sections
MORE

എന്റെ പച്ചമുളകേ, പൊന്നുങ്കുടമേ: ഭക്ഷണത്തെപ്പറ്റി ബാലചന്ദ്രമേനോനു ചിലതു പറയാനുണ്ട്

Balachandra Menon
SHARE

ചോറിൽ‌ ഇളംപുളിയുള്ള നല്ല കട്ടത്തൈരൊഴിച്ച്, അൽപം ഉപ്പിട്ട്, അതിൽ രസികൻ പച്ചമുളകൊരെണ്ണം ഞെരുടിച്ചേർത്ത് കുഴച്ചുരുട്ടിയുണ്ണുന്നത് ഒന്നോർത്തുനോക്കൂ, എന്തൊരു സ്വാദാണത്! നാവിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞില്ലേ. ആ രുചിയെപ്പറ്റിയും അതിലെ കെങ്കേമൻ പച്ചമുളകിനെപ്പറ്റിയും ബാലചന്ദ്രമേനോൻ പറയുന്ന ഒരു വിഡിയോയാണ് കുറച്ചുദിവസമായി ഭക്ഷണനൊസ്റ്റാൾജിയക്കാരും അല്ലാത്തവരുമായ മലയാളികൾ കണ്ടു വൈറലാക്കിയത്. മലയാള സിനിമയിലെ സകലാവല്ലഭനായ ബാലചന്ദ്രമേനോന്റെ പച്ചമുളകോർമകൾ അദ്ദേഹത്തിന്റെ സിനിമകൾ പോലെതന്നെ ഹിറ്റാണ്; സുന്ദരവും.

ബാലചന്ദ്രമേനോന്റെ വാക്കുകൾ:

നമ്മളിതിനെ മുളക് എന്നു വിളിക്കും. ഈ മുളകും ഞാനുമായിട്ട് അഭേദ്യമായൊരു ബന്ധം ഉണ്ട്. കുട്ടിക്കാലം മുതൽക്കേ എനിക്ക് മധുരത്തേക്കാൾ ഇഷ്ടം എരിവാണ്. വളരുന്നതിനനുസരിച്ച് അതിന്റെ ഇഷ്ടം കൂടി, അതിന്റെ ആപ്ലിക്കേഷൻസും കൂടി. ഏറ്റവും നല്ല സ്വാദിഷ്ഠമായ ഭക്ഷണം ഏതെന്നു ചോദിച്ചാൽ നല്ല പഴങ്കഞ്ഞിയിൽ തൈര് ഒഴിച്ച് ഒരു മുളക് അതിലിട്ട് ഞെവടിക്കഴിയുമ്പോൾ ഉള്ള സുഖം. ഈ സുഖമാണ് കെ.പി.എ.സി ലളിതയുടെ അഭിനയം കാണുമ്പോൾ എന്ന് ഏതോ ഒരു വേദിയിൽ ഞാൻ പ്രസംഗിച്ചത് എനിക്കോർമയുണ്ട്. പക്ഷേ അന്നു ഞാൻ പറഞ്ഞ മുളകിന് ഈ വലുപ്പമില്ലായിരുന്നു. ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണെന്നു തോന്നുന്നു, അധികം മാറ്റർ ഇല്ലെങ്കിലും ശരീരം വളരെ വർധിക്കും. ഇതിനെക്കാൾ സുഖം കാന്താരി മുളകാണ്. കാന്താരി മുളകിപ്പോൾ ഞാൻ കാണാറില്ല. ഈ മുളകിന്റെ സൈസ് തന്നെ. പ്രായത്തേക്കാൾ കൂടുതൽ വണ്ണമുണ്ട് ഇതിന്. അതുകൊണ്ട് തന്നെ എരിവും കുറവാ. അതായത് ആറടി പൊക്കമുള്ള അല്ലെങ്കിൽ ആറടി രണ്ടിഞ്ച് പൊക്കമുള്ള ഭീമാകാരനായ ഒരാള്‍ അടുത്തു വന്ന് വളരെ പതിഞ്ഞ ശബ്ദത്തിൽ സുഖമാണോ എന്നു ചോദിക്കുമ്പോൾ തോന്നുന്ന ഇഫക്ടാണ് ഈ മുളകു ചവയ്ക്കുമ്പോൾ നമുക്ക് തോന്നുന്നത്. എരിവ് വളരെ കുറവാണ്.

പക്ഷേ, ഈ റസ്റ്ററന്റിൽ ഈ മുളക് കണ്ടപ്പോൾ ചെറിയ ഒരു സംഗതി ആലോചിച്ചത് നിങ്ങളുമായി ഷെയർ ചെയ്യാമെന്ന് കരുതി. അതായത് നമ്മുടെ ശീലങ്ങൾ, നമുക്കു ചുറ്റുമുള്ള ലോകം നന്നായിട്ട് ശ്രദ്ധിക്കണം. എന്റെ ഉച്ചയൂണിന് എവിടെപ്പോയാലും നല്ല തൈര് വേണം, ഒരു മുളകും വേണം. തൈര് ഒഴിച്ച് മുളക് അതിലിട്ട് നാടൻ ഭാഷയിൽ പറഞ്ഞാൽ ഞെവടി കഴിക്കുന്നതാണ് ഏറ്റവും വലിയ ആഡംബരം എന്നു കരുതുന്ന ഒരു പഴഞ്ചനാണ് ഞാൻ.

ഒരു അമേരിക്കൻ യാത്രയിൽ ഒരു വീട്ടിൽ പോയപ്പോൾ രാത്രി അസമയമായിരുന്നു എങ്കിലും അൽപം ചോറ് കഴിക്കാം എന്നു പറഞ്ഞപ്പോൾ തൈര് ഉണ്ടോ എന്നു ചോദിച്ചു. ഉണ്ട്, പക്ഷേ പച്ചമുളക് ഇല്ല. ആതിഥേയൻ ഭയങ്കര കലാസ്വാദകനാണ്. ‘അമേരിക്കയിൽ വന്നിട്ട് ബാലചന്ദ്രമേനോൻ ഒരു മുളക് ചോദിച്ചിട്ട് തന്നില്ലെങ്കിൽ പിന്നെ എനിക്കെന്ത് വിലയാണ്’ എന്നു പറഞ്ഞ് പുള്ളി കാറെടുത്തു പോയി മുളകു കൊണ്ടുവന്ന് കഴിച്ചത് എനിക്കോർമയുണ്ട്. മൂന്നു വർഷം കഴിഞ്ഞ് അമേരിക്കയിൽ പോയപ്പോൾ ഈ സുഹൃത്തിന്റെ വീട്ടിൽ പോയി. ഭക്ഷണം കഴിക്കാനിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ആദ്യം കൊണ്ടു വച്ചത് പച്ചമുളകാണ്. പച്ചമുളകുമായി ലിങ്ക് ചെയ്താണ് അദ്ദേഹം എന്നെ ഓർമിക്കുന്നത്. നമ്മുടെ ഇത്തരം ശീലങ്ങളെ മറ്റുള്ളവർ കാര്യമായി ശ്രദ്ധിക്കും.

ഇവിടെ ഈ പച്ചമുളക് എന്റെ മനസ്സിലേക്കു കൊണ്ടു വന്ന കഥ എന്റെ കുടുംബവുമായി ബന്ധപ്പെട്ടതാണ്. എന്റെ മകൾ ഭാവന, ഇപ്പോൾ വിവാഹം കഴിച്ച് ന്യൂജഴ്സിയിലാണ്. അവളുടെ വിവാഹ നിശ്ചയത്തിന് ഫുഡ് ഏർപ്പാട് ചെയ്യണം. ഇങ്ങനെയുള്ള കാര്യങ്ങൾ വരുമ്പോൾ കഥ, തിരക്കഥ, സംഭാഷണം സംവിധാനം പോലെ എല്ലാക്കാര്യത്തിലും ഇടപെടുന്ന ആളാണ് ഞാൻ. എല്ലാം വൃത്തിയായിട്ടിരിക്കണം. അപ്പോൾ ‍ഞാൻ ഭാര്യയുമായി ആലോചിച്ചു, വിവാഹ നിശ്ചയമായതുകൊണ്ട് വെജിറ്റേറിയൻ ഫുഡ് മതി, ഇലയിട്ട ഭക്ഷണം. അങ്ങനെ ഇവിടുത്തെ ഒരു സ്റ്റാർ ഹോട്ടൽ ഫിക്സ് ചെയ്തു. ഞങ്ങൾ അവിടെ ചെന്നപ്പോൾ സ്റ്റാർ ഹോട്ടലുകാർ കോട്ടും സ്യൂട്ടും ഒക്കെ ഇട്ട് റെഡിയായി നിൽക്കുകയാണ്, ഭടൻമാരെപ്പോലെ ഒരു യുദ്ധത്തിന് തയാറായി. ഞാൻ പറഞ്ഞു: ‘എന്റെ മകളുടെ വിവാഹ നിശ്ചയമാണ്. അതിന് ഇത്ര ആൾക്കാരുണ്ടാവും. ലഞ്ചാണ് പ്രധാനം’. അവർ ഓകെ പറഞ്ഞു, പക്ഷേ ഐറ്റംസ് എല്ലാം ഹെവിയാണ് ഞാൻ പറഞ്ഞു, എനിക്കതല്ല വേണ്ടത്, ഇലയിൽ വിളമ്പണമെന്നാണ് ആഗ്രഹം.

അപ്പോൾ അതിലെ കോട്ടിട്ട ഒരു പ്രധാനി പറഞ്ഞു: ‘സാർ ഇപ്പോഴത്തെ ചുറ്റുപാടിൽ ഇലയിലൊക്കെ ഭക്ഷണം വേണോ?’ ഇലയിൽ വിളമ്പണം എന്നു തന്നെ ഞാൻ പറഞ്ഞു. ‘നിങ്ങൾക്ക് സൗകര്യം ഇല്ലെങ്കിൽ ഞാൻ പുറത്തു നിന്ന് ഓർഡർ ചെയ്യാം’ എന്നു പറഞ്ഞപ്പോൾ, അതു പറ്റില്ല അവർ തന്നെ ഏർപ്പാടാക്കാം എന്നു പറ‍ഞ്ഞു. അങ്ങനെയാണെങ്കിൽ നിങ്ങള്‍ എന്താണ് വിളമ്പുന്നതെന്ന് എനിക്കൊരു ട്രയൽ തരണം, ഞാൻ കഴിച്ചിട്ട് അഭിപ്രായം പറയാം എന്നു പറഞ്ഞു. അങ്ങനെ ഒരു ദിവസം ഫിക്സ് ചെയ്തു ഞാനും ഭാര്യയും കൂടി ഭക്ഷണം കഴിക്കാൻ പോയി. നമുക്ക് ആരംഭിക്കാം എന്നു പറഞ്ഞ് ആദ്യം തന്നെ ഇല തിരിച്ചിട്ടു. അപ്പോൾ അവർക്കത് ശീലം ഇല്ലെന്നു മനസ്സിലായി. ഇങ്ങനെയല്ലെന്നു പറഞ്ഞ് ഞാൻ ഇല നേരേയിട്ടു. അപ്പോൾ പുള്ളി ചോദിച്ചു: ‘സാർ ഇത് ഇങ്ങനെയാണോ ഇടുന്നത്’. അതെ, ഇല ഇടുന്നതിന് ഒരു രീതിയുണ്ട്, വിഭവങ്ങൾ വിളമ്പുന്നതിന് ഒരു താളമുണ്ട്, അതൊന്നും ഇപ്പോൾ ഇല്ല. ഇപ്പോൾ, നിന്ന നിൽപിൽ ഒരു ഭാഗത്ത് ചെവിയിൽ ഫോണും വച്ച് അടുത്തയാളോട് സംസാരിച്ച് വായിലേക്കു ചോറ് വാരിയിടുന്നതിനാണ് ഭോജനം എന്നു വിളിക്കുന്നത്. ഞാനതിനെതിരാണ്. ഭക്ഷണം സ്വാദ് ആസ്വദിച്ചു തന്നെ കഴിക്കണമെന്ന് കരുതുന്ന ആളാണ് ഞാൻ.

അവർ സദ്യയ്ക്കുള്ള എല്ലാ ഐറ്റംസും വിളമ്പി ഞാൻ ടേസ്റ്റൊക്കെ നോക്കി അഭിപ്രായം പറഞ്ഞു. ഇതു കൊള്ളാം. പിന്നെ ഇലകൾ ഫ്രഷായിരിക്കണം, കണ്ടാൽ ഒരു കുളിർമയൊക്കെ തോന്നണം. ഇനി എനിക്ക് ഒരു അഭിപ്രായം ഉള്ളത്, സദ്യയ്ക്കൊപ്പം ഒരു വെള്ള പോഴ്സലൈൻ പാത്രത്തിൽ നല്ല കട്ടത്തൈരും അതിനു മുകളിൽ നല്ലൊരു പച്ചമുളകും വേണം, പച്ചമുളക് ഐസിയുവിൽ കിടക്കുന്ന വൃദ്ധനെപ്പോലെയാവരുത്. നല്ല തുടിപ്പു വേണം. യൗവ്വനം തോന്നുന്ന ഒരു മുളക്. അപ്പോൾ, കോട്ടിട്ട നമ്മുടെ മോഡേൺ ചിന്താഗതിക്കാരനെന്നു വിശ്വസിക്കുന്ന ആൾ പറഞ്ഞു: ‘സാർ അതൊക്കെ വേണോ? ഇതൊരു സ്റ്റാർ ഹോട്ടലാകുമ്പോൾ അതിന്റെ രീതിയിൽ തന്നെ ഞങ്ങൾ ശ്രദ്ധിക്കണ്ടേ. ഈ മുളകൊക്കെ വയ്ക്കുക എന്നു പറഞ്ഞാൽ അതൊരു കള്ളു ഷാപ്പിന്റെ....’.
ഞാൻ പറ‍ഞ്ഞു: ‘അങ്ങനെ ചിന്തിക്കരുത്. മുളക് കള്ളുഷാപ്പിലേക്കുള്ളതല്ല. അതുമാത്രമല്ല ഇതെന്റെ മകളുടെ നിശ്ചയത്തിന് ഞാൻ പ്ലാൻ ചെയ്യുന്ന സദ്യ ആയതുകൊണ്ട് എന്റെ ഇഷ്ടത്തിനു വന്നാല്‍ കൊള്ളാമെന്ന ആഗ്രഹമുണ്ട്’. സാറിന് നിർബന്ധമാണെങ്കിൽ അങ്ങനെ ചെയ്യാമെന്ന് അവർ ഏറ്റു.

നിശ്ചയം കഴിഞ്ഞു ഇലയിട്ടു ഭക്ഷണം വിളമ്പി. എല്ലാ ഇലകളുടെയും ഒരു മൂലയിൽ പാത്രത്തിൽ ഈ മുളകിങ്ങനെ ഇരിപ്പുണ്ട്. സദ്യ കഴിഞ്ഞു. നേരത്തെ എതിർത്ത സുഹൃത്ത് എന്റടുത്ത് വന്നു പറഞ്ഞു: സാറെന്നോട് ക്ഷമിക്കണം ഞാൻ എതിർത്തതു തെറ്റായിപ്പോയി. ഞാൻ പല സദ്യയും കൊടുത്തിട്ടുണ്ട്. പക്ഷേ എല്ലാ ആൾക്കാരും ഊണ് കഴിക്കുന്നതിന് മുൻപ് ആ തൈര് എടുത്ത് ചോറിലൊഴിച്ച് പച്ചമുളകു ഞെവടി കഴിക്കുന്നത് ഞാൻ കണ്ടു. ഏറ്റവും തമാശ, ആദ്യം അത് ചെയ്തതു സാറിന്റെ മരുമോനാകാൻ പോകുന്ന ചെറുപ്പക്കാരനാണ്. അപ്പോൾ പുതിയ തലമുറയ്ക്കും അത് ഇഷ്ടമായെന്ന് എനിക്ക് മനസ്സിലായി. ഇപ്പോൾ എനിക്ക് തോന്നുന്നു, സാർ ഇങ്ങനെയുള്ള പൊടി വിദ്യകളാണ് സാറിന്റെ സിനിമയിൽ പ്രയോഗിച്ചിട്ടുള്ളത്.’

ഞാൻ പറഞ്ഞു വരുന്നത്, നമ്മുടെ മനസ്സിലുള്ള ഇൻഹിബിഷൻസ് മാറ്റുക. പ്രത്യേകിച്ച് ആഹാരത്തിന്റെ കാര്യത്തിൽ. ആഹാരം ആസ്വദിക്കാൻ വേണ്ടി ഉണ്ടാക്കുന്നതാണ്. ‘One man's food is other man's poison എന്നു പറയും. നമുക്ക് എന്താണ് ഇഷ്ടം, ആ ഇഷ്ടം നോക്കി ഭക്ഷണം കഴിക്കണം. മറ്റൊരാളിന്റെ ഭക്ഷണ കാര്യത്തിൽ നമ്മൾ ഇടപെടരുത്. മറ്റൊരാൾ ഭക്ഷണത്തോടൊപ്പം പപ്പടം കഴിക്കാനിരിക്കുമ്പോൾ, ‘പപ്പടം കഴിക്കരുത് കേട്ടോ ഒരുപാട് ഉപ്പാണ്’, അല്ലെങ്കിൽ ലഡു കഴിക്കുമ്പോൾ ‘ലഡു കഴിക്കരുത് കേട്ടോ അത് ഷുഗറാ’ ഇങ്ങനെ പറഞ്ഞ് ഭക്ഷണത്തെ വിഷമാക്കി പേടിപ്പിക്കരുത്. നമ്മള്‍ ജീവിക്കുന്നതു തന്നെ സത്യം പറഞ്ഞാൽ ഭക്ഷണത്തിനുവേണ്ടിയാണ്. എന്തൊക്കെ സാഹിത്യം പറ‍ഞ്ഞാലും ഈ ഭക്ഷണമൊക്കെ കഴിച്ച ഊർജത്തില്‍ നിന്നാണ് ഈ വേദാന്തമൊക്കെ വരുന്നത്. അതുകൊണ്ട് നല്ല ഭക്ഷണം കഴിക്കാനുള്ള മനഃസ്ഥിതി ഉണ്ടാവണമെന്നുണ്ടെങ്കിൽ നമ്മൾ നല്ല മനസ്സോടുകൂടിത്തന്നെ ഭക്ഷണത്തെ സമീപിക്കണം. എന്തും ലോകത്ത് സൃഷ്ടിച്ചിരിക്കുന്നത് നമുക്ക് ആസ്വദിക്കാനാണ്. സന്തോഷത്തിന്റെ ഒരു മാധ്യമമായി ഭക്ഷണത്തെ കാണണം.

എന്നു മാത്രമല്ല പച്ചമുളകിനെ സ്നേഹിക്കണം. പച്ചമുളക് ആരോഗ്യത്തിന് നല്ലതാണെന്നു പലരും പറയാറുണ്ട്. അവൻ മുളക് കഴിക്കുകയാണ് ചോര നീരായി പോകുമെന്നു പണ്ടുള്ളവർ പറയാൻ കാരണം, കാന്താരി മുളക് പതിവായി കഴിക്കുന്നത് രക്തത്തിലെ കൊഴുപ്പിനെ കുറയ്ക്കുകയും കൊളസ്ട്രോൾ കുറയുകയും ചെയ്യും. എന്തും അളവിൽ കഴിച്ചാൽ ആരോഗ്യത്തിന് സുഖപ്രദമാണ്. ഇതാണ് പച്ചമുളകിനെക്കുറിച്ചുള്ള എന്റെ പുരാണം. ഇനി എവിടെയെങ്കിലും പച്ചമുളക് കണ്ടാൽ നിങ്ങൾ അറിയാതെ എങ്കിലും എന്നെ ഓർക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA