sections
MORE

വടയുണ്ടാക്കാൻ വലിയ വില കൊടുക്കേണ്ടി വരും!

Uzhunnu Vada
SHARE

ഇളം ചൂടിൽ മൊരിയുന്ന വട..... ഉഴുന്നും പച്ചമുളകും അൽപം ഉള്ളിയുമൊക്കെ ചേരുമ്പോഴുള്ള ഗന്ധം മൂക്കിലേക്ക് ഇരച്ചു കയറുന്നു. ഇളം മധുരമുള്ള നാളികേരച്ചമ്മന്തിയിൽ മുക്കിയ കഷ്‌ണങ്ങൾ നാവിൽ അലിഞ്ഞുചേരുന്നു. വായിൽ രുചിയുടെ കേളികൊട്ടുയരുമ്പോൾ... വരൂ, കട്ടൻചായയും പരിപ്പുവടയും നുണഞ്ഞ് താത്വികമായ ഒരു അവലോകനം നടത്താം എന്നൊക്കെ പറയുന്നതിനു മുൻപ് നന്നായി ആലോചിക്കേണ്ടി വരും.  ഉള്ളിക്കും സവാളയ്ക്കും മാത്രമല്ല ഉഴുന്നും പരിപ്പും വിലയിൽ കുതിച്ചു മുന്നേറുകയാണ്. വെളിച്ചെണ്ണ 230, ഉഴുന്ന് 150, പരിപ്പ് 90, സവാള 110 ഇതാണ് ഇപ്പോഴത്തെ വില. ചായക്കടകളിലൊന്നും വട കിട്ടാനില്ല! ഇഷ്ട വിഭവങ്ങൾ പലതും വേണ്ടെന്നു വയ്ക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഉഴുന്നുവടയ്ക്ക് ഒരെണ്ണത്തിന് 10 രൂപയ്ക്കു വിറ്റാലും കടക്കാർക്ക് നഷ്ടം മാത്രം. ഉഴുന്നിനു പകരം മൈദ വടയാണെങ്കിൽ വില കൂടില്ല!. ഉള്ളിവടയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്നാണ് ചായക്കടയിലെ പലഹാരപ്പെട്ടി പറയുന്നത്.

തട്ടുകടയിലെ ഓംലറ്റുകളിലേക്ക് കാബേജിന്റെ കടന്നു കയറ്റം തുടങ്ങിക്കഴിഞ്ഞു. വറുത്ത് പൊരിച്ച് സൈഡിൽ രണ്ടു സവാളയൊക്കെ വച്ച് കഴിച്ചിരുന്ന കാലം ഇനി തിരിച്ചു വരുമോ എന്ന ആശങ്കയിലാണ് ഭക്ഷണപ്രേമികൾ.

വട വടേയ്.......

തമിഴന്റെ ദേശീയ ഭക്ഷണമാണ് വടയും ഇഡ്‌ഡിലിയുമെന്നാണ് വയ്‌പ്. എന്നാൽ, വട ജനിച്ചത് തമിഴ്‌നാട്ടിലാണോ എന്നു ചോദിച്ചാൽ വടിയാവും. വട ദക്ഷിണേന്ത്യൻ ഭക്ഷണമാണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, ഉഴുന്ന് ഉപയോഗിച്ചുള്ള ഭക്ഷണപദാർഥങ്ങൾ ജനിച്ചത് ഗുജറാത്ത് മുതൽ മലബാർ വരെ നീണ്ടുകിടക്കുന്ന കൊങ്കൺപ്രദേശത്താണെന്ന് ഭക്ഷണ ചരിത്രകാരനായ കെ. ടി. അചയ പറയുന്നു.

ബിസി 800നും 300നും ഇടയ്‌ക്ക് എഴുതപ്പെട്ടതെന്നു വിശ്വസിക്കുന്ന ധർമസൂത്രത്തിലാണ് വടയെക്കുറിച്ച് ആദ്യം പ്രതിപാദിക്കുന്നത്. നെയ്യിൽ വറുത്തെടുത്ത വടയെന്നാണ് വിശേഷണം. ബിസി രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പതഞ്‌ജലി മഹർഷി പൗർണമി ദിവസം പ്രത്യേകരീതിയിൽ തയാർ ചെയ്‌ത വട മാത്രമേ കഴിക്കാറുള്ളൂ. ഈ പതഞ്‌ജലി മഹർഷിയാണ് നമുക്ക് യോഗാഭ്യാസത്തിന്റെ രീതികൾ നമുക്കു വിവരിച്ചുതന്നത്. എഡി 12-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ‘മാനസോല്ലാസ ’എന്ന പുസ്‌തകത്തിലാണ് ആദ്യമായി ഉഴുന്നുവടയെക്കുറിച്ചു പരാമർശിക്കുന്നത്. എഡി 1025 ൽ കന്നഡ ഭാഷയിൽ രചിക്കപ്പെട്ട കാവ്യങ്ങളിൽ പരിപ്പു വടയെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. 15-ാം നൂറ്റാണ്ടിൽ ഗുജറാത്തിൽ പിറന്നുവീണ വരുണകസമുച്ചയ് എന്ന പുസ്‌തകത്തിലാണ് ആദ്യമായി മുളകുവട പ്രത്യക്ഷപ്പെടുന്നത്.

കർണാടകയാണ് ഉഴുന്നുവടയുടെ ജന്മദേശമെന്നു കരുതപ്പെടുന്നു. കന്നടയിൽ ഇതിനെ ഉദ്ദിന വടയെന്നു പറയുന്നു. ഉരദ് വട, ഉളുന്ത് വട എന്നൊക്കെ തമിഴിലും ഗരെലു എന്ന് തെലുങ്കിലും ഉഴുന്നു വട അറിയപ്പെടുന്നു.

പരിപ്പുവടയും ഉഴുന്നുവടയുമാണ് കേരളത്തിൽ ജനകീയമെങ്കിൽ വടാപാവ് ആണ് ഉത്തരേന്ത്യക്കാർക്കു താരം. തിരോന്തോരത്തെത്തിയാൽ ഊണിനൊപ്പവും തരും ഓരോ രസവട. രസത്തിൽ ഇട്ടുവച്ച് രസത്തിൽനിറഞ്ഞ രസവട. എന്നാൽ, തമിഴർക്ക് തൈരുവടയാണത്രേ പ്രിയം.വട നമ്മുടെ ദേശത്തിന്റെ വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണെന്നത് എല്ലാവരും സമ്മതിക്കുന്നു. കേരളത്തിലെ ഇടതുപക്ഷ പ്രസ്‌ഥാനങ്ങളുടെ പ്രധാന ഭക്ഷണമാണല്ലോ പരിപ്പുവടയും കട്ടൻചായയും. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലുമുള്ള ഹനുമാൻ ക്ഷേത്രങ്ങളിലെ വിഗ്രഹത്തിൽ വടകൊണ്ടുള്ള മാല ചാർത്തുന്നത് പുണ്യമാണ്. ദേവീ പൂജയിലും ഉഴുന്നുവടയ്‌ക്ക് പ്രത്യേകസ്‌ഥാനമുണ്ട്.

English Summary:  Idli, vada, dosa to cost more 
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA