ADVERTISEMENT

പക്കോഡ, പക്കോറ, ഫക്കൂറ, ബജി...എണ്ണയിൽ മുക്കി വറുത്തെടുത്ത് ചൂടോടെ, ചൂട് ചായക്കൊപ്പം കഴിക്കുന്ന ഈ പലഹാരത്തിന് പേരുകൾ പലത്. കടലമാവിൽ മുക്കി ഉരുളക്കിഴങ്ങോ മുട്ടയോ മുളകോ ഉള്ളിയോ ബജിയായി മുന്നിലെത്തുമ്പോൾ തലതിരിച്ചുകളയണമെങ്കിൽ മനസ്സിന് നല്ല കടുപ്പം വേണം. മഴയും ബജിയും ചായയും സമാനതകളില്ലാത്ത രുചിയനുഭൂതിയുടെ ചേരുവയാണ്. തെരുവുകളിലെ ഉന്തു വണ്ടികളിലൂടെ ജനപ്രിയമായ ബജികൾ ഇന്ന് വമ്പൻ ഹോട്ടലുകളിലെ മെനുകാർഡിൽ ഇടം പിടിച്ചിരിക്കുന്നു. 

sanna-pakora
സന്ന പക്കോറ

ഉരുളക്കിഴങ്ങ്, പരിപ്പ് എന്നിവയാണ് ബജികളിലെ ജനപ്രിയ ചേരുവ. എങ്കിലും ഓരോ സംസ്ഥാനത്തും അവരുടേതായ വ്യത്യസ്ത ബജികൾ പ്രചാരത്തിലുണ്ട്. മുതിരയും പഴവും ചേർത്ത് നവരാത്രി കാലത്ത് ലക്നൗവിൽ ഉണ്ടാക്കുന്ന ബജി രുചി കൊണ്ടും വേറിട്ടതാണ്. സാധാരണ എരിവ് അടിസ്ഥാന രുചിയായ ബജിയിൽ നിന്നു വ്യത്യസ്തമായി ഇതിൽ മധുരം ഏറി നിൽക്കുന്നു. 

punugullu
പുനുഗുല്ലു

ഒട്ടേറെ തരം പച്ചക്കറികൾ അരിഞ്ഞിട്ട് കടലമാവും ചേർത്ത് സിന്ധ് ശൈലിയിൽ ഉണ്ടാക്കുന്ന സന്ന പക്കോറ മറ്റു ബജികളേക്കാൾ കറുമുറു വികാരം കൂടുതലുള്ള ബജിയാണ്. 

maroy-nakupi-bora
മറോയ് നകുപി ബോറ

കടലപ്പൊടിയും ഉലുവയും ചേർത്തുണ്ടാക്കുന്ന ദകോർ ന ഗോട്ടയാണ് ഗുജറാത്തിലെ ഗ്രാമങ്ങളിൽ ഏറെ പ്രിയപ്പെട്ട ബജി. അരി, ഉഴുന്ന്, മസാലകൾ എന്നിവ ചേർത്തുണ്ടാക്കുന്ന പുനുഗുല്ലു വിജയവാഡ അടക്കമുള്ള ആന്ധ്രയിലെ ചില പ്രദേശങ്ങളിൽ വ്യാപക പ്രചാരത്തിലുള്ള ബജിയാണ്. 

dhakor-na-ghota

കടലപ്പൊടികൊണ്ടുള്ള പുറം ചട്ടയ്ക്കകത്ത് രണ്ട് ഇതൾ പനീറും, അതിനിടയിൽ മസാലയുമായി നാവിനെ ഹരം പിടിപ്പിക്കും പഞ്ചാബിന്റെ സ്വന്തം പനീർ പക്കോഡ. ഇതോടൊപ്പം ഉള്ളി ചേർത്തുള്ള മറ്റൊരു വകഭേദവും ലഭ്യമാണ്. 

കടിക്കുമ്പോൾ പുറം പാളി പൊടിഞ്ഞു പോകുകയും, അകത്തേക്ക് എത്തുമ്പോൾ മൃദുവായി നാവിനെ താലോലിക്കുകയും ചെയ്യുന്നു ഒഡ‌ീഷയുടെ ബജ്ക പകോറ. ഹോളിയോട് അനുബന്ധിച്ച‌ാണ് ഈ പലഹാരം സാധാരണയായി കഴിക്കുക. വാസന‌ാ സമ്പുഷ്ടമാണ് മഹാരാഷ്ട്രയുടെ ഷെപു ബജി. അയമോദകമാണ് ഈ ബജിയുടെ പ്രധാന ചേരുവ. 

bagun-baja
ബഗൂൻ ബാജ

ചണം ഇല, മസാല സമ്പുഷ്ടമായ അയമോദകം എന്നിവ ചേർ‌ത്ത് എണ്ണയിൽ മുക്കി പാകം ചെയ്യുന്നതാണ് ബംഗാളിന്റെ സ്വന്തം ബജിയായ പാറ്റ് പാറ്റർ ബോറ. വഴുതനങ്ങ ഉപയോഗിച്ചുണ്ടാക്കുന്ന ബഗുൻ ബാജയും ബംഗാളിന്റെ ബജി രുചികളിൽ പ്രധാനിയാണ്. വാഴപ്പഴങ്ങൾ പൂവിടുന്ന നേരത്ത്, ആ പൂവ് വച്ച് ഉണ്ടാക്കുന്ന ഫൂലോൻ കെ പക്കോറയും ബംഗാളിന്റെ വ്യത്യസ്ത ബജിയാണ്. 

മത്തങ്ങയുടെ പൂവും ഇതിനായി ഉപയോഗിക്കാറുണ്ട്. ഇന്ത്യയിലെ മറ്റെല്ലാ ബജികളിൽ നിന്നും അൽപം വ്യത്യസ്തമാണ് മണിപ്പൂരിലെ മറോയ് നകുപി ബോറ. ധാന്യപ്പൊടിക്കൊപ്പം പ്രാദേശിക ഔഷധക്കൂട്ടുകളാണ് ഈ ബജിയെ സമ്പന്നവും വേറിട്ടതുമാക്കുന്നത്.നമ്മുടെ പഴംപൊരിയും ഒരർഥത്തിൽ ബജിയാണ്– നമുക്ക് ഉൾക്കൊള്ളാൻ അല്പം ബുദ്ധിമുട്ടു തോന്നുമെങ്കിലും.

English Summary: Best Tea Combinations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com