ADVERTISEMENT

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം ചോദിച്ചെത്തിയവര്‍ക്ക് കടയിലെ മുഴുവന്‍ വസ്ത്രങ്ങളും നല്‍കി ബ്രോഡ്‌വേയിലെ വഴിയോരക്കച്ചവടക്കാരനായ നൗഷാദ്. ആയിരം നൗഷാദിക്കാമാർ നമുക്കുള്ളപ്പോ എങ്ങനെയാണ് കേരളത്തെ തോൽപ്പിക്കാൻ കഴിയുന്നത്. ജാതിയും മതവും മറന്ന് ഒറ്റകെട്ടായി മുന്നേറുന്ന നമ്മളെ തോൽപിക്കാൻ ഏത് ശക്തിക്കാണ് കഴിയുക. കനത്ത മഴയെ തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്ക് തന്റെ ഉപജീവനമാർഗമായ തുണിക്കടയിലെ വസ്ത്രങ്ങൾ നൽകിയ നൗഷാദിക്ക...അതിജീവിക്കും എന്ന ആത്മവിശ്വാസമാണ് ഇവർ നമുക്ക് പകർന്നു തരുന്നത്..അതെ, അതിജീവിക്കുക തന്നെചെയ്യും...മഴവെള്ളപ്പാച്ചിൽ ആർക്കും തടുക്കാൻ പറ്റില്ല, എങ്ങോട്ടാണതിന്റെ ഒഴുക്കെന്ന് പ്രവചിക്കാനും...ഒറ്റക്കെട്ടായ് കഴിഞ്ഞ പ്രളയത്തെ നേരിട്ട മലയാളി സമൂഹം വീണ്ടും ഈ വർഷവും കരുത്തോടെ കൈകോർക്കുകയാണ് കനത്ത മഴയെ വരുതിയിലാക്കാൻ. രക്ഷാപ്രവർത്തകർക്കു വേണ്ടി ഭക്ഷണമൊരുക്കിയ രണ്ട് അനുഭവക്കുറിപ്പുകൾ...

റാവിസ് ഗ്രൂപ്പ് കോർപ്പറേറ്റ് ഷെഫ് സുരേഷ് പിള്ളയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

ഇത്തവണത്തെ മഴക്കെടുതിൽ വളരെ നാശനഷ്ടമുണ്ടായ ഒരു പ്രദേശമാണ് നിലമ്പൂർ.. തലമുറകളായി നിലമ്പൂരിലെ ജനങ്ങൾക്ക് രുചിയാർന്ന ഭക്ഷണം വച്ച് വിളമ്പുന്ന യൂനിയൻ ഹോട്ടലും അതിന്റെ ഉടമയും മനുഷ്യസ്നേഹിയായ അനസും... 80 വർഷത്തിലേറെ പഴക്കമുള്ള ഹോട്ടലാണിത്, മഴ നിറുത്താതെ പെയ്യാൻ തുടങ്ങിയതോടു കൂടി ഹോട്ടൽ തുറക്കാൻ ഒരു രക്ഷയുമില്ലാതായി. ജോലിക്കാർക്കും വരാൻ പറ്റാത്ത അവസ്ഥ. കിലോമീറ്ററുകൾ അകലെ നിന്നും ഡീസൽ സംഘടിപ്പിച്ച് ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് ആളുകൾക്ക് ചായയും കടിയും എങ്കിലും കൊടുക്കാൻ വേണ്ടി ഹോട്ടൽ തുറന്നത്. തലേ ദിവസം വരെ ഗ്യാസ് ഉപയോഗിച്ചിട്ട് പെട്ടെന്ന് വിറകടുപ്പിൽ പാകം ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

ഹോട്ടലിലെ തൊഴിലാളികളുടെ വീടുൾപ്പടെ വെള്ളം കയറിയ അവസ്ഥ. വൈദ്യുതിയും പാകം ചെയ്യാൻ ഗ്യാസുമില്ല! ഒരു ലാഭവും പ്രതീക്ഷിക്കാതെ, നിരവധി സന്നദ്ധപ്രവർത്തകർക്കും, നാട്ടുകാർക്കുമായി എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കടതുറന്ന് അനേകംപേർക്ക് ഭക്ഷണം നൽകാനായത് മനസിലെ നന്മകൊണ്ട് മാത്രമാണ്. 

'നിങ്ങള്‍ ചെങ്ങന്നൂര്‍ക്കാരല്ലേ; എങ്ങനെ പണം വാങ്ങും'; പ്രളയ നോവിനിടെ മാസ് മറുപടി

കേരളത്തെ രണ്ടാമതും നോവിക്കുകയാണ് പ്രളയം. നോവുകാഴ്ചകള്‍ക്കിടയില്‍ യഥാര്‍ഥ നന്‍മമരങ്ങളാകുന്നവരുണ്ട്. അത്തരമൊരു മാതൃകയാണ് മഞ്ചേരിയില്‍ നിന്നും  നാടിനെ സഹായിക്കാൻ തെക്കു നിന്നെത്തിയവർക്കു ഭക്ഷണം നൽകിയിട്ടു പണം വാങ്ങാതെ മഞ്ചേരിയിലെ ഹോട്ടലുടമ. പ്രകൃതി സംഹാരതാണ്ഡവമാടിയ നിലമ്പൂരിലെ ദുരിതബാധിതർക്കു സഹായഹസ്തവുമായി പോയവരാണു ചെങ്ങന്നൂർ പുത്തൻതെരുവ് ന്യൂ സ്ട്രീറ്റ് ബോയ്സിലെ പത്തംഗസംഘം.

മഞ്ചേരി തൃക്കലങ്ങോട് 32 –ലെ രസം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ അനുഭവം സംഘാംഗമായ ഷോഫിൻ സി.ജോൺ മാധ്യമത്തിൽ പങ്കു വയ്ക്കുകയായിരുന്നു. 10 പേർ ഭക്ഷണം കഴിച്ച ശേഷം ബിൽ ചോദിച്ചപ്പോഴാണു ഹോട്ടലുടമ ജിതേഷിന്റെ മാസ് മറുപടി –''നിങ്ങൾ ചെങ്ങന്നൂർക്കാരല്ലേ, ഞങ്ങളെ സഹായിക്കാനെത്തിയവരല്ലേ, പിന്നെങ്ങനെ പണം വാങ്ങും."

സംഘം സഞ്ചരിച്ച വണ്ടിയുടെ പേര് ചെങ്ങന്നൂർക്കാരൻ എന്നു കണ്ടു വിശേഷങ്ങൾ തിരക്കിയപ്പോഴാണു സഹായവുമായി എത്തിയതാണെന്നു ഹോട്ടലുടമയ്ക്കു മനസിലായത്. നിങ്ങ എന്ത് മൻസമ്മാരാഡോ? എന്ന തലക്കെട്ടിൽ ഷോഫിൻ ഹോട്ടലിലെ അനുഭവം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ നൂറുകണക്കിനു പേരാണു ഷെയർ ചെയ്തത്. ന്യൂ സ്ട്രീറ്റ് ബോയ്സിലെ റിത്തു, ജിബു എബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിലമ്പൂരിലേക്കു സഹായത്തിനായുള്ള വിഭവ സമാഹരണം.

മഴ കഴിഞ്ഞു മാനം തെളിഞ്ഞു എല്ലാം നേരെയാകുമ്പോൾ ഈ നന്മമരങ്ങളെ മറക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com