sections
MORE

രുചിയുടെ നാടായ കോഴിക്കോട്ട് താരമായി ‘ചപ്പാ റോൾ’

chapa-roll.jpg
കോഴിക്കോട് സിൽക്ക് സ്ട്രീറ്റിലേ ചപ്പാ റോൾ
SHARE

വ്യത്യസ്ത രുചികളുടെയും പുതിയ പരീക്ഷണങ്ങളുടെയും നാടാണ് കോഴിക്കോട്. ഈ നാട്ടിലേക്ക് പുതിയൊരു വിഭവവുമായി എത്തിയിരിക്കുകയാണ് ഷെറിൻ താരിഖ് എന്ന യുവസംരംഭകൻ: ‘ചപ്പാ റോൾ’. പേരു കേൾക്കുമ്പോൾ നമ്മുടെ ചപ്പാത്തിയുമായി ബന്ധം തോന്നുന്നുവെങ്കിൽ അത് ശരിയാണ്. വൈവിധ്യവും പുതിയ രുചിയും തേടുന്ന കോഴിക്കോട്ടുകാർക്ക് തീർച്ചയായും ഇഷ്ടമാകും ഈ വിഭവം. ചപ്പാത്തിയിലുള്ള റോൾ. അതു തന്നെയാണ് ചപ്പാ റോൾ. ഷവർമയുമായി സാമ്യം തോന്നുമെങ്കിലും അതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ‘ചപ്പാ റോൾ’. 

നിങ്ങൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് റോളിനുള്ളിൽ എന്തു ഫിൽ ചെയ്യണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ഇഷ്ടമില്ലാത്ത വിഭവങ്ങൾ വേണ്ടെന്നു വയ്ക്കാം, ഇഷ്ടമുള്ള ഉൾപ്പെടുത്തുകയും ചെയ്യാം. വിദേശത്തു നിന്നും കൊണ്ടുവരുന്ന ഒലീവ്സ്, ജെൽപിനോ തുടങ്ങിയ വിവിധ സാധനങ്ങൾ ഉൾപ്പെടുത്തുന്നു. ഇഷ്ടമുള്ള സാലഡുകൾ ഉൾപ്പെടുത്താം എന്നതാണ് പ്രധാന പ്രത്യേകത. മയണയസ്, കെച്ചപ്പ്, ഗാർളിക് പേസ്റ്റ് എന്നിവയാണ് സാധാരണ കോഴിക്കോട്ടെ റസ്റ്ററന്റുകളിൽ ലഭിക്കുക. എന്നാൽ ഇവിടെ, വ്യത്യസ്തമായ മുപ്പതിൽ അധികം സോസുകളും മയണയസുകളും നിങ്ങൾക്ക് ലഭിക്കും. രുചിച്ചു നോക്കി ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കാം. വിവിധ തരത്തിലുള്ള സാലഡുകളും ലഭിക്കും.

sheril
ഷെറിൻ താരിഖ്

രുചിച്ചു നോക്കൂ, ഇഷ്ടപ്പെടും

ബട്ടർ ചിക്കൻ, ചിക്കൻ ചില്ലി, ബട്ടർ ബീഫ് എന്നു തുടങ്ങി ചിക്കൻ, ബീഫ് വിഭവങ്ങളുടെ നീണ്ടനിരയുണ്ട്. ചപ്പാത്തിയാണ് ഇതിന്റെ അടിസ്ഥാനം. അതിനു മുകളിൽ നമ്മൾ തിരഞ്ഞെടുക്കുന്ന വിവിധ തരം സോസുകൾ ചേർക്കും. ഇഷ്ടത്തിന് അനുസരിച്ചുള്ള പച്ചക്കറികളും ചേർക്കും. ഇതിനു ശേഷം ചിക്കൻ ഇഷ്ടപ്പെടുന്നവർക്ക് അത് തിരഞ്ഞെടുക്കാം ബീഫ് വേണ്ടവർക്ക് അതും. രണ്ടും വേണ്ടവർക്ക് ഇവ മിക്സ് ചെയ്തു അതും ലഭിക്കും. വെജിറ്റബിൾ ആണ് കഴിക്കാൻ ആഗ്രഹിക്കുന്നതെങ്കിലും അതും ലഭ്യം. ഇവ നിറച്ച ശേഷം, ചപ്പാത്തി റോൾ ചെയ്ത് ചൂടാക്കുന്നു. നേരത്തെ ചേർത്ത സോസും മറ്റും കൂടിചേരുന്നതിനാണ് ഇത്. ഉടൻ തന്നെ, നിങ്ങളുടെ കൈകളിലേക്ക് ചപ്പാ റോൾ എത്തും. ആദ്യത്തെ കടിയിൽ തന്നെ നിങ്ങൾക്ക് ഈ റോൾ ഇഷ്ടപ്പെടും. വയറും നിറയും പോക്കറ്റും കാലിയാകില്ല.

chaparoll

ചുവടുമാറ്റം

വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്തിരുന്ന ഷെറിൻ പുതിയ ഒരു ആശയവുമായി രംഗത്തുവരണമെന്ന ആഗ്രഹമാണ് ചപ്പാ റോളിന്റെ ഉദയത്തിന് കാരണമായത്. ഭക്ഷണ മേഖലയ്ക്ക് സാധ്യതകൾ ഏറെയാണ്. കോഴിക്കോട് പോലൊരു നഗരത്തിൽ ആളുകൾക്ക് കൃത്യമായ ഭക്ഷണസംസ്കാരം പോലുമുണ്ടെന്നും ഷെറിൻ പറയുന്നു. സുഹൃത്തുക്കൾക്കൊപ്പവും കുടുംബത്തിനൊപ്പവും വന്നു എളുപ്പത്തിൽ വാങ്ങി കഴിക്കാവുന്ന ഒരു വിഭവമാണിത്. കൂടാതെ തിരക്കുള്ളവർക്ക് എളുപ്പത്തിൽ വാങ്ങി വാഹനത്തിൽ പോകുമ്പോഴോ യാത്ര ചെയ്യുമ്പോഴോ കഴിക്കാം എന്നതാണ് മറ്റൊരു പ്രത്യകത. ഉടൻ തന്നെ കൂടുതൽ സ്ഥലങ്ങളിൽ ചപ്പാ റോളിന്റെ ഫ്രാഞ്ചൈസികൾ വരും. ഇതുവരെ വന്നവരെല്ലാം നല്ല അഭിപ്രായമാണ് പറയുന്നത്. വ്യത്യസ്തമായ രുചി ഒാരോ തവണയും ലഭിക്കുമെന്നതാണ് പ്രധാനപ്രത്യേകത. അതിനാൽ തന്നെ ആളുകൾക്ക് മടുക്കില്ല. ഒരിക്കൽ വന്നവർ വീണ്ടും വീണ്ടും വരുന്നുവെന്നത് ഏറെ സന്തോഷം പകരുന്ന കാര്യമാണെന്നും ഷെറിൻ പറയുന്നു. അത്തരം ആളുകളെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

cr-2

എവിടെ കിട്ടും?

കോഴിക്കോട് കടപ്പുറത്തെ കാറ്റുകൊണ്ട് ചൂടോടെ ചപ്പാ റോൾ കഴിക്കാം. സിൽക്ക് സ്ട്രീറ്റിലാണ് സ്ഥലം. ഏറ്റവും എളുപ്പത്തിൽ മനസിലാക്കാൻ കോഴിക്കോട് ബോംബൈ ഹോട്ടലിന് എതിർവശം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA