ADVERTISEMENT

സയൻസും ആർട്ടും കൂട്ടിയാൽ കൊതിപ്പിക്കുന്ന കേക്ക് കിട്ടും ! ആർക്കിടെക്റ്റ് കേക്ക് മേക്കറായാൽ കേക്ക് എങ്ങനെയായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? അളന്നു കുറിച്ച് കിടിലൻ കേക്കുകൾ നിർമിക്കുന്ന യുക്രെയ്നിലെ ദിനാര കസാകൊ പഠിച്ചത് ആർക്കിടെക്ചറാണ്, പക്ഷേ ഇപ്പോൾ ഫുൾടൈം കേക്ക് മേക്കിങ് മാത്രം... ചുമ്മാ സാധാരണ കേക്കുകളൊന്നുമല്ല 3‍ ഡി സിലിക്കൺ മോൾഡിലെ കേക്കുകൾ! ഈ ഡിസൈൻ കേക്കു കണ്ടാൽ ആരും അന്തം വിട്ടുപോകും! സ്വന്തമായി മോൾഡ് തയാറാക്കി, എഡ്ജ് ഷാർ‍പ്പ് ചെയ്ത് കളർ ഡിസൈൻ ചെയ്തൊക്കെയാണ് ദിനാര കേക്ക് ചെയ്യുന്നത്. വ്യത്യസ്ത ഡിസൈനുകൾക്കു വേണ്ടിയുള്ള മോൾഡുകളും സ്വന്തമായി തയാറാക്കുന്നു ദിനാര. ആർക്കിടെക്ചറൽ പേസ്റ്ററി ഷെഫ് എന്നാണ് ഇവർ അറിയപ്പെടുന്നത്. 

dinara

ഇതൊക്കെ ഭക്ഷ്യയോഗ്യമാണെന്നതും ഈ കേക്കുകൾക്ക് ഏറെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. സിലിക്കൺ മോൾഡ്സ് ഓൺലൈനിലൂടെ വാങ്ങാനും ഇവർ അവസരമൊരുക്കുന്നുണ്ട്. പേസ്ട്രി മേക്കിങ്ങിലെ മോഡേൺ ടെക്നിക്കുകളെക്കുറിച്ചുള്ള നിരവധി ക്ലാസുകളും ദിനാര സംഘടിപ്പിക്കുന്നുണ്ട്.

dinara-cake

കുഞ്ഞുന്നാളിൽ മതിവരുവോളം കേക്കും ഐസ്ക്രീമും കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നൊരു പെൺകുട്ടി, പതിനഞ്ചാം വയസ്സിൽ ആർക്കിടെക്റ്റാകാൻ തീരുമാനമെടുത്തു. പഠന ശേഷം ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യാൻ തുടങ്ങി, ഒപ്പം ബേക്കിങ്ങും. വീട്ടുകാർക്കുമുന്നിൽ ഭക്ഷണ സാധനങ്ങൾ മനോഹരമായി വിളമ്പാൻ ആഗ്രഹിച്ചിരുന്ന ദിനാരയ്ക്ക് അതിനു പറ്റിയ ഏറ്റവും മികച്ച വിഭവം കേക്കാണെന്നു തോന്നി. ആറു വർഷം മുൻപാണിത്. പരീക്ഷണങ്ങൾ തുടങ്ങാൻ വൈകിയില്ല. തിളങ്ങുന്ന കേക്കുകൾ, സ്പോഞ്ചു കേക്കുകൾ അങ്ങനെ പഠിച്ചിരുന്ന സയൻസും ആർട്ടും എല്ലാം കേക്കിലേക്ക് മനോഹരമായ ഡിസൈനുകളായി ഒഴുകിയെത്തിത്തുടങ്ങി. ഇത്ര മനോഹരമായ കേക്കുകൾ ഉണ്ടാക്കിയപ്പോൾ ദിനാര അതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്യാനും തുടങ്ങി. എല്ലാ കേക്കിന്റെയും രൂപം ഒരു പോലെ, ഇഷ്ടമുള്ള ആകൃതിയിൽ സ്വന്തം കേക്കുകൾ എന്ന ആശയത്തിന്  മോൾഡുകൾ സ്വന്തമായി നിർമ്മിക്കുന്നതിനെക്കുറിച്ച് ദിനാര ചിന്തിച്ചുതുടങ്ങി. ത്രീഡി പ്രിന്റിങ്ങിനെക്കുറിച്ച് ചിന്തിച്ചു. അന്ന് അതിനെക്കുറിച്ച് വലിയ ധാരാണയില്ലായിരുന്നെങ്കിലും പഠിച്ചെടുത്തു. കേക്ക് ബാറ്റർ ഈ മോൾഡുകളിൽ നിറച്ച് ഫ്രീസ് ചെയ്തെടുക്കാം. അമ്പരിപ്പിക്കുന്ന ഡിസൈനുകൾ സൃഷ്ടിക്കാനുള്ള അഭിനിവേശവും കഠിനാധ്വാനവും ത്രീ ഡി പ്രിന്റിങ്ങിലൂടെ കേക്ക് നിർമാണത്തിൽ തരംഗമായി.

ചെറി കേക്ക് മോൾഡ് വിഡിയോയ്ക്ക് 9 മില്ല്യൻ കാഴ്ചക്കാരാണുള്ളത്. സുതാര്യമായ ബോക്സിൽ ചെറിപ്പഴങ്ങൾ നിറച്ച് അതിന്റെ മാതൃക ത്രീഡിയിൽ സിലിക്കണിൽ ചെയ്ത് എടുക്കുന്ന വിഡിയോയാണ്. ഇതിൽ രൂപപ്പെടുത്തുന്ന കേക്കുകൾ ചെറിപ്പഴങ്ങൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വച്ചിരിക്കുന്നതു പോലെ ലഭിക്കും. കേക്ക് തയാറാക്കി അതിന് ആവശ്യമായി നിറവും ഡിസൈനും ചെയ്തു കഴിയുമ്പോൾ ആരും ‘വൗ’ പറഞ്ഞു പോകും. സ്റ്റോൺ ഡയഗ്രം, നെപ്പോളിയൻ, ടൊറസ് പാഷൻ ഫ്രൂട്ട്, ഒറിഗാമി, അമേരിക്കൻ ബ്യൂട്ടി കോക്ക് ടെയ്ൽ...  കേക്കുകളുടെ പേരുകളിലും ഉളളടക്കത്തിലും ദിനാരയുടെ കൈയൊപ്പു പതിഞ്ഞിരിക്കുന്നു. എൻജിനീയർ, ആർക്കിടെക്റ്റ്, പേസ്റ്ററി ഷെഫ് എന്നീ മേഖലകളിലെ വിദഗ്ധരും ദിനാരയ്ക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്.

English Summery : Dinara Kasko is a Ukrainian baker and media figure notable for her usage of 3D printing in cake baking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com