ADVERTISEMENT

ചിരട്ടപ്പുട്ട് ചിരട്ടയിൽ തന്നെ മുന്നിലെത്തുന്നു. സാധാരണ ചിരട്ടപ്പുട്ട് എന്നു പറഞ്ഞാൽ അതു ചിരട്ടയിൽ ഉണ്ടാക്കണമെന്നില്ല. ചിരട്ട പോലുള്ള പാത്രത്തിലുണ്ടാക്കിയാൽ മതി. എന്നാൽ ചിരട്ടയോടെ തന്നെ പുട്ട് മുന്നിലെത്തുന്ന സ്ഥലമാണ് ആയുഷ്.

തൃശൂർ വടക്കേ ബസ് സ്റ്റാൻ‌ഡിനടുത്ത് ദേവസ്വം കോംപ്ലക്സിലുള്ള ആയുഷ് റസ്റ്ററന്റ് ഭക്ഷണത്തെ സ്നേഹപൂർവം കാണുന്ന സ്ഥലങ്ങളിലൊന്നാണ്. മസ്കറ്റിലുള്ള നാലു ചെറുപ്പക്കാർ ചേർന്നു തുടങ്ങിയൊരു സംരഭം.

ചിരട്ടപ്പുട്ടിനൊരു നാടൻ ഗന്ധമുണ്ട്. ചൂടുള്ള പുട്ട് കടലക്കറിയിലേക്കു മുക്കുമ്പോൾ അതു സ്വാദിനൊടൊപ്പം തരുന്നതൊരു ഫീൽ കൂടിയാണ്. ഓൺലൈനിൽ ഓർഡർ ചെയ്യുമ്പോഴും ചിരട്ടയോടു കൂടിയാണ് പുട്ടു നൽകുന്നത്. കൃത്രിമ നിറങ്ങൾ, സ്വാദുകൾ എന്നിവ ഉപയോഗിക്കില്ലെന്നു ഡയറക്ടർമാരിൽ ഒരാളായ ടി.പ്രകാശ് പറഞ്ഞു. പാൽ എടുക്കുന്നതു ഫാമിൽ നിന്നാണ്, പാക്കറ്റിൽ നിന്നല്ല. പച്ചക്കറികൾ കീടനാശിനി കളയാനുള്ള ലായനിയിൽ കഴുകിയേ എടുക്കൂ. ദോശ, അപ്പം, ഇഡ്ഡലി എന്നിവയെല്ലാമായി 8.30നു തുറക്കും. ഇഡ്ഡലി വീട്ടിലുണ്ടാക്കുന്നതുപോലുള്ള ഇഡ്ഡലിയാണ്, പൂച്ചയെ എറിയാനുള്ള തനി ഹോട്ടൽ ഇഡ്ഡലിയല്ല.

ഉച്ചയൂൺ താലി മീൽസ് തന്നെയാണ്. സൂപ്പിലും റൊട്ടിയിലും തുടങ്ങി മധുരത്തിൽ അവസാനിക്കുന്ന ഊണ്. ഉത്തരേന്ത്യൻ ഊണും ഇവിടെ കിട്ടും. വൈകിട്ടു ചാട്ടുകളുണ്ട്. ശരിക്കും ഒറിജിനൽ ചാട്ട്. രുചിയുടെ കാര്യത്തിൽ അസ്സൽ ഉത്തരേന്ത്യൻ ചാട്ട്. അതുകൊണ്ടുതന്നെ പലർക്കും ഇതു നൊസ്റ്റാൾജിയ തീർക്കാനുള്ള സ്ഥലമാണ്.

രാത്രിയിൽ തന്തൂർ, കബാബ് തുടങ്ങിയ വിഭവങ്ങളിലേക്കു നീങ്ങുന്നു. ഇവിടെ ഉപയോഗിക്കുന്നതു പരമ്പരാഗത രീതിയിൽ  വീട്ടിലുണ്ടാക്കുന്ന മസാലയാണ്. അതിന്റെ മേന്മ കാണുന്നതു രാത്രിഭക്ഷണത്തിലാണ്. കറികളിൽ മസാലയുടെ അധികപ്രസംഗമില്ല. തുറന്ന അടുക്കളയാണ് ആയുഷിലേത്. പാചകക്കാരുമായി നിങ്ങൾക്കു സംസാരിക്കുകയോ അവരോടു വിഭവത്തിൽ പ്രത്യേകമായി എന്തെങ്കിലും ചേർക്കണമെന്നു പറയുകയോ ചെയ്യാം. താഴെത്തെ നിലയിലാണ് അടുക്കള. കണ്ടുകൊണ്ടു ഭക്ഷണം കഴിക്കണമെങ്കിൽ താഴെ ഇരിക്കണം. വീട്ടിലേതു പോലുള്ള ഭക്ഷണമെന്ന സ്വപ്നത്തിലാണ് റസ്റ്ററന്റ് തുടങ്ങിയത്. തനി വീട്ടു ഭക്ഷണമെന്നു പറയാനാകില്ലെങ്കിലും ആ സ്വപ്നം ഏറെക്കുറെ നിലനിർത്താനായി. വൃത്തിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. പാചകത്തിൽ തനതായൊരു ആയുഷ് മുദ്രയുണ്ട്. സ്വാദുണ്ടാക്കുന്നതും ആ മുദ്ര തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com