ഓരോ ദിവസവും മലയാളി പാഴാക്കുന്ന ഭക്ഷണം എത്രയെന്നറിയാമോ?

Food
SHARE

ഏറ്റവും കൂടുതൽ ഭക്ഷണം പാഴാക്കി കളയുന്നത് എവിടെയാണെന്നറിയാമോ? ഏതെങ്കിലും ഹോട്ടലിനെയൊ കല്ല്യാണ പരിപാടികളെയോ കുറ്റം പറയുന്നതിന് മുൻപ് ഒന്നാലോചിച്ചു നോക്കൂ...അത് വീടിനുള്ളിൽ തന്നെയാണ്. ആവശ്യത്തിലധികം ഭക്ഷണം ഉണ്ടാക്കി പാഴാക്കി കളയുന്ന ഒരു സംസ്കാരം ഇവിടെയുണ്ട്! എന്തെങ്കിലും കിട്ടിയാൽ വയറു നിറയ്ക്കാമെന്നു കരുതി പാടുപെടുന്നവർ ഒരു ഭാഗത്തും വയറു നിറയ്ക്കാനാവശ്യമുള്ളതിലേറെ പാകം ചെയ്തും വാങ്ങിയും അതിൽ നല്ലൊരു പങ്കും പാഴാക്കുന്നവർ മറുഭാഗത്തുമായി വൈരുധ്യം നിലനിൽക്കുന്ന ലോകം. അമിത ഭക്ഷണത്തിന്റെ ദോഷഫലങ്ങൾ തിരിച്ചറിഞ്ഞും അനുഭവിച്ചറിഞ്ഞും അതിൽനിന്നു മാറിനിൽക്കുന്നവരുടെ എണ്ണം കൂടിവരുന്ന നമ്മുടെ നാട്ടിൽ പക്ഷേ, പാഴാക്കുന്ന ഭക്ഷണത്തിനു കുറവില്ല. പണ്ടത്തെ വീടുകളിൽ ആളുകൾ കൂടുതലും ഭക്ഷണം കുറവുമായിരുന്നു, ഇന്ന് അതല്ലല്ലോ ഭക്ഷണം കൂടുതലും ആളുകുറവുമാണ്. 

വിശേഷദിവസങ്ങളിൽ മാത്രമല്ല, ഓരോ ദിവസവും നമ്മുടെ വീടുകളിൽ ഭക്ഷണം പാഴാക്കുന്നതിന്റെ കണക്കെടുക്കണം. ഇങ്ങനെ നോക്കിയാൽ മാസം ശരാശരി 2000 രൂപയുടെ ഭക്ഷണം മലയാളി പാഴാക്കുന്നുണ്ട്. നിരവധി പട്ടിണിമരണങ്ങൾ തടയാനുള്ള ഭക്ഷണം നമ്മുടെ വീടുകളിൽ നിന്നും പാഴാക്കപ്പെടുന്നുണ്ട്. ആവശ്യത്തിലധികം ഭക്ഷണമുണ്ടാക്കുകയും, ബാക്കി വരുന്നത് കുഴിച്ചുമൂടേണ്ടി വരുകയും ചെയ്യുന്ന അവസ്ഥ ഇല്ലാതാക്കാൻ ബോധപൂർവമായ ശ്രമങ്ങൾ ആരംഭിക്കേണ്ടിയിരിക്കുന്നു. വിവാഹവും ഗൃഹപ്രവേശവും പോലുള്ള വിശേഷ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്ന അതിഥികളുടെ എണ്ണത്തിനനുസരിച്ച് കഴിയുന്നത്ര കൃത്യമായി ഭക്ഷണമുണ്ടാക്കാൻ കഴിയണം. ഇത്തരം ആഘോഷവേളകളിൽ ഭക്ഷണം പാഴാക്കാതിരിക്കുക. അതിഥിക്കു കഴിയാവുന്ന അളവിൽ മാത്രം വിളമ്പുക, കഴിക്കാവുന്നതു മാത്രം വാങ്ങുക. 

വീട്ടിൽ നിന്നു തന്നെ ചില കാര്യങ്ങൾ ശ്രദ്ധിക്കാം

∙ ഓരോ ആഴ്ചയിലേക്കും വേണ്ട  താത്പര്യമുള്ള വിഭവങ്ങളുടെ ലിസ്റ്റ് തയാറാക്കി വാങ്ങിക്കാൻ ശ്രദ്ധിക്കുക. ആദ്യത്തെ ഷോപ്പിങ് വീട്ടിലെ ഫ്രിഡ്ജിൽ നിന്നാകട്ടെ! മേടിച്ച് സൂക്ഷിച്ചിരിക്കുന്ന പച്ചക്കറികൾ ആദ്യം ഉപയോഗിച്ചു തീർക്കുക.

∙ കടയിൽ കാണുന്നതൊക്കെ വാങ്ങിക്കൂട്ടാതെ, ആവശ്യമുള്ളത് മാത്രം വാങ്ങാൻ ശ്രദ്ധിക്കുക. ഓരോ ആഴ്ചയ്ക്കത്തേയ്ക്കും വേണ്ട വിഭവങ്ങൾ മുൻകൂട്ടി തീരുമാനിച്ച ശേഷം സാധനങ്ങൾ വാങ്ങിയാൽ ഭക്ഷണം പാഴാക്കുന്നന്നത് ഒരു പരിധി വരെ കുറയ്ക്കാം.

∙ ആവശ്യമുള്ള അളവിൽ വാങ്ങിക്കാൻ ശ്രദ്ധിക്കുക. (ഉദാഹരണത്തിന് സാലഡ് കുക്കുമ്പർ എത്രദിവസം സാലഡ് തയാറാക്കുന്നുണ്ട് എന്നത് നോക്കി വാങ്ങിയാൽ കൃത്യമായി ഉപയോഗിക്കാൻ സാധിക്കും. )

∙ ഷോപ്പിങിന് ഇറങ്ങും മുൻപ് ഫ്രിഡ്ജും കബോർഡും പരിശോധിച്ച് വേണം സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കാൻ, വീട്ടിൽ കബോർഡിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന ഐറ്റംസ് തന്നെ വീണ്ടും വാങ്ങി വരുമ്പോൾ അതൊരു നഷ്ടം തന്നെയാണ്.

∙സാധനങ്ങൾ ഒന്നിച്ചു വാങ്ങിക്കുന്നത് ലാഭമാണെന്നു പറയുമെങ്കിലും പറഞ്ഞിരിക്കുന്ന കാലയളവിൽ ഉപയോഗിച്ച് തീർക്കാൻ പറ്റുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം കൂടിയ അളവിൽ വാങ്ങിക്കുക.

∙ എല്ലാ ദിവസം തയാറാക്കുന്ന ഭക്ഷണത്തിന്റെ ബാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലം മിക്ക വീടുകളിലും ഉണ്ട്, കുറെ ദിവസം കഴിയുമ്പോൾ ഫ്രിഡ്ജിൽ സ്ഥലമില്ലാതെയാകും, എടുത്തു കളയും!, ഈ ശീലം മാറ്റാൻ ഓരോ ആഴ്ചയിലും ഒരു ദിവസം ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന കറികൾ കഴിക്കാനുള്ളതാക്കിയാലോ? പാചക പരീക്ഷണം ഇഷ്ടപ്പെടുന്നവർക്ക് ഈ വിഭവങ്ങൾ മേക്ക് ഓവർ ചെയ്ത് സൂപ്പ്, സ്മൂത്തീസ് എന്നിങ്ങനെ പുതിയ വിഭവങ്ങളാക്കുകയും ചെയ്യാം.

ഭക്ഷണം ആഡംബരവസ്തുവല്ല

ഭക്ഷണത്തിന്റെ ദുരുപയോഗവും പാഴാക്കലും കുറ്റകൃത്യവും ദേശീയനഷ്ടവുമാണ്. ഭക്ഷണം ആഡംബരവസ്തുവല്ല. അന്നം ദൈവമാണ്. രാജാവു വന്നാൽപോലും അന്നത്തിനു മുന്നിൽനിന്ന് എഴുന്നേൽക്കരുതെന്നാണു പറയുന്നത്. 

ലോകം പാഴാക്കുന്നു, അഞ്ചിലൊന്നു ഭക്ഷണം

ലോകത്തു ലഭ്യമായ ഭക്ഷണത്തിന്റെ അ‍ഞ്ചിലൊന്നു പാഴാക്കുന്നതായിട്ടാണ് പഠനങ്ങൾ പറയുന്നത്. അമിതമായി കഴിക്കുന്നതോ വലിച്ചെറിയുന്നതോ ആയ രീതിയിൽ 20 ശതമാനം ഭക്ഷണമാണ് ആർക്കും ഉപകരിക്കാതെ പോകുന്നതെന്ന് ഇംഗ്ലണ്ടിലെ എഡിൻബറ സർവകലാശാലയിലെ ഗവേഷകരുടെ പഠനങ്ങൾ പറയുന്നത്.

English Summary: Reducing Wasted Food At Home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA