ADVERTISEMENT

വീട്ടിലുണ്ടാക്കിയ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനുള്ള ഡൈന്‍ അപ്‌സ് എന്ന ആപ്പിന്റെ പ്രവര്‍ത്തനം കൊച്ചിയിലേക്കും വ്യാപിപ്പിക്കുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് ഡൈന്‍ അപ്‌സ് ആപ്പിന്റെ പൂര്‍ണമായ പതിപ്പ് കോഴിക്കോട് അവതരിപ്പിച്ചത്. കോഴിക്കോട് ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് എക്ലെറ്റിക് ഈറ്റ്‌സാണ് ആപ്പ് വികസിപ്പിച്ചത്. 

ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തുന്നതിനോടൊപ്പം വനിതാസംരംഭകത്വം വളര്‍ത്താനും ലക്ഷ്യമിട്ടാണ് ആപ്പ് അവതരിപ്പിച്ചത്. വനിതകള്‍ക്ക് തങ്ങളുടെ പാചക അഭിരുചി പ്രദര്‍ശിപ്പിക്കാന്‍ വളരെ ലളിതമായി ഉപയോഗിക്കാവുന്ന വേദി ലഭ്യമാക്കാനും അതുവഴി ഒരു വരുമാനമാര്‍ഗം കണ്ടെത്താനും ഡൈന്‍ അപ്‌സ് സഹായിക്കുന്നു. 

വീടുകളിലെ പാചകക്കാരുമായി ബന്ധപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള വേദിയാണ് ഡൈന്‍ അപ്‌സ് ലഭ്യമാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പരിസരത്തുള്ള വീടുകളില്‍ നിന്നുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സേര്‍ച്ച് ഓപ്ഷന്‍ ഈ ആപ്പ് നല്‍കുന്നു. ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിനുള്ള വില ഓണ്‍ലൈനായി തന്നെ അടയ്ക്കാവുന്നതുമാണ്. ഹോം ഡെലിവറി, അല്ലെങ്കില്‍ ഇന്‍-പേഴ്‌സണ്‍ പിക് അപ്പ് സൗകര്യവും ഇതിലുണ്ട്. കഴിച്ച ഭക്ഷണത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ രേഖപ്പെടുത്താനുള്ള സൗകര്യവുമുണ്ട്. 

ഭക്ഷണത്തിലൂടെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുന്നതിനോടൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലം വളര്‍ത്താനുമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ സ്ഥാപകയും പ്രസിഡന്റുമായ സജ്‌ന വീട്ടില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭക്ഷണം വീടുകളില്‍ എത്തിക്കുന്ന നിരവധി സംരംഭങ്ങളുണ്ടെങ്കിലും വീട്ടിലുണ്ടാക്കിയ ഭക്ഷണമെന്നത് കൂടുതല്‍ ആരോഗ്യപ്രദവും വിശ്വാസയോഗ്യവുമായിരിക്കുമെന്നും അവര്‍ പറഞ്ഞു. ഒരു സ്ത്രീക്ക് സംരംഭകയെന്ന നിലയില്‍ വിജയിക്കാന്‍ പ്രധാന തടസ്സം അഭിനിവേശത്തിന്റെ കുറവല്ല മറിച്ച് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമാണെന്നും സജ്‌ന പറഞ്ഞു. 

ഇത്തരം ഫുഡ് ഡെലിവറി ആപ്പുകളുമായി കൊച്ചി നിവാസികള്‍ പരിചിതമായതിനാലാണ് കൊച്ചിയിലേക്ക് സംരംഭം വ്യാപിപ്പിക്കാന്‍ ഡൈന്‍അപ്‌സ് തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള സേവനങ്ങള്‍ക്ക് പകരമായി വീട്ടിലുണ്ടാക്കിയ ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഡൈന്‍ അപ്‌സ് ലക്ഷ്യമിടുന്നത്. 

നിലവില്‍ ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായ ഡൈന്‍ അപ്‌സ് ആപ്പിന്റെ ഐഫോണ്‍ പതിപ്പ് ഈ മാസം അവസാനം അവതരിപ്പിക്കും. 

കോഴിക്കോട് സ്വദേശി സജ്‌ന വീട്ടിലിന്റെ മനസിലുദിച്ച ആശയമാണ് ഡൈന്‍ അപ്‌സ് ആപ്പ്. ഈ സംരംഭത്തില്‍ പിന്നീട് ചങ്ങനാശ്ശേരി സ്വദേശി സോമി സില്‍വി കമ്പനിയുടെ സിഒഒ ആയും ന്യൂയോര്‍ക് സ്വദേശി മാര്‍ക് വോങ് സിഎഫ്ഒ ആയും അവരോടൊപ്പം ചേരുകയായിരുന്നു.  

വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.dineups.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com