ADVERTISEMENT

പാഴ്സൽ വാങ്ങുന്നവർ തൽക്കാലം ക്ഷമിക്കുക. കഷ്ടപ്പെട്ടു പാകം ചെയ്ത വിഭവങ്ങൾ രുചിച്ചു നോക്കുമ്പോൾ ഉപ്പ് കൂടി, എരിവ് സഹിക്കാൻ വയ്യ എന്നിങ്ങനെ പരാതികൾ ഉള്ളവർക്കായി രുചിയുള്ള പരിഹാരം പറഞ്ഞു തരുന്നത് പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി.

∙ഓണസദ്യയുടെ കറികളിൽ കല്ലുപ്പ് ചേ‍ർക്കുകയാണ് പൊടിയുപ്പിനെക്കാൾ നല്ലത്. 

∙ ഉപ്പ് ആവശ്യത്തിനു മാത്രം ചേർക്കുക.  കുറഞ്ഞാൽ വീണ്ടും ചേർത്ത് പാകത്തിലാക്കാം, പക്ഷേ അധികമായാൽ കുറയ്ക്കാൻ എളുപ്പമല്ല.

∙അവിയലിന് ഉപ്പ് കൂടിയാൽ തേങ്ങ നന്നായി അരച്ചതും വെളിച്ചെണ്ണയും കൂടുതൽ ചേർക്കുക.

∙സാമ്പാറിന് ഉപ്പ് കൂടിയാൽ ഉരുളക്കിഴങ്ങ് വേവിച്ച് ചേർക്കുക. ഉരുളക്കിഴങ്ങ് വേഗത്തിൽ ഉപ്പ് വലിച്ചെടുക്കും.

∙ഉപ്പേരി വറുക്കാനും കാളൻ പോലുള്ള വിഭവങ്ങൾ പാകം ചെയ്യാനും പായസത്തിനും വിറക് അടുപ്പാണ് നല്ലത്. ഗ്യാസ് അടുപ്പിലെ തീ ഒരു പാത്രത്തിന്റെ നടുഭാഗത്ത് മാത്രം കേന്ദ്രീകരിക്കും.

∙കാളൻ, സാമ്പാർ, പായസം തുടങ്ങിയവ ആദ്യം പാകം ചെയ്യുക. അവിയൽ, തോരൻ, എരിശ്ശേരി തുടങ്ങിയവ രണ്ടാംഘട്ടത്തിൽ മതി. ഉച്ചയൂണിനു തൊട്ടു മുൻപ് പപ്പടം കാച്ചിയെടുത്താൽ മതി.

∙കഴിവതും നാടൻ പച്ചക്കറികൾ വാങ്ങുക. അടുക്കളത്തോട്ടങ്ങളിൽ വിളയുന്ന പച്ചമുളക്, തക്കാളി, പപ്പായ, ചീര തുടങ്ങിയവ കൂടുതലായി ഉപയോഗിക്കുക. വാങ്ങുന്ന പച്ചക്കറികളെല്ലാം വേവിക്കുമ്പോൾ മഞ്ഞൾപ്പൊടി നിർബന്ധമായും ചേർക്കുക.

∙ചെറിയൊരു പുളിരസം അവയിലിന് അലങ്കാരമാണ്. കഷണങ്ങളെല്ലാം വെന്തു കഴിഞ്ഞാൽ മാങ്ങ അരിഞ്ഞതു ചേർക്കുകയോ പുളിയുള്ള അൽപം തൈര് ചേർക്കുകയോ ചെയ്താൽ പുളിരസം ഉണ്ടാകും. ചതച്ചെടുത്ത തേങ്ങ ചേർത്ത് വാങ്ങി വിളമ്പുന്നതിനു മുൻപ് അൽപ്പം വെളിച്ചെണ്ണ ചേർത്താൽ രുചി വർധിക്കും.

∙മധുരരസ പ്രധാനമാണ് പച്ചടി. പച്ചടിക്ക് ഉപയോഗിക്കുന്ന പൈനാപ്പിൾ കൈ കൊണ്ടു കൊത്തിയരിഞ്ഞു വേവിച്ച ശേഷം മിക്സിയിൽ അടിച്ചെടുത്ത് പാകം ചെയ്താൽ കൂടുതൽ രുചി കിട്ടും.

∙ കുമ്പളങ്ങയും വൻപയറും ചേർത്ത് തയാറാക്കുന്ന ഓലനിൽ തേങ്ങാപ്പാൽ ചേർത്താൽ രുചി വർധിക്കും. ഓരോ വിഭവവും രുചിച്ചതിനു ശേഷം വായ ഫ്രഷ് ആക്കാനുള്ള വിഭവമാണ് ഓലൻ‍.

∙പുളിയും ചെറിയൊരു മധുരവും ചേർന്നാൽ കാളനു ഗുണവും രുചിയും വർധിക്കും. പുളിരസം ഉണ്ടാകാൻ തൈരും നേരിയ മധുരത്തിന് നന്നായി പഴുത്ത നേന്ത്രപ്പഴവും ചേർത്ത് കാളനുണ്ടാക്കാം.

∙സാമ്പാർ പാകമായി അടുപ്പിൽ നിന്ന് ഇറക്കിയ ശേഷം ഉലുവപ്പൊടി വിതറി വറ്റൽമുളക്, കറിവേപ്പില, കടുക് എന്നിവ ചേർത്ത് വറുത്ത് താളിക്കുക. ഇതിന് ശേഷം പച്ച കറിവേപ്പില, മല്ലിയില അരിഞ്ഞത് എന്നിവ ചേർത്ത ശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് ഉപയോഗിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com