ADVERTISEMENT

ഹൃദയത്തിന് പ്രായഭേദ്യമന്യേ രോഗങ്ങളുണ്ടാകുന്ന ഒരു കാലമാണിത്. ഇതിന് കാരണമാകുന്നത് ഭക്ഷണ- ജീവിതശീലങ്ങളിലെ തകരാറുകളാണ്. സ്ട്രെസ്, വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവയാണ് ഇതിന് കാരണമായി എടുത്തു പറയേണ്ടത്. ഹൃദയമിടിപ്പാണ് ഒരാളുടെ ജീവൻ നിലനിർത്തുന്നത്. ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നത് പല രോഗങ്ങളുടേയും സൂചനയാണ്. ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ഹൃദ്രോഗങ്ങൾക്ക് കാരണമാകും. കൊളസ്ട്രോള്‍ ശരീരത്തിന് ആവശ്യമായ ഒരു ഘടകമാണ്. എന്നാൽ അതിന്റെ അളവ് കൂടുകയോ, ശരീരത്തിന് ആവശ്യമായ നല്ല കൊളസ്ട്രോൾ (HDL) കുറയുന്നതും നല്ലതല്ല. ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ ഹൃദയധമനികളുമായി ബന്ധപ്പെട്ട ഹൃദ്രോഗങ്ങളുടേയും ഹൃദയാഘാതത്തിന്റേയും ഹേതുവാണ്. രക്തധമനികളിൽ കൊഴുപ്പടിഞ്ഞ് പ്ലേക്കുകൾ രൂപം കൊള്ളുകയും രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അമിതമായ ശരീരഭാരവും പൊണ്ണത്തടിയും ഉയർന്ന എൽ.ഡി.എൽ (LDL) നിലയിലേക്ക് എത്തിയ്ക്കും. കരൾ രോഗങ്ങൾ, വൃക്കരോഗങ്ങൾ, പ്രമേഹം, പോളി സിസ്റ്റിക്ക് ഓവറി ഡിസീസ്, തൈറോയിഡ് ഗ്രന്ഥിയുടെ തകരാർ എന്നിവ ചീത്ത കൊളസ്ട്രോളിന്റെ തോതിനെ വർദ്ധിപ്പിക്കുന്നു. 

കുട്ടികളുടെ ഭക്ഷണം ചെറുപ്പത്തിൽ തന്നെ  ശ്രദ്ധിക്കണം. എണ്ണയില്‍ വറുത്തു കോരിയതും ബേക്കറി ഭക്ഷണങ്ങളും പരസ്യങ്ങളിൽ കാണുന്ന ഫാസ്റ്റ് ഫുഡുകളും അമിതമായി ഉപയോഗിക്കുന്നത് ഹൃദ്രോഗത്തെ ക്ഷണിച്ചുവരുത്തും.

ഹൃദയാരോഗ്യത്തിന് പ്രഭാതഭക്ഷണങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. രാവിലെ ഭക്ഷണം കഴിക്കാതിരുന്നാൽ ഇത് മെറ്റ ബോളിസത്തെ തകരാറിലാക്കും. ഒരു ദിവസത്തെ ഊർജ്ജത്തിന്റേയും പ്രോട്ടീന്റേയും മൂന്നിൽ ഒന്ന് പ്രഭാതഭക്ഷണത്തിൽ നിന്നായിരിക്കണം. ഉയർന്ന രക്തസമ്മർദ്ദവും രക്തത്തിലെ ലിപ്പിഡ് നിരക്കും കുടവയറും തമ്മിൽ നല്ല ബന്ധമുണ്ട്. ആന്തരീകാവയവങ്ങളിൽ കൊഴുപ്പടിയുന്നതാണ് ഇതിന് കാരണം. ഇത് ഇൻസുലിന്റെ നിയന്ത്രണം തകരാറിലാക്കി രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോൾ നിലയും വർദ്ധിപ്പിക്കുന്നു. പുകവലി രക്തക്കുഴലുകളുടെ വ്യാസം കുറച്ച് രക്തയോട്ടം തടസ്സപ്പെടുത്തുന്നു. പുകയിലയിലുള്ള നിക്കോട്ടിൻ രക്തസമ്മർദ്ദം ഉയർത്തി രക്തക്കുഴലുകളെ ചുരുക്കുന്നു. മദ്യപാനം കാർഡിയോ മയോപ്പതി എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. 

കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണം ഒഴിവാക്കാൻ ശ്രദ്ധിക്കുക. ചുവന്ന ഇറച്ചികൾ (കാള, പോത്ത്, പന്നി, മാട്ടിറച്ചി), എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ,  ബേക്കറി പലഹാരങ്ങൾ, കൃത്രിമ പാനീയങ്ങൾ, അച്ചാർ പപ്പടം, ഉണക്കമീൻ, ഉപ്പ് അധികമുള്ള ആഹാരപദാർത്ഥങ്ങൾ എന്നിവ പതിവായി കഴിക്കരുത്. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നത് മത്സ്യങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. മത്തി, അയല, ചൂര എന്നിവയിലുള്ള ഒമേഗ 3 ഫാറ്റി ആസിഡും കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനും ഹൃദയത്തെ സംരക്ഷിക്കുന്നു. ഈ കൊഴുപ്പ് ട്രൈഗ്ലിസറൈഡ് കുറച്ച് നല്ല കൊള സ്ട്രോൾ (HDL) കൂട്ടും. ഇത് രക്തക്കുഴലുകളുടെ ഇലാസ്തി കത കൂട്ടി രക്തം കട്ടപിടിക്കുന്ന പ്രവണത കുറയ്ക്കും. 

ഫ്ലാക്സ് സീഡിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകളും നാരുകളും ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. പഴങ്ങളിലും പച്ചക്കറികളിലുമുള്ള വിറ്റമിൻ ഇ, സി, എ, സെലിനിയം എന്നിവ ധമനികളിൽ പ്ലേക്ക് ഉണ്ടാകുന്നത് തടഞ്ഞ് ഹൃദയാഘാതത്തിൽ നിന്നും സംരക്ഷണം നൽകും. ബദാം, വാൾനട്സ്, കശുവണ്ടി എന്നിവയിലുള്ള അപൂരിത കൊഴുപ്പ് ചീത്തകൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായി ക്കുന്നു. ദിവസവും 6–8 എണ്ണം എന്ന ക്രമത്തിൽ മതിയാകും അതിന്റെ ഉപയോഗം. മഞ്ഞ നിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും കരോട്ടിൻ കൂടുതലായുണ്ട്. നാരുകൾ ധാരാളമടങ്ങിയ ഇലക്കറികളും പച്ചക്കറികളും ദിവസേനയുള്ള ആഹാരത്തിൽ ഉൾപ്പെടുത്തുക. പച്ചയായുള്ള സാലഡുകൾ ഉപയോഗിക്കുക വഴി രക്തത്തിലുള്ള അധിക കൊഴുപ്പിനേയും കൊളസ്ട്രോളിനേയും കുറയ്ക്കാൻ സഹായിക്കും. 

പൂരിത കൊഴുപ്പ് (വെണ്ണ, നെയ്യ്, ചുവന്ന മാംസം, പ്രോസസ്ഡ് ഫുഡ്സ്, ഹൈഡ്രോജിനേറ്റഡ് ഫാറ്റുകൾ) രക്തത്തിലെ കൊളസ്ട്രോളിന്റെ നില ഉയര്‍ത്തി ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. വീണ്ടും വീണ്ടും തിളപ്പിച്ച് ഉപയോഗിക്കുന്ന എണ്ണ  ഹൃദയത്തിന് വലിയ അപകടകാരിയാണ്. ഇതിലുള്ള ട്രാൻസ് ഫാറ്റി ആസിഡുകളാണ് ഇതിന് കാരണം. തവിട് കളയാത്ത ധാന്യങ്ങളിൽ ഫൈറ്റോ ഈസ്ട്രോജനുകളും ഫൈറ്റോസ്റ്റി റോയിഡുകളും ഉണ്ട്. ഇത് ശരീരത്തിന് ഗുണം ചെയ്യും. മുഴു ധാന്യങ്ങൾ, ഓട്സ്, ബാർലി, പയറുവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പാടനീക്കിയ പാലും കൊഴുപ്പ് കുറഞ്ഞ പാലും ഉപയോഗിക്കാം. 

ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക. ഇത് രക്തസമ്മർദ്ദം കൂട്ടി ഹൃദയാഘാതത്തിന് വരെ കാരണമാകുന്നു. 

മാനസിക സംഘർഷം നിരന്തരമായി അനുഭവിക്കുന്നവർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ മെഡിറ്റേഷൻ, യോഗ എന്നിവ ശീലിക്കാം. പതിവായുള്ള വ്യായാമം ശീലമാക്കുക. ഇത് ശരീരത്തിലെ അധിക ഊർജ്ജ ത്തേയും കൊഴുപ്പിനേയും കുറച്ച് ആരോഗ്യം പ്രദാനം ചെയ്യുന്നു. മനസ്സിനും ശരീരത്തിനും ഒരുപോലെ ഉന്മേഷം പകരുന്നു. വ്യായാമത്തെ പോലെ ഉറക്കവും ഹൃദയാരോഗ്യ ത്തിന് പ്രധാനമാണ്. ചുരുങ്ങിയത് ആറ് മണിക്കൂറെങ്കിലും ഉറക്കത്തിനായി മാറ്റിവയ്ക്കണം. ചിട്ടയായ ജീവിതചര്യ, ആരോഗ്യപ്രദമായ ഭക്ഷണവും സ്ഥിരമായുള്ള വ്യായാമം, ദുഃശ്ശീലങ്ങളോടുള്ള വിട എന്നിവ ശീലമാക്കിക്കൊണ്ട് ഹൃദയാരോഗ്യം നമുക്ക് കാത്തു സൂക്ഷിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com