ADVERTISEMENT

ആലത്തൂരിലെ കായ വറുത്തതില്ലാതെ പാലക്കാട്ടെ ഓണസദ്യയ്ക്ക് ആരും ഇലയിടാറില്ല. നാക്കിലത്തുമ്പിൽ അലസമായി വീണുകിടക്കുന്ന ശർക്കര ഉപ്പേരിയും കായ വറുത്തതും രുചിച്ചു പാലക്കാടുകാർ സദ്യ കഴിക്കാൻ തുടങ്ങിയിട്ടു 7 പതിറ്റാണ്ടുകൾ പിന്നിട്ടുകഴിഞ്ഞു.

മലയാളിയുള്ള ലോകത്തിന്റെ എല്ലാ കോണുകളിലേക്കും പാലക്കാടിന്റെ സ്വകാര്യ അഹങ്കാരമായി ആലത്തൂർ ചിപ്സ് പറന്നു. ഒരിക്കൽ കഴിച്ചാൽ വീണ്ടും തേടി വരുമെന്ന ഉറപ്പാണ് ആലത്തൂർ ചിപ്സിന്റെ ബ്രാൻഡ് മന്ത്രം. റോഡിന് ഇരുവശവും സഞ്ചാരികളെ കാത്ത് ഇരുപതിലധികം കടകളുണ്ട് ആലത്തൂരിൽ. ഇവരെ  കൂടാതെ നഗരത്തിനുള്ളിൽ ആലത്തൂർ ചിപ്സിന്റെ ആശാന്മാരായ എസ്എൻആർ ചിപ്സുമുണ്ട്. ആവശ്യക്കാർ തേടിയെത്തുന്ന രുചിയുമായി.

കലർപ്പില്ലാതെ ജനങ്ങളിലേക്ക്

ഇവിടത്തെ ചിപ്സിനെന്താ ഇത്ര പ്രത്യേകത, എന്താണീ സ്വാദ് കിട്ടാൻ നിങ്ങൾ ചേർക്കുന്നത് ?

ആലത്തൂരിലെ കടകളിലെത്തുന്നവർ സ്ഥിരം ചോദിക്കുന്ന ചോദ്യമാണിത്. ചിപ്സുണ്ടാക്കുന്നവരുടെ ഉത്തരം പക്ഷേ, ലളിതമാണ്. ഒന്നും ചേർക്കാത്തതുകൊണ്ടാണ് ഈ സ്വാദ്. നല്ല നാടൻകായ മില്ലിൽ നിന്നു നേരിട്ടെത്തുന്ന നാടൻ വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്നു. കൂടെ നാടൻ മഞ്ഞൾപ്പൊടിയും ഉപ്പും മാത്രം.

നിറത്തിനോ മണത്തിനോ വേണ്ടി ഒന്നും ചേർക്കാത്തതാണ് ആലത്തൂർ ചിപ്സിന്റെ രുചിയുടെ പിന്നിൽ. 15 മിനിറ്റുകൾക്കുള്ളിൽ ചിപ്സ് തയാർ. ചൂടാറി കണ്ണാടിക്കൂടിലേക്ക് എത്തുന്നതിനു മുൻപേ ആവശ്യക്കാർ നിരന്നിരിക്കും. ആലത്തൂരിന്റെ മുദ്രയെന്നോണം വിവിധ രാജ്യങ്ങളിലേക്കു ചിപ്സെത്തുന്നുണ്ട്.

ആലത്തൂരിലെ സ്വാദിനു പിന്നിൽ

കായ തൊലികളഞ്ഞു നേരിട്ട് എണ്ണയിലേക്കു ചെത്തിയിടുന്നതാണ്  ചിപ്സ് നിർമാണത്തിലെ  സാധാരണ രീതി. വയനാടൻ കായ ഉപയോഗിച്ചു നിർമിക്കുന്ന ഈ ചിപ്സിനു പക്ഷേ, രുചിയും പുതുമയും വേഗത്തിൽ നഷ്ടപ്പെടുന്നു. ആലത്തൂരിലെ ചിപ്സിനായി നാടൻ കായ മാത്രമാണ് ഉപയോഗിക്കുന്നത്.

ഓണവിപണിയിലെ  താരം

ആലത്തൂർ ചിപ്സിന്റെ പ്രധാന സീസണുകളാണ് ഓണവും മണ്ഡലകാലവും. തമിഴ്‌നാട്ടിൽ നിന്നു ശബരിമലയിലേക്കു പോകുന്ന അയ്യപ്പന്മാരെല്ലാം ആലത്തൂരിൽ വണ്ടി നിർത്തി ചിപ്സ് വാങ്ങിയിട്ടേ വീടുകളിലേക്കു മടങ്ങൂ. ഓണവിപണിയാണ് അടുത്ത സീസൺ. കേരളത്തിന് അകത്തും പുറത്തും സദ്യയൊരുക്കാൻ ഒട്ടേറെ പേർ ചിപ്സിനായി ആലത്തൂരെത്തുന്നുണ്ട്. വെള്ളപ്പൊക്കത്തിൽ വാഴകൾ നശിച്ചത് വിലക്കയറ്റത്തിനു ഇടയാക്കുമോയെന്ന ആശയങ്കയുണ്ടെങ്കിലും ഓണവിപണിയിൽ ഇത്തവണയും ആലത്തൂർ ചിപ്സ് താരമാവുമെന്ന ശുഭപ്രതീക്ഷയിലാണ് കച്ചവടക്കാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com