ADVERTISEMENT

ഈ ലോകത്ത് രണ്ടു തരം മനുഷ്യരാണുള്ളത്: കഴിക്കാനായി വിശക്കുന്നവരും വിശപ്പടക്കാനായി കഴിക്കുന്നവരും! സമൃദ്ധിയും ദാരിദ്ര്യവും ലോകത്തിന്റെ രണ്ടു വ്യത്യസ്ത മുഖങ്ങളാണ്. വയറു നിറയെ കഴിച്ച് ബാക്കി ഭക്ഷണം വലിച്ചെറിയുന്നവരും മാലിന്യക്കൂമ്പാരത്തിൽനിന്നു ഭക്ഷണ അവശിഷ്ടങ്ങൾ ശേഖരിച്ച് വൃത്തിയാക്കി കഴിക്കുന്നവരും ഒരേ ലോകത്താണ് ജീവിക്കുന്നത്. പഗ്പാഗ് എന്ന് കേട്ടിട്ടുണ്ടോ? ഫാസ്റ്റ് ഫുഡ് റസ്റ്ററന്റുകളിൽ മിച്ചം വരുന്ന ഭക്ഷണത്തിൽ നിന്നാണ് ഫിലിപ്പീൻസിൽ പഗ്പാഗ് തയാറാക്കുന്നത്. സൂപ്പർമാർക്കറ്റുകളിൽനിന്നു പുറം തള്ളുന്ന ഫ്രോസൺ മീറ്റ്, മത്സ്യം, പച്ചക്കറികൾ, ബാർബിക്യു, മക് ഡൊണാൾഡ്സ് അടക്കമുള്ള മുന്തിയ ഭക്ഷണശാലകളിലെ ബർഗറുകളും മറ്റുമെല്ലാം ഇതിൽ ഉൾപ്പെടും. മിച്ചം വരുന്ന ഭക്ഷണത്തിൽ നിന്നു കഴിക്കാൻ പറ്റുന്നത് മാത്രം എടുത്ത് പ്രത്യേക പാക്കറ്റുകളിലാക്കി വിൽപനക്കാരിലേക്ക് എത്തിക്കുന്നവർ ധാരാളമുണ്ട്. അവർ ഇത് ശേഖരിച്ച് അപ്പോൾ തന്നെയോ വീണ്ടും മസാല ചേർത്ത് പാകം ചെയ്തോ വിൽക്കും. തുച്ഛമായ തുകയ്ക്ക് ലഭിക്കുന്ന ഇത്തരം പഗ്പാഗ് ഭക്ഷണവിതരണത്തെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഒരു കൂട്ടം ആളുകളും ഇവിടെയുണ്ട്.

വിലയേറിയ ഭക്ഷണം വാങ്ങാൻ പണമില്ലാത്ത ഫിലിപ്പീൻസുകാർക്കിടയിലാണ് പഗ്പാഗ് ഭക്ഷണം തരംഗമായത്. ദരിദ്രർ ജീവിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പഗ്പാഗ് വിൽപനകേന്ദ്രങ്ങളും മുളപൊട്ടി. പണം കൊടുത്ത് നല്ല ഭക്ഷണം വാങ്ങാൻ കഴിവില്ലാത്തവർക്ക് പഗ്പാഗ് ഒരു അനുഗ്രഹമാണെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടികളും മുതിർന്നവരും ഒരുപോലെ പഗ്പാഗ് കഴിക്കാൻ ഇഷ്ടപ്പെടുന്നു അതല്ലാതെ അവർക്ക് മറ്റു വഴിയില്ല.

ഇങ്ങനെ തയാറാക്കുന്ന ഭക്ഷണത്തിന്റെ ആരോഗ്യവശങ്ങളെക്കുറിച്ച് നാഷനൽ ആന്റി പോവർട്ടി കമ്മിഷൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ്, ഡയേറിയ, കോളറ പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യതയാണ് കമ്മിഷൻ ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ ഇതു കഴിച്ചിട്ട് ആർക്കും ഇതു വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നാണ് വിതരണക്കാർ അവകാശപ്പെടുന്നത്. ചൂടായ എണ്ണയിൽ അൽപം വെളുത്തുള്ളിയും സവാളയും വഴറ്റി, എല്ലു മാറ്റി വൃത്തിയാക്കിയ മാംസവിഭവങ്ങൾ ആവശ്യത്തിനു മസാലയും ചേർത്ത് ഫ്രൈ ചെയ്തെടുത്താൽ ആരും പറയില്ല ഭക്ഷണാവശിഷ്ടങ്ങളിൽനിന്ന് എടുത്തതാണെന്ന്. ഇവിടെ സന്ദർശിക്കാൻ എത്തുന്നവർ പലരും പഗ്പാഗ് വാങ്ങി വീട്ടിലെ നായ്ക്കുട്ടികൾക്ക് കൊടുക്കാൻ കൊണ്ടു പോകാറുണ്ടെന്നും മാമ റോസിറ്റ എന്ന മുത്തശ്ശി പറയുന്നു. പഗ്പാഗ് തയാറാക്കി ചെറിയ തുകയ്ക്ക് വിൽക്കുന്നതാണ് റോസിറ്റയുടെ വരുമാന മാർഗം. പഗ്പാഗ് കഴിച്ച് ആർക്കും ഇതുവരെ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും റോസിറ്റ മുത്തശ്ശി പറയുന്നു.

English Summary: Pagpag , Mamarosita, Leftover food 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com