കോഴിയിറച്ചിയും തൈരും ഒരുമിച്ചു കഴിച്ചാൽ?...അറിയണം ഈ വിരുദ്ധ ആഹാരങ്ങൾ

Meals
SHARE

കോഴിയിറച്ചിയും തൈരും കൂട്ടി ആസ്വദിച്ചു ചോറുണ്ണാൻ തുടങ്ങുമ്പോഴാകും വിരുദ്ധാഹാരമെന്ന വിലക്കുമായി ആരെങ്കിലും എത്തുക. ‘ഓ, അതിലൊന്നും ഒരു കാര്യമില്ലെന്നേ’ എന്ന് അവഗണിച്ച് ഈ രുചിക്കൂട്ട് ആസ്വദിക്കുന്നവർ ഇന്നു ധാരാളം. എന്നാൽ ഈ നിർദേശം അങ്ങനെയങ്ങു തള്ളാൻ പാടുണ്ടോ?

വിശപ്പടക്കുന്നതോടൊപ്പം ആരോഗ്യ വർധനയ്‌ക്ക് ഉതകുന്നതുമാകണം ആഹാരമെന്ന ചിട്ട പുലർത്തുന്നവരായിരുന്നു പഴമക്കാർ. എന്നാൽ ഇന്നു നാവിന്റെ ഇഷ്‌ടങ്ങളനുസരിച്ച് ആഹാരത്തോടു കൂട്ടുകൂടാനാണു പലർക്കും താൽപര്യം. അവിടെ ആരോഗ്യത്തിനുള്ള സ്‌ഥാനം പലപ്പോഴും അവഗണിക്കപ്പെടുന്നു. ഇങ്ങനെ ഉപയോഗിക്കുന്ന പല ആഹാരക്കൂട്ടുകളും വിരുദ്ധ (വിരുദ്ധാഹാരം) മെന്ന് ആയുർവേദം പറയുന്നു. സ്‌ഥിരമായി വിരുദ്ധാഹാരം കഴിക്കുന്നത് ത്വ​ക്​രോഗങ്ങൾക്കും വാതരോഗങ്ങൾക്കും കാരണമാകും. ചിട്ടയായ ഭക്ഷണക്രമം കൊണ്ട് ആയുസ്സ് നീട്ടാനും ആരോഗ്യവും രോഗപ്രതിരോധശേഷിയും വർധിപ്പിക്കാനും കഴിയും.

മിക്കവാറും എല്ലാ ആഹാര പദാർഥങ്ങളിലും ചെറിയ തോതിലെങ്കിലും വിഷാംശം അടങ്ങിയിട്ടുണ്ട്. സാധാരണ ഗതിയിൽ ഇതു ശരീരത്തെ ബാധിക്കാറില്ല. എന്നാൽ ചില ഭക്ഷണക്കൂട്ടുകൾ ശരീരത്തിലെത്തുന്ന വിഷാംശത്തിന്റെ അളവു കൂട്ടും. ഇവയാണ് വിരുദ്ധാഹാരങ്ങൾ. ഓരോ നാടിനും അവിടത്തെ ഋതുക്കളെയും ആഹാരസാധനങ്ങളുടെ ലഭ്യതയെയും ജീവിതരീതിയെയും അവലംബിച്ചുള്ള ഭക്ഷണക്രമമുണ്ട്. പരിഷ്‌കാരത്തിന്റെയും രുചി വൈവിധ്യങ്ങളുടെയും പേരിൽ നമ്മുടെ നാടിന്റെ തനതു ഭക്ഷണശൈലി തള്ളിക്കളഞ്ഞ് ഫാസ്‌റ്റ് ഫുഡ് സംസ്‌കാരത്തിലേക്കു നീങ്ങുകയാണു നാം.

എല്ലാ ആഹാര സാധനങ്ങളിലും വിഷാംശം ഉണ്ട് എന്ന ആശയത്തെയും ആധുനിക വൈദ്യശാസ്‌ത്രം നിരാകരിക്കുന്നു. ഇതിനു ശാസ്‌ത്രീയമായ അടിസ്‌ഥാനമില്ലെന്നാണു ഡയറ്റീഷ്യന്മാരും പറയുന്നത്. ഓരോരുത്തരുടെയും ശരീരപ്രകൃതത്തിനും രുചിഭേദങ്ങൾക്കും ഇണങ്ങുന്ന ഏതു ഭക്ഷണവും ഉപയോഗിക്കാം. ഇതിന് ദേശഭേദമോ കാലാവസ്‌ഥയോ അടിസ്‌ഥാനമല്ല. പഴവും പാലും ഒന്നിച്ചുപയോഗിക്കുന്നതിൽ തെറ്റില്ല. പഴം, മാമ്പഴം ഇവ പാലിനൊപ്പം ചേർത്ത് ഉണ്ടാക്കുന്ന മിൽക്ഷേക്കുകൾ ദോഷമുള്ളവയല്ല. മാത്രമല്ല, വളരുന്ന പ്രായത്തിൽ ഇവ ഗുണം ചെയ്യുകയും ചെയ്യും. ഈ പ്രായത്തിൽ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും മറ്റും മിൽക്ഷേക്കുകളിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ മുതിർന്നവർ പഴച്ചാറുകളിൽ പാൽ ചേർക്കാതെ ഉപയോഗിക്കുന്നതാണു നല്ലത്. കാരണം കൊഴുപ്പുള്ള ആഹാരം അധികം ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന ഹൃദ്രോഗം, ദുർമേദസ് എന്നിവ തടയാൻ അതാണ് മാർഗമെന്ന് ഡയറ്റീഷ്യന്മാർ അഭിപ്രായപ്പെടുന്നു.

കേസരി ദാൽ, കപ്പ തുടങ്ങിയ ആഹാരസാധനങ്ങളിൽ ശരീരത്തിനു ദോഷം ചെയ്യുന്ന ചില ഘടകങ്ങളുണ്ട്. എന്നാൽ ഉചിതമായ പാചകരീതികളിലൂടെ ഇവയുടെയും ദോഷം പരിഹരിക്കാവുന്നതാണ്.

വിരുദ്ധാഹാരം എന്നു വിശേഷിപ്പിക്കാറില്ലെങ്കിലും ആഹാരം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റു പല കാര്യങ്ങളുമുണ്ട്. ഹോർമോൺ നൽകി വളർത്തിയ ഇറച്ചിക്കോഴിയുടെ ഇറച്ചിയും മുട്ടയും ഉപയോഗിക്കുന്നത് ഒഴിവാക്കണം. വിപണിയിൽ ലഭ്യമായ ഒട്ടുമിക്ക പച്ചക്കറികളിലും കീടനാശിനിയുടെ അംശം വളരെ ഉയർന്ന തോതിലാണ്. അതിനാൽ പച്ചക്കറികൾ ഉപയോഗിക്കും മുൻപ് അര മണിക്കൂറെങ്കിലും ഉപ്പുവെള്ളത്തിൽ മുക്കിവച്ച ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുക്കണം. ഓരോരുത്തരും സ്വന്തം തൊടിയിലോ ടെറസിലോ ചെറിയൊരു പച്ചക്കറിത്തോട്ടമുണ്ടാക്കി ജൈവകൃഷി പരീക്ഷിച്ചാൽ വിഷാംശമില്ലാത്ത നല്ല പച്ചക്കറി ഉപയോഗിക്കാൻ കഴിയും.

ആയുർവേദം വിരുദ്ധാഹാരത്തെ പടിയടച്ചു പുറത്താക്കുമ്പോൾ അലോപ്പതി ഇക്കാര്യത്തിൽ നിശബ്‌ദമാണെന്നു തന്നെ പറയാം. വിരുദ്ധാഹാരങ്ങളെന്നു വിളിക്കാവുന്ന ആഹാരക്കൂട്ടുകളെക്കുറിച്ച് അലോപ്പതിയിൽ പരാമർശമില്ല. വിവിധതരം ഭക്ഷണങ്ങൾ ഒന്നിച്ചുപയോഗിക്കുന്നത് അസുഖങ്ങൾക്ക് കാരണമാകുന്നുണ്ടോയെന്നതിനെക്കുറിച്ചു ശാസ്‌ത്രീയമായി പഠനങ്ങൾ നടന്നിട്ടില്ല. എന്നാൽ അലർജി ഉണ്ടാക്കുന്ന ഭക്ഷണവും കൃത്രിമ രീതികളിൽ സംസ്‌കരിച്ച ആഹാരസാധനങ്ങളും ഒഴിവാക്കണമെന്ന് അലോപ്പതിയിലും പറയുന്നുണ്ട്.

ഒരിക്കലും ചേരാത്തവർ

നാം സാധാരണ ശ്രദ്ധിക്കാതെ ഉപയോഗിക്കുന്ന പല ഭക്ഷണക്കൂട്ടുകളും വിരുദ്ധാഹാരങ്ങളാണ്. അവ ഏതെന്നു നോക്കാം.

∙ മൽസ്യത്തിനൊപ്പം പാൽ, മോര്, തേൻ, ഉഴുന്ന്, മുളപ്പിച്ച ധാന്യങ്ങൾ ഇവ കഴിക്കുന്നത്
∙ പാലും പുളിരസമുള്ള പദാർഥങ്ങളും ഒന്നിച്ചു കഴിക്കുന്നത്. ഉഴുന്ന്, അമരയ്‌ക്ക, കൈതച്ചക്ക, ചക്കപ്പഴം, തുവരപ്പരിപ്പ്, ചെമ്മീൻ, മാമ്പഴം, കൂണ്, ഇളനീര്, മുതിര, ഞാവൽപ്പഴം, ആട്ടിറച്ചി ഇവ പാലിനൊപ്പം കഴിക്കുന്നത്.
∙ പച്ചക്കറികളും പാലും ഒന്നിച്ചോ അടുത്തടുത്തോ കഴിക്കുന്നത്.
∙തൈരിനൊപ്പം കോഴിയിറച്ചി, മീൻ, തേൻ, നെയ്യ്, ഉഴുന്ന്, ശർക്കര ഇവ ഉപയോഗിക്കുന്നത്.
∙ ആട്ടിറച്ചിയും എള്ള്, തേൻ, ഉഴുന്ന് എന്നിവയും ഒന്നിച്ച് ഉപയോഗിക്കുന്നത്.
∙ പോത്തിറച്ചിയും പാൽ, തേൻ, ഉഴുന്ന്, ശർക്കര എന്നിവയും യോജിപ്പിച്ച് ഉപയോഗിക്കുന്നത്.
∙ വാഴപ്പഴത്തോടൊപ്പം മോരോ തൈരോ ഉപയോഗിക്കുന്നത്.
∙ തേനും നെയ്യും സമമായി ഉപയോഗിക്കുന്നത്.
∙ കൂണിനൊപ്പം മൽസ്യം പ്രത്യേകിച്ചു ചെമ്മീൻ, മോര് ഇവ ഉപയോഗിക്കുന്നത്. കൂണും കടുകെണ്ണയും ഒന്നിച്ചുപയോഗിക്കുന്നത്.
∙കൈതച്ചക്കയും ഉഴുന്ന്, പാൽ, തൈര്, തേൻ, നെയ്യ് ഇവയും ഒരേ സമയത്ത് കഴിക്കുന്നത്
∙ മൽസ്യവും മാംസവും ഒന്നിച്ചുപയോഗിക്കുന്നത്.
∙പലതരം മാംസാഹാരങ്ങൾ ചേർത്തു വച്ചു ഭക്ഷണം തയാറാക്കുന്നത്.
∙ ഗോതമ്പും എള്ളെണ്ണയും ചേർത്തുപയോഗിക്കുന്നത്.
∙ നിലക്കടല കഴിച്ചയുടൻ വെള്ളം കുടിക്കുന്നത്.

ആഹാരം ദഹിച്ചതിന്റെ ലക്ഷണങ്ങൾ

വിരുദ്ധാഹാരങ്ങൾ കരൾ, വൃക്ക, മസ്‌തിഷ്‌കം തുടങ്ങിയ മിക്ക ആന്തരികാവയവങ്ങളെയും തകരാറിലാക്കും. ആറു രസങ്ങളാണ് ആഹാരത്തിനുള്ളത്. മധുരം, പുളി, ഉപ്പ്, ചവർപ്പ്, എരിവ്, കയ്‌പ് എന്നിവ. ഇവ അടങ്ങിയ ആഹാരപദാർഥങ്ങൾ ദേഹപ്രകൃതിക്കും ദഹനശക്‌തിക്കും കാലാവസ്‌ഥയ്‌ക്കും അനുയോജ്യമാം വിധം പോഷകഗുണമുള്ള രീതിയിൽ പാകപ്പെടുത്തുകയും ഭക്ഷിക്കുകയും ചെയ്യുകയാണ് ആരോഗ്യപ്രദമായ രീതി. നേരത്തെ കഴിച്ച ആഹാരത്തിന്റെ രുചിയോ ഗന്ധമോ ഇല്ലാതെ തികട്ടൽ ഉണ്ടാവുക, വിശപ്പുണ്ടാവുക, ശരീരത്തിന് ലഘുത്വം തോന്നുക, മലമൂത്രങ്ങൾ വിസർജിക്കുക, മനസ്സ് ശുദ്ധമാകുക ഇവയാണ് ആഹാരം ദഹിച്ചതിന്റെ ലക്ഷണങ്ങൾ. വാത - പിത്ത - കഫ പ്രകൃതികൾ സമമായിരിക്കുന്ന ശരീരമാണ് ആരോഗ്യമുള്ളത്. ഇത് യഥാവിധി നിലനിർത്തുന്ന ആഹാരശീലങ്ങളാണ് അഭികാമ്യം.

കെണിയൊരുക്കി ഫാസ്‌റ്റ് ഫുഡ്

ഫാസ്‌റ്റ് ഫുഡുകൾ വല്ലപ്പോഴുമാകാമെങ്കിലും അവ ശീലമാക്കുന്നത് ശരീരത്തിന് ഗുണകരമല്ല. ഇത്തരം ഭക്ഷണസാധനങ്ങൾ പാകം ചെയ്യാനുപയോഗിക്കുന്ന ഡാൽഡയിൽ ട്രാൻസ് ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ദോഷം ചെയ്യും. ഇവയിൽ ചേർക്കുന്ന ടേസ്‌റ്റ്‌മേക്കറുകളും ഫുഡ്‌കളറുകളും പ്രിസർവേറ്റീവുകളും കൂടിയ അളവിൽ ശരീരത്തിൽ എത്തിയാൽ കാൻസർ പോലുള്ള മാരകരോഗങ്ങൾ ഉണ്ടാകാം. ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും ദോഷം ചെയ്യും. ആഹാരം പാകം ചെയ്യുന്ന സ്‌ഥലത്തിന്റെ വൃത്തി, പാകം ചെയ്യാനുപയോഗിക്കുന്ന വസ്‌തുക്കളുടെ ശുദ്ധി, പാത്രങ്ങളും മറ്റും കൈകാര്യം ചെയ്യുന്നതിലെ ശുചിത്വം എന്നിവയും ഫാസ്‌റ്റ്‌ഫുഡ് ശൈലിയിൽ ശ്രദ്ധിക്കേണ്ട ഘടകങ്ങളാണ്.

English Summary: A list of common foods that don't complement each other

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA