ADVERTISEMENT

നമ്മൾ മടങ്ങുകയാണ്, കലർപ്പില്ലാത്ത ഓണത്തിലേക്ക്. വീട്ടു വളപ്പിലെ പച്ചക്കറി വിപ്ലവത്തിനു പിന്നാലെ ശുദ്ധമായ മസാലകളും എണ്ണയുമൊക്കെ സ്വന്തമായുണ്ടാക്കി ഓണം പൊന്നോണമാക്കാൻ ഒരുങ്ങുകയാണ് നാട്.  പത്തനംതിട്ട ജില്ലയിലെ ചെറുകിട വ്യവസായ യൂണിറ്റുകളിൽ ഏറ്റവും കൂടുതൽ റജിസ്റ്റർ ചെയ്തിരിക്കുന്നത് ഭക്ഷണവുമായി ബന്ധപ്പെട്ടവയാണ്. ചക്കിലാട്ടിയ എണ്ണ, വിവിധയിനം കറിപ്പൊടികൾ, ധാന്യപ്പൊടികൾ, ചിപ്സ് നിർമാണം, പലഹാര നിർമാണം അങ്ങനെ നീളുന്നു നമ്മുടെ ചെറുകിട സംരംഭങ്ങളുടെ പട്ടിക. ഏറ്റവും ഗുണമേന്മയുള്ള പൊടികളാണ് ചെറുകിട സംരംഭങ്ങളിൽ ഉൽപാദിപ്പിക്കുന്നത്. ചെറുകിട സംരംഭകർ പരമ്പരാഗത രീതിയിൽ ധാന്യങ്ങളും വിളകളും ഉണക്കിപ്പൊടിച്ചാണ് മസാലകളും പൊടികളും ഉണ്ടാക്കുന്നത്. 

മുളക്, മല്ലി, ജീരകം, ഉലുവ, കുരുമുളക് തുടങ്ങി അടുക്കളയിലേക്കു വേണ്ട എല്ലാ കറിപ്പൊടികളും ശുദ്ധമായി തയാറാക്കി വിൽപന നടത്താൻ ചെറുകിട സംരംഭകർക്കൊപ്പം കുടുംബശ്രീ യൂണിറ്റുകളും സജീവം. ചെറുതും വലുതുമായ 24 കറിപൗഡർ യൂണിറ്റുകൾ ജില്ലയിലുണ്ട്. പച്ചമഞ്ഞൾ പുഴുങ്ങി  ഉണങ്ങി പൊടിച്ചെടുക്കുകയായിരുന്നു പഴയ രീതി. അതിനു പകരം കോയമ്പത്തൂർ, ബെംഗളുരു എന്നിവിടങ്ങളിൽ നിന്നു വരുന്ന  ഉണങ്ങിയ മഞ്ഞൾ വാങ്ങി പൊടിച്ചെടുക്കുകയാണിപ്പോൾ. തവിട് കളയാത്ത കൊടുമൺ അരി,  സാധാരണ പച്ചരി എന്നിവയുടെ പുട്ടുപൊടികൾ.  അരിപ്പൊടി വറുത്തതും വറക്കാത്തതുമുണ്ട്. പഞ്ഞപ്പുല്ല് പൊടി, കടലമാവ് പൊടി, ഗോതമ്പ് പൊടി എന്നിവയും സൂചി ഗോതമ്പ് നുറുക്കിയതും കിട്ടും. ഓണം പ്രമാണിച്ച് കുടുംബശ്രീയും ഐആർഡിപിയും  ഒരുക്കുന്ന വിപണ മേളകൾക്കുള്ള തയാറെ‌ടുപ്പിലാണ്  ജില്ലയിലെ  യൂണിറ്റുകൾ.

കറിക്കൂട്ടുകൾ വീട്ടിൽ തയാറാക്കാം

∙ മുന്നൊരുക്കം വേണം. 2 ആഴ്ച മുൻപ് ഒരുക്കങ്ങൾ തുടങ്ങണം മുളകുപൊടിയുണ്ടാക്കാൻ. കേടില്ലാത്ത ചുവന്ന മുളകാണു വേണ്ടത്. ആവശ്യത്തിനു മുളക് കഴുകിയെടുത്ത ശേഷം നന്നായി ഉണക്കുക. വെള്ളം തീരെയില്ല എന്നുറപ്പാക്കിയ ശേഷം മുളകിന്റെ ഞെട്ട് കളഞ്ഞു മുറിച്ചിടുക. ഇതു ജലാംശമില്ലാത്ത ജാറിലിട്ട് മിക്സിയിൽ  പൊടിച്ചെടുക്കാം. മല്ലിയും ഇതു പോലെ പൊടിച്ചെടുക്കാം. 

∙ പച്ചമഞ്ഞൾ ഉണങ്ങി പൊ‌ടിച്ച് മഞ്ഞൾപ്പൊടിയുണ്ടാക്കാം.  മഞ്ഞൾ കലത്തിൽ പുഴുങ്ങിയെടുത്ത് വെയിലത്തുവച്ചു വേണം ഉണക്കാൻ. ഓവനിൽ 60 ഡിഗ്രിയിൽ ഒന്നര– രണ്ടു മണിക്കൂറുകൊണ്ട് ഉണങ്ങിക്കിട്ടും. വെള്ളമില്ലാതെ തുടച്ചെടുത്ത മിക്സിയിലും പൊടിച്ചെടുക്കാം. സാമ്പാർ പൊടി തയാറാക്കാനും എളുപ്പ വഴിയുണ്ട്. നൂറു ഗ്രാം വീതം ഉണക്കമുളക്, മല്ലി എന്നിവയെടുക്കുക. മൂന്നു ടേബിൾ സ്പൂൺ കടലപ്പരിപ്പ്, തുവരപ്പരിപ്പ്, ഉഴുന്ന് എന്നിവയെടുക്കുക. ഒരു സ്പൂൺ ഉലുവ, അര സ്പൂൺ മഞ്ഞൾപ്പൊടി, ചെറിയ രണ്ടു കഷണം കായം, ഒരു സ്പൂൺ ജീരകം, മൂന്നോ നാലോ തണ്ട് കറിവേപ്പില എന്നിവയുമെടുക്കുക. തീരെ വെള്ളമില്ലാതെ ചട്ടിയിൽ ഓരോന്നായി വറുത്തെടുത്ത ശേഷം മിക്സിയിൽ എല്ലാം ചേർത്തു തീരെ തരിയില്ലാത്ത രീതിയിൽ പൊടിച്ചെടുക്കുക. ചൂടാറിയ ശേഷം മാത്രമേ ഉപയോഗിക്കാവു. 

∙ വെളിച്ചെണ്ണയും  വീട്ടിൽ ഉണ്ടാക്കാം. 6 നാളികേരം നന്നായി ചിരകിയെടുക്കുക. ഇതിന്റെ പാലെടുത്ത ശേഷം നല്ലൊരു ഓട്ടുരുളിയിലേക്ക് ഒഴിക്കുക. നന്നായി ഇളക്കി തവിട്ടുനിറമാവുന്നതു വരെ കുറുക്കിയെടുക്കുക. എണ്ണ വേർതിരിഞ്ഞു വന്നുകഴിഞ്ഞാൽ കഴുകിയുണക്കിയ തോർത്തെടുത്തു വെളിച്ചെണ്ണ അരിച്ചെടുക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com