sections
MORE

സവാളയുടെ പേരിൽ അടി! എന്തൊക്കെ ആയിരുന്നു സാലഡ്,മുട്ട റോസ്റ്റ്...

onion-troll
SHARE

തളിപ്പറമ്പിൽ കഴിഞ്ഞയാഴ്ച അടിപൊട്ടിയത് ബീഫ് വിഭവത്തിനൊപ്പം സവാളയ്ക്കു പകരം കാബേജ് വിതറി ഉപഭോക്താവിനു നൽകിയതിനാണ്. ഇതു ചോദ്യം ചെയ്തതിൽ നിന്നായിരുന്നു അടിയുടെ തുടക്കം. സമൂഹ മാധ്യമങ്ങളിൽ രസകരമായ നിരവധി ട്രോളുകളും സവാള വിലകൂടുന്നതിനെ സൂചിപ്പിച്ച് പുറത്തിറങ്ങുന്നുണ്ട്. നാലാളു കൂടിയാൽ ഉള്ളി വിലയെപ്പറ്റിയാണിപ്പോൾ സംസാരം. ഇന്നു വില കൂടിയോ, ഇനി അടുത്തു കുറയുമോ.. ആധിയോടെ താടിയിൽ കയ്യൂന്നി നിൽക്കുകയാണ് മലയാളികൾ. വില കുറയുന്ന മട്ടില്ലാത്തതിനാൽ പകരക്കാരെ തേടുന്ന പരീക്ഷണങ്ങളും അടുക്കളകളിൽ തകൃതിയാണ്.

ഉള്ളി ‘മുറുക്കി’ ജീവിക്കുന്നു

മുണ്ടു മുറുക്കിയുടുക്കുന്നതുപോലെ ഓരോ ഉള്ളിയും സൂക്ഷിച്ചാണ് ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്നത്. ആവശ്യംപോലെ ഉള്ളി അരിഞ്ഞു തള്ളിയിരുന്നവർ എവിടെയൊക്കെ വെട്ടിക്കുറയ്ക്കാമോ അവിടെയെല്ലാം ഉള്ളിയുടെ അളവ് കുറയ്ക്കുകയാണ്. 2 കിലോഗ്രാം ഉള്ളി വാങ്ങുന്നവർ ഇപ്പോൾ വീട്ടിലേക്ക് അര കിലോയുമായാണ് മടങ്ങുന്നത്.

സവാളയ്ക്ക് ഇന്നലെ മലപ്പുറത്ത് ശരാശരി വില 100 രൂപയാണ്. ചെറിയുള്ളിക്ക് 130, വെളുത്തുള്ളിക്ക് 180–200 എന്നിങ്ങനെയാണ് വില. 50– 55 കിലോഗ്രാം ഉള്ളി ദിവസവും ഉപയോഗിച്ചിരുന്ന നഗരത്തിലെ ഒരു ഹോട്ടലിൽ ഇപ്പോൾ ഉപയോഗം 30– 35 കിലോഗ്രാമാക്കി ചുരുക്കി. ഹോട്ടലുകാർക്ക് ഒഴിച്ചുകൂടാനാകാത്ത ഐറ്റമായതിനാൽ ഉള്ളി വില ഏറെ കരയിക്കുന്നതും ഇവരെത്തന്നെ. പൊതുവേ ബിസിനസ് കുറവുള്ള അവസ്ഥയിലാണ് ഉള്ളിയും  തിരിച്ചടി നൽകിയത്.

onion-troll-kerala

ഡെക്കറേഷൻ ഔട്ട്

വരട്ടിയെടുത്ത ബീഫിന്റെ മുകളിൽ ചെറുനാരങ്ങ ചിന്തിനൊപ്പം പുഞ്ചിരി തൂകി നിന്നിരുന്ന സവാള ഡെക്കറേഷനൊക്കെ ഇപ്പോൾ ഹോട്ടലുകളിൽനിന്ന് അപ്രത്യക്ഷമായി. ഉള്ളി ഏറെ ചെലവാകുന്ന മറ്റൊരു മേഖല നെയ്ച്ചോറിനും ബിരിയാണിക്കുമൊപ്പം അനുസാരിയായി ഗമിക്കുന്ന സാലഡുകളിലാണ്. സാലഡുകളിൽ ഇപ്പോൾ കക്കിരിയാണ് പകരക്കാരൻ. ഉപ്പേരികൾക്കൊപ്പവും സാലഡുകൾക്കൊപ്പവുമൊക്കെ കാബേജ് അരിഞ്ഞു ചേർക്കുന്നവരുമുണ്ട്. സൂപ്പർ ഹിറ്റൊന്നുമല്ലെങ്കിലും അഡ്ജസ്റ്റ് ചെയ്യാമെന്നാണ് പറയുന്നത്. കാബേജ് ഉപയോഗം കൂടിയതോടെ വില ചെറുതായി ഉയർന്നിട്ടുണ്ട്. ഇന്നലത്തെ ശരാശരി വില 25 രൂപയാണ്.

മുട്ട റോസ്റ്റ് പോലെയുള്ള ഉള്ളി പ്രധാന കഥാപാത്രമാകുന്ന വിഭവങ്ങൾ ഹോട്ടൽ മെനുവിൽനിന്ന് മാറി നിൽക്കാൻ തുടങ്ങിയിട്ടും നാളുകളേറെയായി. ‘വംശനാശം’ നേരിട്ടു  കൊണ്ടിരിക്കുന്ന മറ്റൊരു പലഹാരം ഉള്ളി വടയാണ്. നാലുമണിപ്പലഹാരം തേടിയിറങ്ങിയാൽ ഉള്ളി വടയെ കണ്ടുകിട്ടാനേയില്ല. സാമ്പാറിൽനിന്ന് മുരിങ്ങക്കായ മുങ്ങിയിട്ടും കാലം കുറെയായി.

പഴം  കഴിക്കാം

പച്ചക്കറികൾക്ക് വില കാര്യമായി കയറിയിട്ടില്ല.   പയർ 40, ബീൻസ് 30, കയ്പ 30, കൂർക്ക 50, കുമ്പളം 25, വെള്ളരി 25, കിഴങ്ങ് 25 എന്നിങ്ങനെയാണ് വില. പഴത്തിനു വില കുറവാണ്. നേന്ത്രപ്പഴത്തിന് 35– 40 രൂപയും ഞാലിപ്പൂവന് 60 രൂപയും. 25 രൂപയാണ് ഒരു കിലോഗ്രാം ചെറുപഴത്തിന്.

English Summary:  Onion price hike in kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA