ADVERTISEMENT

ചോറും ചപ്പാത്തിയും വിട്ടൊരു കളി ഇന്ത്യാക്കാർക്കില്ല. രാജ്യത്തെ മുഖ്യാഹാരങ്ങളിൽ പ്രധാനികളാണ് രണ്ടും. ആരോഗ്യപരമായ കാരണവും ഉപയോഗിക്കുന്നവരുടെ എണ്ണവും വച്ചു നോക്കിയാൽ ചപ്പാത്തി ഒരുപടി മുന്നിൽ നിൽക്കും. ദക്ഷിണേന്ത്യ വിട്ടാൽ ചപ്പാത്തി അഥവ‌ാ റോട്ടിയുടെ വൈവിധ്യ ലോകമാണ്.

maki-di-roti
മക്കി റോട്ടി

പുളിപ്പിക്കാത്ത മാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന പരന്ന പലഹാരമാണ് റൊട്ടി. ഗോതമ്പ്, ചോളം, മൈദ, അരി എന്നിവ ഉപയോഗിച്ച് റോട്ടി ഉണ്ടാക്കുന്നു. കേരളത്തിൽ ഗോതമ്പ് ചപ്പാത്തി തന്നെ ഏറ്റവും അറിയപ്പെടുന്ന റോട്ടി. ചപ്പാത്തിയുടെ സുവർണദേശമാണ് പഞ്ചാബ്. അവിടത്തെഗ്രാമീണഭവനങ്ങളിൽ ചോളംഉപയോഗിച്ചുണ്ടാക്കുന്ന മക്കി ദി റൊട്ടി സ്ഥിരം സാന്നിധ്യമാണ്.

thalipeeth-roti
തലിപീത് റോട്ടി

അയമോദകം, ചോളപ്പൊടി എന്നിവ ചേർത്താണ് മക്കി റോട്ടി ഉണ്ടാക്കുക. രുചി വർധിപ്പിക്കാൻ മുകളിൽ വെണ്ണക്കഷണങ്ങൾ തൂവിക്കൊടുക്കുകയും ചെയ്യും. മഹാരാഷ്ട്രയിലും കർണാടകയിലും ഏറെ പേരുകേട്ട റോട്ടിയാണ് ജൊലാദ റോട്ടി. ഫൈബറിന്റെ അളവ് കൂടുതലുള്ള അരിച്ചോളം ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുക. മറ്റു റോട്ടികളെ അപേക്ഷിച്ച് തീരെ മാർദവമില്ലാത്തതാണ് ജൊലാദ റോട്ടി.

rumali-roti
റുമാലി റോട്ടി

മഹാരാഷ്ട്രയിലെ വളരെ വ്യത്യസ്തമായ മറ്റൊരു റോട്ടിയാണ് തലിപീത്. വ്യത്യസ്ത ധാന്യപ്പൊടികളാണ് തലിപീത് ഉണ്ടാക്കാൻ ഉപയോഗിക്കുക. കപ്പപ്പൊടി, കൊത്തമല്ലി, ജീരകപ്പൊടി, അരിപ്പൊടി, ഗോതമ്പ് പൊടി  എന്നിവചേർത്തു കുഴച്ച മാവ് പരത്തി തലിപീത് ചുട്ടെടുക്കുന്നു. വെണ്ണ മേമ്പൊടി ചേർത്താൽ രുചി കൂടും. മൈദ പ്രധാന ചേരുവയാകുന്ന, റോട്ടികളിലെ താരസാന്നിധ്യമാണ് റുമാലി റോട്ടി. റുമാലി എന്നാൽ ഹിന്ദിയിൽ തൂവാല എന്നാണ് അർഥം. റുമാലി റോട്ടി കഴിക്കുന്നവർ ആ പേര് അർഥവത്താണെന്നു സമ്മതിക്കും. തൂവാല പോലെ നാലായിമടക്കിവച്ചിരിക്കുന്ന റുമാലി റോട്ടി ഇന്ത്യയിലെ റോട്ടികളിൽ ഏറ്റവും മൃദുലമായതുമാണ്. തന്തൂരി അടുപ്പിലാണ് റുമാലി റോട്ടി പാകം ചെയ്യുക. ഉത്തരേന്ത്യയിൽ വ്യാപകമായി ലഭ്യമാണ്.

പേർഷ്യയിൽനിന്നു വന്ന് ഉത്തർ പ്രദേശിന്റെ ഹൃദയം കീഴടക്കിയ സുന്ദരൻ റോട്ടിയാണ് ടഫ്താൻ. പാല്, വെണ്ണ, മുട്ട എന്നിവ ചേർത്ത മാവ് കളിമൺ അടുപ്പിൽ ചുട്ടെടുക്കുന്നതാണ് പരമ്പരാഗത ടഫ്താൻ.

misis-roti
മിസി റോട്ടി

ചെറുപയറു പൊടി ഉപയോഗിച്ച് ആന്ധ്രപ്രദേശുകാർ ഉണ്ടാക്കുന്ന രുചികരമായ റോട്ടിയാണ് പിസാറട്ടു. ആന്ധ്രയിലെ പ്രഭാതഭക്ഷണങ്ങളിൽ പ്രധാനിയാണ് പിസാറട്ടു. ബജ്‌റ ധാന്യം ഉപയോഗിച്ച് രാജസ്ഥാൻകാർ പരമ്പരാഗതമായി ഉണ്ടാക്കുന്ന ബജ്‌ററോട്ടി രുചിയുടെ മറ്റൊരു തലം സമ്മാനിക്കും. ബജ്‌റ റോട്ടിക്ക് തനതു രുചി ലഭിക്കണമെങ്കിൽ ഉണക്കച്ചാണകം വച്ച് അടുപ്പ് കത്തിച്ച്, ആ തീയിൽ നേരിട്ട് വേവിച്ചെടുക്കണം. പുകരുചിയാണ് ബജ്‌റ റോട്ടിയുടെ വ്യക്തിത്വം.

akki-roti
അക്കി റോട്ടി

ഗോതമ്പ് പൊടി, കടലമാവ് എന്നിവ ചേർത്ത് കുഴച്ച് പരത്തി വളരെ എളുപ്പത്തിൽ സാധാരണ തവയിൽ ചുട്ടെടുക്കാവുന്നതാണ് മിസി റോട്ടി. ര‌ുചി കൂട്ടാൻ ഉള്ളി, വെളുത്തുള്ളി എന്നിവയും ഇതിനൊപ്പം ചേർക്കാം. ഉത്തർ പ്രദേശ്, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലെ പ്രിയഭക്ഷണമായ ബട്ടർ നാൻ കേരളത്തിലും ഇന്ന് ഏറെ പ്രചാരത്തിലുണ്ട്. തന്തൂരി അടുപ്പിലും സാധാരണ സ്റ്റൗവിലും ബട്ടർ നാൻ പാകം ചെയ്യുന്നു.

sheermal
ശ്രീമൽ റോട്ടി

അരിപ്പൊടി ഉപയോഗിച്ച് ഉണ്ടാക്കുന്ന ദക്ഷിണേന്ത്യയുടെ സ്വന്തം റോട്ടിയാണ് അക്കി റോട്ടി. കർണാടകയാണ് ജന്മദേശം. അക്കിയെന്നാൽ കന്നടത്തിൽ അരി എന്ന് അർഥം. വളരെ സമ്പുഷ്ടമാണ് അക്കി റോട്ടിയുടെ ചേരുവ. അരിപ്പൊടിക്കൊപ്പം കടലപ്പരിപ്പ്, തേങ്ങ, സവാള, മല്ലിയില, പച്ചമുളക്, ജീരകം എന്നിവ മാവിൽ ചേർക്കുന്നു. കോട്ടൺ തുണിയിലോ, വാഴയിലയിലോ ആണ് അക്കി റോട്ടി പാചകം ചെയ്യുക.

രാജ്യത്തെ ഏറ്റവും സമ്പന്നനായ റോട്ടിയെന്നു വിളിക്കാം ലക്‌നൗവിലുംഹൈദരാബാദിലും പ്രചാരത്തിലുള്ള ശ്രീമലിനെ. കുങ്കുമപ്പൂവാണ് ശ്രീമലിന്റെ ചേരുവകളിൽ പ്രധാനം. ധാരാളം വെണ്ണയും ഉപയോഗിക്കുന്ന ശ്രീമലിനായി മാവ‌ു കുഴയ്ക്കുന്നത് വെള്ളത്തിനു പകരം പാൽ ഒഴിച്ചാണ്. മധുരമാണ് ശ്രീമലിന്റെ അടിസ്ഥാന രുചി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com