ADVERTISEMENT

തൂവെള്ള പഞ്ചസാരയെ, നിറംകൊണ്ടും രുചികൊണ്ടും വാഴ്ത്തിപ്പാടിയ കവിതകൾക്കു മലയാളക്കരയിൽ പഞ്ഞമില്ല. മലയാളിയുടെ ഭക്ഷണക്രമത്തിലെ ഒഴിവാക്കാനാവാത്ത ഘടകമായി മാറിക്കഴിഞ്ഞ പഞ്ചസാരയ്ക്ക് ഗുണമെന്തെങ്കിലുമുണ്ടോ ? എന്താണ് പഞ്ചസാര? സാങ്കേതികതലത്തിൽ പറഞ്ഞാൽ സൂക്രോസിനെയാണ് നമ്മൾ പഞ്ചസാര എന്ന് വിളിക്കുന്നത്. ഗ്ലൂക്കോസിന്റയും ഫ്രക്ടോസിന്റെയും ഓരോ തന്മാത്രകൾ ചേരുന്നതാണ് പഞ്ചസാര. ഗ്ലൂക്കോസിനെ അപേക്ഷിച്ച് ഫ്രക്ടോസിനാണ് മധുരം കൂടുതൽ. ചുരുക്കത്തിൽ പഞ്ചസാരയുടെ മധുരത്തിന് പ്രധാന കാരണക്കാരൻ ഫ്രക്ടോസ് തന്നെ.

 എന്താണ് പഞ്ചസാര?

സംസ്കരിച്ച അന്നജമാണ് പഞ്ചസാര. കരിമ്പിൻനീര് വിവിധ ഘട്ടങ്ങളിലൂടെ സംസ്കരിച്ചെടുക്കുന്നതാണ് ടേബിൾ ഷുഗർ എന്ന പഞ്ചസാര. കരിമ്പിൻനീരിൽ കാൽഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നീ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെങ്കിലും സംസ്കരണ പ്രക്രിയയിലൂടെ ഇവയെല്ലാം വേർതിരിക്കപ്പെടുന്നു. അതിനാൽ കാര്യമായ പോഷകാംശ‌ം പഞ്ചസാരയിലില്ല. ഒരു ടീസ്പൂൺ പഞ്ചസാരയിൽ ഏതാണ്ട് 20 കലോറി അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

 ഗുണമോ ദോഷമോ?

പഞ്ചസാരയുടെ ഉപയോഗം ശരീരത്തിന് നല്ലതാണോ? ഈ വിഷയം ചർച്ച ചെയ്യുമ്പോൾ പ്രമേഹം സംബന്ധിച്ചുള്ള ആരോഗ്യം മാത്രമേ നാം പലപ്പോഴും കണക്കിലെടുക്കാറുള്ളൂ. എന്നാൽ പഞ്ചസാരയുടെ അമിത ഉപയോഗം രക്തസമ്മർദം, ഹൃദ്രോഗം, പൊണ്ണത്തടി എന്നിവയിലേക്കും നയിക്കുന്നുണ്ട്. അമിതമായ മധുരപ്രയോഗം ഉൻമേഷം കുറയ്ക്കുകയും അത് മനോരോഗങ്ങൾക്കു വരെ കാരണമാവുകയും ചെയ്യുമെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു.

പഞ്ചസാരയിലെ കാൽഷ്യത്തിന്റെ കുറവുമൂലം എല്ലുകളുടെ ആരോഗ്യം ദുർബലമാകും. ഇത് ഓസ്റ്റിയോപോറോസീസ് പോലുള്ള അവസ്ഥകളിലേക്കും നയിക്കാം. പഞ്ചസാരയുടെ അമിത ഉപയോഗം പല്ലുകളുടെ ബലക്ഷയം, ഉറക്കമില്ലായ്മ, ശരീരത്തിനുള്ളിലെ സ്വാഭാവികമായ പോഷകനിലയിലെ വ്യതിചലനം, ഓർമക്കുറവ്, തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കാം. കുട്ടികളിൽ പഠനവൈകല്യം, പെരുമാറ്റദൂഷ്യം എന്നിവയ്ക്കുപോലും പഞ്ചസാരയുടെ അമിത ഉപയോഗം വഴിവയ്ക്കും. തലച്ചോറിൽ സെറോട്ടോണിന്റെ ഉൽപാദനം വർധിക്കുന്നത് മനോരോഗങ്ങൾക്കുപോലും കാരണമാകാം.

 പകരക്കാർ

കരിമ്പിൻനീരിൽ നിന്നുതന്നെ ഉൽപാദിപ്പിക്കുന്ന ശർക്കര, കരിപ്പെട്ടി,തേൻ എന്നിവയാണ് പഞ്ചസാരയ്ക്ക് പകരക്കാരാവാൻ കൂടുതൽ ‘യോഗ്യർ’. തേൻ ഔഷധം കൂടിയാണ്. ഫോസ്ഫറസ്, കാൽഷ്യം എന്നിവയുടെ സാന്നിധ്യം ഇവയിലേറും.

പഞ്ചസാര എത്രയാവാം

പ്രത്യേക രോഗങ്ങളില്ലാത്തവർക്ക് ദിവസം 4–5 ടീസ്പൂൺ പഞ്ചസാരയാവാം. ഇത് ഏതാണ്ട് 100 കലോറി ഉൗർജം ശരീരത്തിന് നൽകും. പല ബേക്കറി ഉൽപന്നങ്ങളിലും കൃത്രിമ പാനീയങ്ങളിലും അടങ്ങിയിരിക്കുന്നത് ഹൈഫ്രക്ടോസ് കോൺ സിറപ്പാണ്. ഇതിൽ പഞ്ചസാരയുടെ അളവ് വലിയ തോതിലുണ്ട്. ഇവ ഏതു പ്രായക്കാരിലും ശരീരത്തിന് അപകടകരമാണ്.

കൃത്രിമ മധുരം വേണ്ടേ വേണ്ട

കൃത്രിമമധുരമാണ് സാക്രിൻ, സൂക്രലോസ് തുടങ്ങിയവ. പഞ്ചസാരയോളം വിലയില്ല.പക്ഷേ,ഇവയുടെ ഉപയോഗം നാഡികളെ തളർത്തും, കാൻസർ പോലുള്ള രോഗങ്ങൾക്കുപോലും വഴിവയ്ക്കും. പലവിധ അലർജികളിലേക്ക് നയിക്കാം. സോർബിറ്റോൾ പോലുള്ള വസ്തുക്കൾ വയറിളക്കമുണ്ടാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com