ഉയർത്തിത്തന്നെ നിൽക്കുന്നു– പഴമയുടെ രുചിയുമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com