sections
MORE

നവംബറിലെ ആദ്യ ഞായറാഴ്ച; ക്രിസ്മസ് കേക്ക് മിക്സിങ് ആരംഭിക്കാം

Cake
SHARE

കേക്കുകൾ പാചകപ്പുരയിൽ പിറവിയെടുക്കുന്നതിന് മുൻപ് നടക്കുന്ന കൂട്ടായ്മയുടെയും ഒരുമയുടെയും ആഘോഷമാണ് കേക്ക് മിക്സിങ്. ക്രിസ്മസ് എന്ന മഹത്തായ ആഘോഷത്തിന് ആഴ്ചകൾ മുൻപേ അരങ്ങേറുന്ന  കേക്ക് മിക്സിങ്ങിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. പ്ലം കേക്കിന് ആവശ്യമായ ഉണക്കപ്പഴങ്ങളും നട്സും മറ്റു പഴങ്ങളും പൊടിച്ചെടുത്ത ധാന്യങ്ങളും സുഗന്ധവ്യഞ്ജനങ്ങള്‍ക്കുമൊക്കെ മീതെ മുന്തിയയിനം മദ്യവും വീഞ്ഞും തേനുമൊക്കെ ചാലിച്ച് കുതിർത്ത് ചേർത്തിളക്കി കുഴയ്ക്കുന്ന ഈ പ്രക്രിയ  കേക്കിന് അതിന്റെ സ്വാഭാവിക നിറവും മണവും ഗുണവും രുചിയുമൊക്കെ സമ്മാനിക്കും.  മുന്തിരി, ഈന്തപ്പഴം, അത്തിപ്പഴം, ചെറി, പപ്പായ തുടങ്ങി പതിനഞ്ചിൽപ്പരം ഉണക്കപ്പഴവർഗങ്ങൾ, അണ്ടിപ്പരിപ്പ്, പിസ്ത, ബദാം തുടങ്ങിയ നട്സുകൾ, ചുക്ക്, ജാതിക്ക, ഗ്രാമ്പു, കറുവാപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ, പഞ്ചസാര, മൈദ, നെയ്യ്, മുട്ട, എന്ന നിശ്ചിതയളവിൽ കുഴച്ചുചേർത്ത് അതിലേക്ക് റം പോലുള്ള മദ്യവും വീഞ്ഞും പഴച്ചാറുകളുമൊക്കെ വീഴ്ത്തി വായു കയറാത്ത വീപ്പകളിൽ 7–8 ആഴ്ചകൾ സൂക്ഷിക്കും. ഇവയുടെ ഗുണങ്ങളും രുചിയുമൊക്കെ അലിഞ്ഞുചേരുന്നതോടെ അവ പിന്നീട് ‘ചൂള’യിലേക്ക് വെയ്ക്കുകയായി. 

കേക്കിനാവശ്യമായ കൂട്ട് തയാറാക്കുന്ന പരമ്പരാഗത രീതിയെ മിക്സ് ഇറ്റ് അപ് സെറിമണി എന്നാണ് അറിയപ്പെടുന്നത്. 17–ാം നൂറ്റാണ്ടിൽ ബ്രിട്ടനിലാണ്  ഇതിന് തുടക്കമായത്. നവംബർ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ബ്രിട്ടനിൽ കേക്ക് മിക്സിങ് നടക്കുന്നത്. പിന്നീട് ഇവ ശീതീകരണിയിൽ സൂക്ഷിക്കുന്നു. ചേരുവകൾ കുതിർന്ന് അലിഞ്ഞ് രുചിയും മണവുമൊക്കെ പൂർണതയിലെത്തുമ്പോൾ കേക്ക് നിർമാണത്തിന് പാകത കൈവരും

കേക്കിന്റെ കഥ

കേക്ക് മിക്സിങ്ങിന്റെ കഥയറിയണമെങ്കിൽ  കേക്കിന്റെ പിറവിയെക്കുറിച്ചറിയണം. കേക്ക് മിക്സിങ് തുടങ്ങുന്നത് 17–ാം നൂറ്റാണ്ടോടെയാണ്. എന്നാൽ കേക്ക് എന്ന വിശിഷ്ടഭക്ഷ്യവസ്തുവിന് നൂറ്റാണ്ടുകളുടെ പഴമയുണ്ട് പറയാൻ. കേക്കിന്റെ പിറവി സംബന്ധിച്ച് വ്യക്‌തമായ ചരിത്രരേഖകളൊന്നുമില്ല. കേക്കിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതായി ചരിത്രകാരൻമാർ പറയുന്നു. യൂറോപ്പിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു ലഘുഭക്ഷണമാണത്രെ പിന്നീട് കേക്കായി പരിണമിച്ചത്. ഗോതമ്പുകൊണ്ടാണ് ഇവ ഉണ്ടാക്കിയിരുന്നത്. രുചിയിലും രൂപത്തിലും ഇന്ന് കാണുന്നതിൽനിന്ന് ആദ്യ കാലങ്ങളിലെ കേക്കുകൾ ഏറെ വ്യത്യസ്‌തമായിരുന്നു. ബ്രഡ്‌ഡുപോലുള്ള വസ്‌തുവിൽ തേനും ഉണക്കമുന്തിരിയും നട്സും ചേർന്നതാണ് അക്കാലത്തെ കേക്കുകൾ. ബേക്കിങ്ങിലൂടെ ആദ്യമായി കേക്ക് പിറവിയെടുത്തത് ഈജിപ്‌തിലാണെന്ന് വിശ്വസിക്കുന്നു. ഐസിങ്ങോടുകൂടിയ  വട്ടത്തിലുള്ള കേക്കിന്റെ ജനനം 17–ാം നൂറ്റാണ്ടിൽ യൂറോപ്പിലാണ്. നല്ലയിനം ഗോതമ്പ് ഉപയോഗിച്ച് മൊരിച്ചാണ് ആദ്യ കാലങ്ങളിൽ കേക്ക് ഉണ്ടാക്കിയിരുന്നത്. 

ക്രിസ്‌മസ് കേക്ക്. 

ഇംഗ്ലീഷ് പാരമ്പര്യമാണ് ക്രിസ്‌മസ് കേക്കിനുള്ളത്. പ്ലം പോറിഡ്‌ജ്  എന്ന ഭക്ഷ്യവസ്‌തുവാണ് ക്രിസ്‌മസ് കേക്കായി പിന്നീട് രൂപാന്തരം പ്രാപിച്ചത്. കുറുക്കുപോലെ നേർത്ത ഓട്‌സ് ഭക്ഷണത്തിൽ ഉണക്കമുന്തിരിയും മറ്റും ചേർത്താണ് പ്ലം പോറിഡ്‌ജ് ഉണ്ടാക്കിയിരുന്നത്. ഒരു ദിവസത്തെ നോമ്പിനുശേഷം, ക്രിസ്‌മസിന് തലേന്ന് വയറിനെ പാകപ്പെടുത്താനാണ് ഈ ഭക്ഷണം ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. വർഷങ്ങൾക്കുശേഷം ഈ മിശ്രിതത്തിലെ ഓട്‌സിനുപകരം ബട്ടറും ഗോതമ്പും മുട്ടയും ചേർത്ത് പ്ലം കേക്ക് രൂപംകൊണ്ടു. കാലക്രമേണ ഇതിന്റെ കൂടെ ഉണങ്ങിയ പഴങ്ങളും സുഗന്ധദ്രവ്യങ്ങളും ചേർന്നതോടെ കേക്ക് ഏറെ നാൾ ഇരിക്കുമെന്ന സ്‌ഥിതിയിലായി. കിഴക്കുനിന്ന് ബേത്‌ലഹേമിൽ ഉണ്ണിയേശുവിനെ കാണാനെത്തിയ വിദ്വാൻമാർ സമ്മാനമായി കൊണ്ടുവന്ന സുഗന്ധവ്യഞ്‌ജനങ്ങളുടെ പ്രതീകമായിട്ടാണ് ഇവ കേക്കിൽ ചേർക്കുന്ന്. ഇതാണ് ക്രിസ്‌മസ് കേക്കിന്റെ പിറവിയുടെ പിന്നിലെ കഥ. കേക്കിന്റെ ചേരുവകൾ പിന്നീട് പലതിനും വഴിമാറി ആധുനിക ക്രിസ്‌കമസ് കേക്കിന് രൂപം നൽകി. കേക്ക് മിക്‌സിലേക്ക് പിന്നീട് റമ്മും വിസ്‌കിയും ബ്രാൻഡിയുമൊക്കെ ഒഴുകിയെത്തി രുചിയുടെ ലഹരി വർധിപ്പിച്ചു. 12–ാം നൂറ്റാണ്ടിൽ ഫ്രാൻസിലാണ് ക്രിസ്മസ് കേക്കിന്റെ ജനനം എന്ന് കരുതുന്നു. 

കേക്ക് മിക്സിങ്ങിന്റെ ചരിത്രം

കേക്ക് മിക്സിങ്ങിന്റെ അറിയപ്പെടുന്ന ചരിത്രം മനസിലാകണമെങ്കിൽ നാലു നൂറ്റാണ്ടു പിന്നിലേക്ക് പോകണം. 17–ാം നൂറ്റാണ്ടിൽ യൂറോപ്പില്‍ തുടക്കമിട്ട ആചാരമാണ് കേക്ക് മിക്സിങ്. അന്നൊക്കെ ബോർമകളിലോ ഹോട്ടലുകളിലോ നടത്തപ്പെട്ട ചടങ്ങായിരുന്നില്ല അവ. അത് അന്നാട്ടുകാരുടെ തീർത്തും സ്വകാര്യമായ കുടുംബകാര്യം മാത്രമായിരുന്നു. ക്രിസ്മസിനും പുതുവൽസരത്തിനും മുന്നോടിയായുള്ള കുടുംബത്തിന്റെ ഒത്തുചേരൽ. വിളവെടുപ്പിന് തൊട്ടുപിന്നാലെ അവരവർക്ക് ലഭിച്ചിരുന്ന പഴങ്ങളും അവ ഉണക്കിയെടുത്ത മറ്റ് ഉൽപന്നങ്ങളും പഴച്ചാറിലും മദ്യത്തിലും വീഞ്ഞിലുമൊക്കെ ചേർക്കുന്ന സ്വകാര്യ ചടങ്ങായിരുന്നു അവയെല്ലാം.  ക്രിസ്മസിനും പുതുവൽസരാഘോഷത്തിനുമൊക്കെയായി ഉണ്ടാക്കുന്ന പ്ലം കേക്ക് തയാറാക്കുന്നതിന്റെ ഒത്തുചേരൽ. വീട്ടിലെ ഒാരോ അംഗവും ആ ശ്രമത്തിൽ പങ്കാളിയായി.  തങ്ങളുടെ അദ്ധ്വാനത്തിന്റെയും ഒരുമയുടെയും ഒത്തുചേരലിന്റെയും പ്രതീകമായിരുന്ന ആ കൂടിച്ചേരൽ. ചിലർ ആ കേക്ക് മിശ്രിതം തങ്ങളുടെ ബന്ധുവീടുകളിലേക്കും സുഹൃത്‍ഭവനങ്ങളിലേക്കും കൊടുത്തയക്കുമായിരുന്നു. ഞങ്ങളുടെ ചേരുവ നിങ്ങൾക്കു രുചിക്കാനായി സമ്മാനിക്കുന്നു എന്ന അറിയപ്പെടാത്ത ‘അജൻഡ’യും അതിനുണ്ട്.   വിളവെടുപ്പിലൂടെ ഒരോ കുടുംബത്തിനും ലഭിക്കുന്ന കാർഷിക സമ്പത്ത് അതത് വീടുകളിലെ കേക്കിനുള്ള ചേരുവകളിൽ  ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അതിന്റെ ഫലം പുറത്തുവരണമെങ്കിൽ ക്രിസ്മസ് വരെ കാത്തിരിക്കണം  എന്നുമാത്രം.  

മിക്സിങ് കേരളത്തിൽ

ബോർമകളിലും ഹോട്ടലുകളിലും മറ്റും കേക്ക് മിക്സിങ് തുടങ്ങിയത് 1930നു ശേഷമാണ്. ബ്രിട്ടീഷുകാരിലൂടെ ഇന്ത്യയിൽ കേക്ക് നിർമാണത്തിന് തുടക്കമിട്ടത് കേരളത്തിലായിരുന്നെങ്കിലും കേക്ക് മിക്സിങ് എന്നത് ഇവിടെയുണ്ടായിരുന്ന വെള്ളക്കാരിലും സമ്പന്ന സമൂഹത്തിലും മാത്രമായി ഒതുങ്ങി. കേരളത്തിൽ  മുന്തിയ ഹോട്ടലുകളിലും മറ്റും കേക്ക് മിക്സിങ് എന്ന പരമ്പരാഗത ആചാരത്തിന് തുടക്കമിട്ടിട്ട് ഏതാനും വർഷമേ ആകുന്നുള്ളൂ.  

English Summary: 2019 Christmas Cake Mixing Ceremony

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA