sections
MORE

മലയാളികളുടെ രുചി ലോകവും ഭക്ഷണശീലങ്ങളും

HIGHLIGHTS
  • പ്രാചീന സഞ്ചാരികളുടെ വിവരണങ്ങളിൽ മുദ്ര ചാലിച്ച നമ്മുടെ രുചി ലോകത്തെപ്പറ്റി...
Kerala Food
SHARE

പ്രാചീന കേരളസന്ദർശകരായ ലോകസഞ്ചാരികളുടെ നീണ്ടനിരയുണ്ട്. മെഗസ്തനീസ്, മാർക്കോപോളോ, ഇബ്നുബത്തൂത്ത എന്നിവരൊക്കെ ഇക്കൂട്ടത്തിലുണ്ട്. അറബികൾ, ചൈനകാർ, യൂറോപ്യന്മാർ തുടങ്ങിയ പലദേശത്തു നിന്നുള്ള സഞ്ചാരികൾ കേരളത്തിന്റെ മണ്ണിൽ എത്തിയവരാണ്.

സുഗന്ധദ്രവ്യങ്ങളടക്കമുള്ള പ്രകൃതിവിഭവങ്ങളുടെ കലവറയായിരുന്നു അന്നു കേരളം. ഭക്ഷണകാര്യത്തിൽ പ്രാചീനകേരളം പുലർത്തിയ സംസ്കാരവും ഇവരുടെ പരാമർശങ്ങളിൽ നിന്ന‌ു മനസ്സിലാക്കാം. നൂറ്റാണ്ടുകൾക്കു മുൻപ് കേരളീയരുടെ ആഹാരരീതിയിലേക്ക് വെളിച്ചം വീശുന്ന വസ്തുതകൾ ഇവരുടെ കുറിപ്പുകളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. എല്ലാ യാത്രികരും മുന്തിരവള്ളിയോട് സാദൃശ്യമുള്ള കുരുമുളകിനെപ്പറ്റി പരാമർശിക്കുന്നതിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കാം: പ്രാചീനകേരളത്തിൽ കുരുമുളകും അതിന്റെ കൃഷിയും സുലഭമായുണ്ടായിരുന്നു. അവ യഥേഷ്ടം കയറ്റുമതി ചെയ്തിരുന്നതായും പറയപ്പെടുന്നുണ്ട്.

ഒൻപതാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ അറബി സഞ്ചാരിയായ ഇബ്നു ഖുർദാദ്ബെ സമ്പൽസമ‍ൃദ്ധമായ നാടായി കേരളത്തെ വിശേഷിപ്പിക്കുന്നു. കേരളം അന്നേ ഭക്ഷ്യസ്വയംപര്യാപ്തത നേടിയിരുന്നതായി പറയുന്നു. വിദേശരാജ്യങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങൾ കയറ്റി അയയ്ക്കുകയും ചെയ്തിരുന്നു. ശുചിത്വകാര്യത്തിൽ കേരളം അന്നേ മുൻപന്തിയിൽ.

കേരളം ഭക്ഷ്യസ്വയംപര്യപ്തത കൈവരിച്ച പ്രദേശമാണെന്ന് 12–ാം നൂറ്റാണ്ടിൽ ഇവിടം സന്ദർശിച്ചിട്ടുള്ള അൽ ഇദ്‍രീസി സാക്ഷ്യപ്പെടുത്തുന്നു. മറ്റു രാജ്യങ്ങളിലേക്ക് ആഹാരസാധനങ്ങൾ കയറ്റുമതി ചെയ്യുവാൻ മാത്രം കേരളം വളർന്നിരുന്നത്രെ. കുരുമുളക് കേരളത്തിൽ മാത്രം കൃഷിചെയ്തിരുന്ന വിളയാണെന്നും അദ്ദേഹം പറയുന്നു.

1292–93ൽ കേരളം സന്ദർശിച്ച പുരോഹിതൻ ജോൺ ഓഫ് മോൻറി കോർവിനോയുടെ അഭിപ്രായത്തിൽ അന്നന്നുള്ള ആഹാരത്തിനാവശ്യമായ ധാന്യങ്ങളെല്ലാം കൃഷിചെയ്തുണ്ടാക്കുന്ന കാര്യത്തിൽ കേരളീയർ മിടുക്കരാണ്. തെങ്ങിന്റെ കുലയിൽനിന്ന് ഉൗറ്റിയെടുക്കുന്ന നീരിയിൽനിന്നുണ്ടാക്കുന്ന ചക്കര, ചക്കരത്തേൻ, മദ്യം എന്നിവയെക്കുറിച്ചു‌ം പരാമർശമുണ്ട്. പ്രധാന ആഹാരം അന്നും ചോറാണ്. ശുദ്ധമായ പാലും ഇന്നാട്ടുകാർ കുടിച്ചിരുന്നു. ‘ചോറും ‘കറി’കളും കൈകൊണ്ട് വാരിത്തിന്ന ശീലക്കാരാണ് ഇന്നാട്ടുകാർ ’ എന്നും ജോൺ എഴുതിയിട്ടുണ്ട്.മാർക്കോപോളോ കൊല്ലത്തുണ്ടാകുന്ന ഇഞ്ചിയുടെ മാഹാത്മ്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. കൊല്ലംഇഞ്ചിക്ക് അന്ന് ഏറെ ആവശ്യക്കാരുണ്ടായിരുന്നു. എല്ലാ സ്ഥലത്തും കുരുമുളക് സമൃദ്ധമായി വളരുന്നുണ്ട്.

കേരളത്തിലെ ചക്കപ്പഴത്തോളം രുചികരമായ ഒരു ഫലം താൻ കഴിച്ചിട്ടില്ലെന്ന് പതിനാലാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഇവിടെയെത്തിയ ജോർഡാനുസ് പറയുന്നു. ‘ഒരു ചക്ക നാലഞ്ചു പേർക്ക് ‘സുഖമായി’ കഴിക്കാൻ ധാരാളം. എണ്ണമറ്റ മധുരഫലങ്ങളുടെ നാടാണ് ഇവിടം.’ 

മധുരമേറിയ മാമ്പഴത്തെപ്പറ്റിയും പരമാർശമുണ്ട്.ഇബ്നു ബത്തൂത്തയും 14–ാം നൂറ്റാണ്ടിലെ കേരളത്തിന്റെ ഭക്ഷ്യസമ്പന്നതയെപ്പറ്റി പരാമർശിക്കുന്നുണ്ട്. നാളികേരത്തിന്റെ ഗുണങ്ങൾക്കു പുറമേ അത് മുഖകാന്തി വർധിപ്പിക്കാനും സഹായിക്കും എന്ന് അദ്ദേഹം പറയുന്നു. ഇളനീർ കുടിച്ചിരുന്ന ഇന്നാട്ടുകാരുടെ ആരോഗ്യരഹസ്യവും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. കരിക്കിന്റെയുള്ളിലെ പദാർഥത്തിന് കോഴിമുട്ടയുടെ രുചിയാണെന്ന് അദ്ദേഹം പറയുന്നു. ചിരവയെപ്പറ്റിയും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. തേങ്ങയിൽനിന്നുണ്ടാക്കുന്ന എണ്ണയെപ്പറ്റിയും ബത്തൂത്ത വിശദമായി പ്രതിപാദിക്കുന്നു. കറികളിലും മറ്റും വെളിച്ചെണ്ണ പണ്ടു മുതലേ ചേർക്കാറുണ്ടായിരുന്നെന്ന് അദ്ദേഹത്തിന്റെ രേഖകളിൽനിന്ന് മനസ്സിലാക്കാം. ചക്കക്കുരു ചുട്ടും പുഴുങ്ങിയും കഴിച്ചിരുന്ന മലയാളികളെപ്പറ്റിയും അദ്ദേഹം സൂചന നൽകുന്നുണ്ട്. ഞാവൽപ്പഴവും പ്രാചീന കേരളത്തിൽ സുലഭമായിരുന്നു. അതിന് അത്തിപ്പഴത്തോടാണ് സാമ്യമെന്നും പറയുന്നു.ഇറ്റലിയിലെ വെനീസിൽ ജനിച്ച നിക്കോളോ കോണ്ടി 1419ലാണ് ലോകപര്യടനം ആരംഭിക്കുന്നത്. കൊല്ലം, കൊച്ചി, കൊടുങ്ങല്ലൂർ, കോഴിക്കോട് തുടങ്ങിയ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെത്തിയ അദ്ദേഹം വൈപ്പിൻ, പോഞ്ഞിക്കര, രാമൻതുരുത്ത്, വെണ്ടുരുത്തി തുടങ്ങിയ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവരെക്കുറിച്ച് പറയുന്നുണ്ട്. നദിയിൽ മീൻ പിടിക്കുന്ന ആളുകളെ കണ്ടപ്പോൾ അവരെക്കുറിച്ച് അദ്ദേഹം അന്വേഷിച്ചു. എന്നാൽ അവർ മനുഷ്യരല്ലെന്നും മനുഷ്യാകൃതിയിലുള്ളതും വെള്ളത്തിൽ ജീവിക്കുന്നതുമായ വിചിത്ര ജീവികളാണെന്നുമാണ്, അദ്ദേഹ‌ം മനസ്സിലാക്കിയത്! നാട്ടുകാരോട് ഇവരെപ്പറ്റി ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടിയിൽ നിന്ന് അദ്ദേഹം ഗ്രഹിച്ചത് ഇതാണത്രേ. (പ്രശ്നം ഭാഷയാണോ എന്നു വ്യക്തമല്ല) രാത്രിയിലായിരുന്നു ഇവർ മീൻ പിടിക്കാനെത്തിയിരുന്നത്. മാവും ‘പ്ലാവും കേരളത്തിൽ സർവസാധാരണമാണ്. രണ്ടും വലിയ വൃക്ഷമായി വളരും. ’

മലയാളികൾ കുളിക്കാതെ യാതൊന്നും കഴിക്കില്ല...

പത്താം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ പേർഷ്യയിൽ നിന്നുള്ള അബൂ സെയ്ദ് ഇന്നാട്ടുകാർ പുലർത്തിയ ആഹാരശുദ്ധിയെക്കുറിച്ച് എഴുതിയിട്ടുള്ള സഞ്ചാരിയാണ്. ‘മലയാളികൾ വൃത്തിക്ക് ഏറെ പ്രാധാന്യം നൽകുന്നവരാണ്. കുളിക്കാതെ യാതൊന്നും കഴിക്കില്ല. വലതു കൈകൊണ്ടു മാത്രമേ ഭക്ഷിക്കാറുള്ളൂ. സാധാരണ ഗതിയിൽ വാഴയിലാണ് ആഹാരം വിളമ്പുക. ഭക്ഷണശേഷം അവ ദൂരേക്ക് കളയും. ഓരോരുത്തർക്കും സ്വന്തം പാത്രംമുണ്ടാകും. അന്യന്റെ പാത്രത്തിൽ മറ്റുള്ളവർ തൊടുകപോലും ചെയ്യില്ല. പാനീയങ്ങൾ കുടിക്കുമ്പോൾ പാത്രം ചുണ്ടിൽ മുട്ടിക്കുക പോലുമില്ല. രാവിലെയും രാത്രിയിലും ദന്തശുദ്ധി വരുത്തുക എന്നത് ഇന്നാട്ടുകാരുടെ രീതിയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA