ADVERTISEMENT

നമ്മുടെ ഓണാഘോഷത്തിന്റെ പ്രധാന വേദികൾ മുറ്റവും അടുക്കളയുമാണ്. പൂക്കളമിട്ട മുറ്റത്തിന്റെ ഓരത്ത് കുട്ടികൾ ഊഞ്ഞാലിട്ട് ആടുമ്പോൾ അമ്മമാർ അടുക്കളയിൽ ആവിപാറുന്ന പാത്രങ്ങളിൽ ഓണവിഭവങ്ങൾ ഒരുക്കുകയായിരിക്കും. പുതു തലമുറയ്ക്ക് ഒരു കഥ പോലെ തോന്നുന്നതാണ് അന്നത്തെ ഓണക്കാലത്തെഅടുക്കളത്തിരക്കുകൾ. ഇൻസ്റ്റന്റായി ഓണമുണ്ണുന്നവരുടെ കാലത്ത് അതു മധുരമുള്ള ഓരോർമകൂടിയാകുന്നു. അത്ര സമൃദ്ധമല്ലാത്ത ഒരു കാലത്തെ സാധാരണ വീടുകളിലെ അടുക്കളകൾ ഓണക്കാലത്ത് എങ്ങനെയായിരുന്നു?

കർക്കടകം വിട്ടൊഴിയുന്നതോടെ ഓണത്തിനുള്ള അടുക്കളയൊരുക്ക‌ം  തുടങ്ങും.കാലവർഷത്തിൽ നനഞ്ഞുകുതിർന്നു കിടക്കുന്ന വിറകുകൾ ഉണക്കുകയാണ് അദ്യ പടി.

പാചകവാതകമൊന്നുമില്ലാത്ത കാലം. അടുക്കളയടുപ്പിലെ സുപ്രധാനി വിറകാണ്. തുടർന്ന് ഓണത്തിനുള്ള വിഭവങ്ങൾക്കായി മസാലപ്പൊടികൾ ഒരുക്കേണ്ടതുണ്ട്.

ഇന്നത്തേതു പോലെ മുളകും മല്ലിയും മഞ്ഞളുമൊക്കെ പൊടിയായി പാക്കറ്റുകളിൽ കിട്ടുന്നത് അന്ന് അപൂർവമാണ്. വെയിലിൽ ഇവ നല്ലവണ്ണം ഉണക്കിയെടുത്ത്

വീട്ടിൽതന്നെ പൊടിച്ചെടുക്കുകയാണ് ചെയ്യുക. വെളിച്ചെണ്ണയുടെ കാര്യവും അങ്ങനെ തന്നെ. മില്ലുകളിൽ നിന്നും കടകളിൽ നിന്നും വെളിച്ചെണ്ണ വാങ്ങുന്നത് അത്ര സാധാരണമല്ല. തേങ്ങയുടെ പാലെടുത്ത് അടുപ്പിൽ വച്ച് വറ്റിച്ചെടുത്ത് വീടുകളിൽ തന്നെയാണ് അന്നു വെളിച്ചെണ്ണയുണ്ടാക്കുക. ഓണത്തിന് ധാരാളം വേണ്ടതുകൊണ്ട് ചിങ്ങം പിറക്കുമ്പോഴേ വെളിച്ചെണ്ണയുണ്ടാക്കൽ തുടങ്ങും.

അടുക്കളയുടെ യഥാർഥ തിരക്കു തുടങ്ങുന്നത് അത്തം മുതലാണ്. അടുക്കളയുടെ മുക്കും  മൂലയും  അടക്കം വൃത്തിയാക്കുകയാണ് ആദ്യപടി. തിരുവോണ സദ്യക്കു വിളമ്പാനുള്ള കായവറുത്തതിനും ശർക്കരപുരട്ടിക്കും നെയ്യപ്പത്തിനും ചികിടയ്ക്കുമുള്ള ഒരുക്കം അന്നു തുടങ്ങും. മിക്ക വീടുകളും ദാരിദ്ര്യത്തിൽ കഴിയുന്നൊരു കാലമാണ്. അതുകൊണ്ട് കായവറുക്കുക നാലായി കീറിയിട്ടാണ്.

നെയ്യപ്പത്തിനായും ചികിടയ്ക്കുമായി അരിപ്പൊടി തയാറാക്കുന്നത് കുതിർന്ന അരി ഉരലിൽ ഇടിച്ചാണ്. അയൽപക്കക്കാരെല്ലാം ചേർന്ന് കൂട്ടമായിട്ടാകും ഇതു ചെയ്യുക.

അച്ചാറുകൾ തയാറാക്കുകയാണ് അടുത്ത പടി. മിഥുനമാസത്തിൽ ഭരണിയിൽ ഉപ്പിലിട്ടുവച്ച മാങ്ങകൾ കർക്കടകാലത്തെ വിശ്രമത്തിനു ശേഷം അച്ചാറിനായി ചിങ്ങത്തിൽ ഒരുങ്ങിക്കഴിഞ്ഞിരിക്കും. ഓണത്തിനു തയാറാക്കുന്നപ്രധാനപ്പെട്ട മറ്റൊരു അച്ചാർ വടുകപ്പുളി നാരങ്ങ കൊണ്ടുള്ളതാണ്.

ഉത്രാടത്തിന് മാവേലിത്തമ്പുരാനു വേണ്ടി പൂവട ഉണ്ടാക്കുന്നതാണ്അടുക്കളയുടെ പ്രധാനദൗത്യം. അരിയും തേങ്ങയും മാത്രമാണ് ഇതിന്റെ ചേരുവ.മധുരമോ ഉപ്പോ ഉപയോഗിക്കില്ല. മാവേലിക്ക് ഇത്തരം രുചികൾ ഇഷ്ടമല്ല എന്ന‌ാണ് വിശ്വാസ‌ം.

തിരുവോണ ദിനം അതിരാവിലെ അടുക്കളയുണരും. മാവേലിയെ വരവേറ്റശേഷം സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്നാണ് പച്ചക്കറികൾ ഒരുക്കാൻ തുടങ്ങുന്നത്. 

പഴംനുറുക്കും (പഴംപുഴുങ്ങിയത്) പപ്പടവുമാണ് തിരുവോണദിനത്തിലെ പ്രഭാതഭക്ഷണം. ഇഡ്ഡലിയും ദോശയുമൊക്കെ ആഡംബരമായിരുന്ന കാലമായിരുന്നു അതെന്നോർക്കുക. തൊടിയിൽ തന്നെ വച്ചുപിടിപ്പിച്ച നേന്ത്രവാഴയിലെ പഴമായിരിക്കും പഴംനുറുക്കിന് ഉപയോഗിക്കുക. പപ്പടം അക്കാലത്ത് വർഷത്തിൽ ഓണത്തിനും വിഷുവിനും മാത്ര‌ം വിളമ്പുന്ന വിഐപിയാണ്.

11 മണിയോടെ സദ്യ വിളമ്പും. വിഭവങ്ങൾക്കും ഉണ്ട് ഇന്നത്തേതിൽ നിന്ന് വ്യത്യാസം. കടയിൽനിന്നു പച്ചക്കറി വാങ്ങിവയ്ക്കുന്ന കറികൾ അപൂർവം. മിക്കവാറും പറമ്പിൽ തന്നെ വിളയുന്ന നാടൻ പച്ചക്കറികളാണ്കറികളായെത്തുക. കായ, അച്ചിങ്ങ മുതലായവകൊണ്ടുള്ള മെഴുക്കുപുരട്ടി,(അച്ചിങ്ങ അഥവ വള്ളിപ്പയറ് ഇന്നു നമ്മുടെ സദ്യകളിലൊന്നും കാണാത്ത പച്ചക്കറിയാണ്), ചേനത്തണ്ടും ചെറുപയറും ചേർത്തുവയ്ക്കുന്ന കറി, കാളൻ,കുമ്പളങ്ങ ഓലൻ, വെള്ളരിക്ക കിച്ചടി, മത്തങ്ങ എരിശ്ശേരി...അങ്ങനെ നീളുന്നു നാടൻ വിഭവങ്ങളുടെ നിര. സാമ്പാറാണ് പപ്പടം പോലെ സദ്യയിലെ മറ്റൊരു വിഐപി.

ഉണക്കലരികൊണ്ടാണ് മിക്ക വീടുകളിലും പായസം വയ്ക്കുക. ശർക്കരയും തേങ്ങയുമാണ് ഇതിലെ ചേരുവ. പഞ്ചസാര അന്നൊക്കെ അപൂർവമാണ്. സദ്യ കഴിയുന്നതോടെ അടുക്കളയുടെ ഓണത്തിരക്ക് ഒഴിയുകയാണ്. പിന്നെ ഒരു തൊട്ടുകറിയും കഞ്ഞിയുമായി അടുത്ത ചിങ്ങത്തിനായി ദിവസമെണ്ണിയിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com