ADVERTISEMENT

കേരളത്തിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖല കയ്യടക്കുന്ന രാജ്യാന്തര ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് വെല്ലുവിളിയുമായി ഒരു മലയാളി ആപ് – ‘ഫുഡോയെസ്’(foodoyes)

ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിൽ കേരളത്തിലെ എല്ലാ ഹോട്ടലുകളെയും ഒറ്റ പ്ലാറ്റ്ഫോമിൽ അണിനിരത്താനാണ് ‘ഫുഡോയെസ്’ ആപ്പിന്റെ അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. മലയാളിത്വമുളള ആപ്പിന്റെ കടന്നുവരവിൽ ഹോട്ടലുടമകളും പിന്തുണയറിയിച്ചിട്ടുണ്ട്. വയനാട് ബത്തേരിയിലെ യുണീക് ഡോട്‌സ് കമ്പനി ഉടമയായ അനു കൃഷ്ണനും സഹോദരന്‍ മനു കൃഷ്ണനും ചേര്‍ന്നാണ് പുതിയ ആശയം കണ്ടെത്തിയതും ആപ്ലിക്കേഷന്‍ വികസിപ്പിച്ചതും.

ഓരോ ഹോട്ടലുകള്‍ക്കും സ്വന്തമായൊരു ആപ്പ് വികസിപ്പിച്ചു നല്‍കുകയാണ് യുണീക് ഡോട്‌സ് ചെയ്യുന്നത്. ആപ്പിലൂടെ ഹോട്ടലുകള്‍ക്ക് സ്വന്തം ബ്രാൻഡില്‍ ഭക്ഷണം ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ കഴിയും. ആപ്പ് അപ്ഡേഷനും മറ്റുമായി മാസം നിശ്ചിത തുക നല്‍കിയാല്‍ മതി. ഫുഡോയെസ് എന്ന ആപ്പ് ആണ് ഇൻസ്റ്റാൾ ചെയ്യുന്നതെങ്കിൽ എല്ലാ ഹോട്ടലുകളും ഇതിൽ ലഭ്യമാകും. ആപ്പിന്റെ ഹോംപേജിൽ നിന്നും ഹോട്ടൽ തിരഞ്ഞെടുത്ത് ആ ഹോട്ടലിന്റെ ആപ്പിലേക്ക് പോകാൻ സാധിക്കും.  

ഒരു സ്ഥലത്തുനിന്നും ബിരിയാണി ഓര്‍ഡര്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കിൽ, ആദ്യം ബിരിയാണി ലഭിക്കുന്ന ഹോട്ടലുകള്‍ ഫുഡോയെസിന്റെ ഹോമില്‍ കാണാം. അതില്‍ നിന്നും ഹോട്ടല്‍ തിരഞ്ഞെടുത്താല്‍ ഹോട്ടലിന്റെ ആപ്പിലേക്ക് കയറാനാകും. പിന്നീടുള്ള ഇടപാടുകള്‍ ഹോട്ടലും ഉപയോക്താവും തമ്മിലായിരിക്കും. കാഷ് ഓണ്‍ ഡെലിവറിയായിട്ടാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഹോട്ടലുകള്‍ക്ക് സ്വന്തം നിലയില്‍ ഉപയോക്താവിലേക്ക് ഭക്ഷണം എത്തിച്ചുനല്‍കാം. ഇതിനുള്ള സൗകര്യമില്ലെങ്കില്‍ ഫുഡോയെസിന്റെ ഡെവിലറി സംവിധാനം ഉപയോഗപ്പെടുത്താം. ഫുഡോയെസ് ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് പകരമായി ഏതെങ്കിലും ഒരു ഹോട്ടലിന്റെ ആപ് മാത്രമായും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആര്‍എ) ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ പദ്ധതിയുമായി സഹകരിക്കാൻ ഹോട്ടലുകൾ തയാറാണെന്ന് അറിയിച്ചു. ഇതുവരെ 200 ഹോട്ടലുകൾ ആപ് നിർമിക്കാനാവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളത്താണ് പദ്ധതി ആദ്യം നടപ്പാക്കാനുദ്ദേശിക്കുന്നത്.

ആന്‍ഡ്രോയിഡിലും ഐഒഎസ്സിലും ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാവും. കേരളത്തിലെ എല്ലാ ജില്ലകളിലുള്ള ഹോട്ടലുകളും ഫുഡോയെസിന്റെ ഭാഗമാകുന്നതിനായി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബിടുപി (B2P) ഇന്റർനാഷനൽ എന്ന കമ്പനിയാണ് ഫുഡോയെസിന്റെ മാർക്കറ്റിങ് നടത്തുന്നത്.  

ഹോട്ടലുകളില്‍ ഓഡര്‍ ചെയ്ത ഭക്ഷണം ലഭിക്കാനുള്ള സമയ നഷ്ടം ഒഴിവാക്കുന്നതിനായി, ഹോട്ടലുകളില്‍ എത്തുന്നതിനുമുമ്പേ മുന്‍കൂട്ടി ഭക്ഷണം ബുക്ക് ചെയ്യുന്നതിനുള്ള 'പ്രീ ബുക്കിങ്' സംവിധാനവും അടുത്ത ഘട്ടത്തില്‍ നടപ്പാക്കാനാണ് ഇവരുടെ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com