ADVERTISEMENT

മുട്ടയുടെ ഗുണങ്ങൾ പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് ലോക മുട്ട ദിനമായി ആചരിക്കുന്നത്. ഗുണനിലവാരമുള്ള മാംസ്യാഹാരം എന്ന നിലയ്‌ക്കാണ് മുട്ടയെ കാണുന്നത്. മഞ്ഞക്കരുവിൽ കൊഴുപ്പും ജീവകവും ധാതുക്കളും വെള്ളയിൽ പ്രോട്ടീനും ഉണ്ട്.  മുട്ടയിലെ പ്രോട്ടീൻ എളുപ്പത്തിൽ ദഹിക്കുകയും ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. 

കോഴി, താറാവ്, കാട എന്നിവയുടെ മുട്ടകളിൽ കോഴിമുട്ട ആണ് ഏറ്റവുമധികം വിറ്റുപോകുന്നത്. സ്കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസം കുട്ടികളുടെ ഉച്ച ഭക്ഷണത്തിലും കോഴിമുട്ട ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഇടുക്കി ജില്ലയിൽ വിതരണത്തിനുള്ള കോഴിമുട്ട എത്തുന്നതു തമിഴ്നാട്ടിലെ നാമക്കലിൽ നിന്നാണ്. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും താറാവ് മുട്ട എത്തുന്നത്.  തൊടുപുഴയിലെ മൊത്ത വ്യാപാര സ്ഥാപനത്തിൽ നിന്നു പ്രതിദിനം പതിനയ്യായിരത്തോളം മുട്ട വിവിധ കടകളിലേക്കും ഹോട്ടലുകളിലേക്കുമായി വിറ്റുപോകുന്നുണ്ടെന്ന് കടയുടമ പറയുന്നു. 

കോഴി മുട്ടയ്ക്ക് ഇപ്പോൾ 5 രൂപയാണു തൊടുപുഴ മേഖലയിൽ ചില്ലറ വില. താറാവ് മുട്ടയ്ക്ക് 9 രൂപയും. ഒരു കോഴിമുട്ടയ്‌ക്ക് 55 ഗ്രാം മുതൽ 60 ഗ്രാം വരെ ഭാരമുണ്ടാകും. താറാവ് മുട്ടയ്‌ക്ക് ആകട്ടെ 75 ഗ്രാം മുതൽ 80 ഗ്രാം വരെയും. നാടൻ കോഴി മുട്ടയ്ക്ക് കൂടുതൽ രുചിയും മണവും പോഷക മൂല്യവും ഉണ്ട്. കടയിൽ നിന്ന് വാങ്ങുന്ന മുട്ട രണ്ടാഴ്ചയിൽ കൂടുതൽ പുറത്തു വയ്ക്കരുത്. 

വേനൽക്കാലത്ത് മുട്ട വേഗം കേടു വരും. ഉള്ളിൽ ഭ്രൂണമുള്ള മുട്ടയും പെട്ടെന്ന് കേടാകും. അതേസമയം, തണുപ്പ് അറയിൽ സൂക്ഷിക്കുന്ന മുട്ട ദീർഘനാൾ കേടുകൂടാതെ ഇരിക്കും. വീട്ടാവശ്യത്തിനുള്ള മുട്ടയ്‌ക്കായി വീട്ടിൽ തന്നെ കോഴി വളർത്തുന്നതാണ് നല്ലത്. ഏറ്റവും കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ ഏർപ്പെടാവുന്ന മേഖലയാണു കോഴിവളർത്തൽ.  ഇടുക്കി ജില്ലയിലെ ജനസംഖ്യ വച്ച് ഇവിടെ ആവശ്യത്തിനു മുട്ടയുടെയും മാംസത്തിന്റെയും ഉൽപാദനം നടക്കുന്നില്ലെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് പിആർഒ ഡോ. ബിജു.ജെ. ചെമ്പരത്തി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com