ബർത്ഡേ കേക്കുകളിലെ മെഴുകുതിരികൾ ഊതികെടുത്തല്ലേ!

bday-cakes
SHARE

പിറന്നാളാഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിക്കുന്നതിനു മുന്നോടിയായി അതിന്മേലുള്ള മെഴുകുതിരികൾ ഉൗതിക്കെടുത്തുക എന്നതു ലോകമെങ്ങും പിന്തുടരുന്ന മഹത്തായ പാരമ്പര്യമാണ്. ബർത്ഡേ ആഘോഷങ്ങളുടെ തുടക്കം എന്ന നിലയിൽ ‘പിറന്നാളുകുട്ടി’ നടത്തുന്ന ഈ ‘ഉൗതൽ’ തലമുറ തലമുറ കൈമാറി ലോകത്തിന്റെ മുക്കിലും മൂലയ്ക്കുമെത്തിയിട്ടു കാലമേറെയായി. എന്നാൽ, ആ ‘ഉൗത്തിലെ’ അപകടം ശാസ്ത്രീയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും വെളിച്ചത്തിൽ ശാസ്ത്രലോകം പറയുന്നു ഊതരുതേ... ലോകമെങ്ങും പടർന്നുപന്തലിച്ച ഈ ആചാരം ഇനി വേണ്ട എന്നാണു ശാസ്ത്രലോകത്തിന്റെ അഭ്യർഥന. കാരണം മറ്റൊന്നുമല്ല– ബാക്ടീരിയ. കേക്കിനു മുകളിലുള്ള മെഴുകുതിരി ഉൗതിക്കെടുത്തുന്നതിലൂടെ കേക്കിന്റെ പ്രതലത്തിൽ ബാക്ടീര‌ിയകളുടെ എണ്ണം ഏതാണ്ട് 1400 ശതമാന‌ം വർധിക്കുമത്രെ! അമേരിക്കയിലെ ക്ലേംസൺ യൂണിവേഴ്സിറ്റിയിലെ ഗവേഷണങ്ങളിൽ നിന്നാണ് ഈ കണ്ടെത്തൽ.

പാരമ്പര്യം

ബർത്ഡേ കേക്കുകൾ പ്രാചീന റോമിന്റെ സംഭാവനയാണ്. എന്നാൽ, അതിനു മുകളിൽ കത്തിച്ചുവയ്ക്കുന്ന മെഴുകുതിരികൾ പ്രാചീന ഗ്രീസ് ലോകത്തിനു സമ്മാനിച്ച പാരമ്പര്യമാണ്. പിറന്നാൾ കേക്കിനും മെഴുകുതിരി ഉൗതിക്കെടുത്തിയുള്ള ആഘോഷങ്ങൾക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ ആചാരങ്ങൾക്ക് എന്നാണ് തുടക്കമിട്ടത് എന്നു കൃത്യമായ രേഖകളില്ല. എല്ലാ ആചാരങ്ങളുടെയും മാതാവായ പ്രാചീന ഗ്രീസിലാണ് ഇതിന്റെയും പിറവി എന്നു വിശ്വസിക്കപ്പെടുന്നു. അർട്ടിമിസ് ദേവതയുമായി ബന്ധപ്പെട്ടുള്ള ആചാരമാണ് ഇതെന്നാണ് ഒരു പറ്റം ചരിത്രകാരൻമാരുടെ പക്ഷം. എല്ലാ ചന്ദ്രമാസത്തിന്റെയും ആറാം ദിനം അർട്ടിമിസ് ദേവതയുടെ ജന്മദിനമായി ബന്ധപ്പെട്ടുള്ള ആഘോഷമുണ്ട്. ഇൗ ദിവസത്തെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അർട്ടിമിസ് ദേവതയുടെ ക്ഷേത്രത്തിൽ കത്തിച്ച മെഴുകുതിരിയോടു കൂടിയുള്ള കേക്കുമായി അന്നാട്ടുകാർ വന്നിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ മെഴുകുതിരിയുടെ പ്രകാശം ചന്ദ്രശോഭയെ പ്രതിനിധീകരിക്കുന്നതായി അവർ കരുതി. ഈ പാരമ്പര്യമാണു പിറന്നാൾ ദിനത്തിലും കേക്കുകൾക്കു മുകളിൽ കത്തിച്ച മെഴുകുതിരി എന്ന ആചാരത്തിനു തുടക്കമായത്. മെഴുകുതിരി ഉൗതിക്കെടുത്തുമ്പോഴുണ്ടാകുന്ന പുക അവരുടെ ആഗ്രഹങ്ങളും പ്രാർഥനകളും ദൈവത്തിന്റെ സന്നിധിയിൽ എത്തിച്ചിരുന്നതായും ഒരു കൂട്ടർ വിശ്വസിച്ചിരുന്നു.

പിറന്നാൾ ദിനത്തിൽ ദുഷ്ടാത്മാക്കൾ വ്യക്തികളെ സന്ദർശിച്ചിരുന്നതായി വിശ്വാസമുണ്ട്. ‘പിറന്നാൾകുട്ടി’ യെ ഈ ആത്മാക്കളിൽനിന്നു രക്ഷിക്കുന്നതിനായി സ്നേഹിതരും ബന്ധുക്കളും അവരുടെ ചുറ്റും കൂടി പാട്ടുപാടുകയും ബഹളം വയ്ക്കുകയും ചെയ്യുമത്രെ! ദുഷ്ടാത്മാക്കളിൽനിന്നു ജന്മദിനം ആഘോഷിക്കുന്നവരെ രക്ഷിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതാണു പിന്നീട് ജന്മദിനാഘോഷമായി പരിണമിച്ചത്.

‌18–ാം നൂറ്റാണ്ടു മുതൽ ജർമനിയിൽ കേക്കിനു മുകളിൽ കത്തിച്ച മെഴുകുതിരിയുമായി പിറന്നാൾ ആഘോഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജീവന്റെ വെളിച്ചം എന്നാണ് കത്തിച്ച മെഴുകുതിരിയെ അവർ വിശേഷിപ്പിച്ചിരുന്നത്. 1746ൽ രേഖപ്പെടുത്തപ്പെട്ട ഒരു പിറന്നാൾ ആഘോഷം ഈ ആചാരങ്ങൾ വ്യക്തമായി സൂചിപ്പിക്കുന്നു.

സ്വിസ് പാരമ്പര്യത്തിന്റെ ഭാഗമാണ് മെഴുകുതിരി ഉൗതൽ എന്നും കരുതുന്നു. 1881ലെ ഫോൿലോർ ജേണലിൽ ഇതു സംബന്ധിച്ചു വ്യക്തമായ പരാമർശമുണ്ട്. അവിടുത്തെ മധ്യവർഗ കുടുംബങ്ങളുടെ ഇടയിലുള്ള അന്ധവിശ്വാസമാണത്രെ ഈ പാരമ്പര്യത്തിന്റെ തുടക്കം. പിറന്നാൾ ആഘോഷിക്കുന്ന ആളിന്റെ പ്രായത്തിനനുസരിച്ച് മെഴുകുതിരിയുടെ എണ്ണവും നിർണയിക്കപ്പെട്ടു. അതല്ല ജർമനിയിലാണ് ഈ ആചാരത്തിന്റെ പിറവി എന്നും കരുതുന്നു. പിറന്നാൾ ആഘോഷിക്കുന്ന ആളിന്റെ ആഗ്രഹം ഉള്ളിലൊതുക്കി മെഴുകുതിരി ഉൗതിക്കെടുത്തിയാൽ ആ ആഗ്രഹം സഫലമാകുമെന്ന് അവർ വിശ്വസിച്ചിരുന്നു. പക്ഷേ, ഒരൊറ്റ നിബന്ധന: തന്റെ ആഗ്രഹം ആരൊടും പറയരുതെന്നു മാത്രം.

English Summary:  Blowing out Candles on Cake

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA