sections
MORE

പാളിപ്പോയ ബിരിയാണി പരീക്ഷണവും വാശിയും; ഭക്ഷണ വിശേഷങ്ങളുമായി നടി ലക്ഷ്മിപ്രിയ

lakshmi-priya
ലക്ഷ്മിപ്രിയ
SHARE

സിനിമകളിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് ലക്ഷ്മിപ്രിയ. സിനിമാക്കഥയെ വെല്ലുന്ന പ്രതിസന്ധികൾ ജീവിതത്തിൽ താണ്ടിയ അനുഭവങ്ങൾ ലക്ഷ്മി അടുത്തിടെ തന്റെ പുസ്തകത്തിലൂടെ പങ്കുവച്ചിരുന്നു. പെട്ടെന്ന് വണ്ണം കൂടുകയും കുറയുകയും ചെയ്യുന്ന പ്രകൃതമാണെങ്കിലും ഭക്ഷണത്തോടും പാചകത്തോടും ലക്ഷ്മിക്ക് പെരുത്തിഷ്ടമാണ്. താരം തന്റെ ഭക്ഷണ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

മറക്കാത്ത രുചിയോർമ...
എത്ര വർഷങ്ങൾ കഴിഞ്ഞാലും നാവിനെ വിട്ടുപോകാത്ത ചില രുചികളും മണങ്ങളുമുണ്ട്. അതിലൊന്നാണ്  അച്ഛമ്മ ഉണ്ടാക്കിതന്നിരുന്ന വരുത്തരച്ച തീയൽ. പിന്നെ ആലപ്പുഴയിലെ അപ്പച്ചി ഉണ്ടാക്കി കൊടുത്തു വിടുന്ന പാലാട. പാലട പായസം അല്ല. ഇതു പാലാട എന്ന് പറയും. മുട്ടയും മൈദയും പാലും പഞ്ചസാരയും നെയ്യും ഏലക്കാപ്പൊടിയും ചേർത്ത് ഉണ്ടാക്കുന്ന ഒരു വിഭവം ആണിത്. വായിൽ വച്ചാൽ വെണ്ണ പോലെ അലിഞ്ഞു പോകുന്ന പലഹാരം. ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും അതിനെക്കുറിച്ച് ഓർക്കുമ്പോൾ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയും.

പാചകം, ഇഷ്ട ഭക്ഷണം...
പാചകം ഇന്ന് എനിക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ്. ശരിക്കും വിവാഹശേഷമാണ് ഞാൻ അടുക്കളയിൽ പയറ്റിത്തുടങ്ങിയത്. ഇപ്പോൾ തെളിഞ്ഞു തുടങ്ങി. പാചകം എപ്പോഴും സാധാരണ വെളിച്ചെണ്ണയിൽ ആണ്. ഗോതമ്പ് അലർജി  ഉള്ളതിനാൽ കഴിക്കാറില്ല. അരി കൊണ്ടുള്ള ആഹാരം തന്നെയാണ് മൂന്നു നേരവും. നാടൻ ആഹാരം തന്നെയാണ് കഴിക്കാൻ ഇഷ്ടം. കുത്തരി ചോറും, കപ്പ കുഴച്ചതും മീൻ മുളകിട്ടതും പുളിശ്ശേരിയുമാണ് ഇഷ്ടഭക്ഷണം.

കരിഞ്ഞു പോയ ബിരിയാണി ശ്രമം...
ബിരിയാണി ഉണ്ടാക്കാൻ ആഗ്രഹിച്ചു. ഉരുളി ഒക്കെ പോയി വാങ്ങി. ബിരിയാണി പാകം ആയി കഴിഞ്ഞു, ദം ഇടാൻ അടുപ്പ് കത്തിച്ചു. ഉരുളിയിൽ ബിരിയാണി നിരത്തി മൈദ കൊണ്ട് ഒട്ടിച്ചു അടുപ്പിൽ വച്ചു. പാത്രത്തിന്റെ മുകളിലും ചിരട്ട കത്തിച്ചിട്ടു. 40 മിനിട്ട് ഇടാൻ ആണ് പാചക പുസ്തകത്തിൽ പറഞ്ഞിരുന്നത്. പക്ഷേ ഓരോ ബിരിയാണി അരിക്കും വേകാൻ ഓരോ സമയം ആണെന്നുള്ള കാര്യം ഓർത്തില്ല. 40 മിനിട്ട് കഴിഞ്ഞെടുത്തപ്പോൾ ചോറും ചിക്കനും എല്ലാം ഉരുകി പോയിരുന്നു. എല്ലാം കൂടി കരിഞ്ഞു പിടിച്ചാകെ കുളമായി. കുങ്കുമപ്പൂവ് വരെ ചേർത്ത ബിരിയാണി ഒരു നുള്ള് പോലും കഴിക്കാൻ കഴിഞ്ഞില്ല. പക്ഷേ ആ അബദ്ധത്തോടെ ബിരിയാണി ഉണ്ടാക്കി വിജയിപ്പിക്കണമെന്ന് ഒരു വാശിയായി. പല തവണ ശ്രമിച്ച ഒടുവിൽ പാകം മനസിലാക്കി. പിന്നീട് വിശേഷ അവസരങ്ങളിലെല്ലാം ബിരിയാണി ഉണ്ടാക്കി വീട്ടുകാർക്കും സുഹൃത്തുകൾക്കും വിളമ്പി. ആദ്യത്തെ ശ്രമം ചീറ്റിപ്പോയെങ്കിലും ഇപ്പോൾ ഞാൻ ഒരു ബിരിയാണി വിദഗ്ധ ആയെന്നാണ് വീട്ടുകാർ പറയുന്നത്.

ഡയറ്റിങ്...
പെട്ടെന്ന് വണ്ണം കൂടുകയും കുറയുകയും ചെയ്യുന്ന പ്രകൃതമാണ് എന്റേത്. എങ്കിലും മോളെ ഗർഭിണി ആയപ്പോൾ ആണ് കാര്യമായി തടി കൂടിയത്. അറുപതു കിലോയിൽ നിന്ന് എൺപത്തിഎട്ടിലേക്ക് ഒരു ചാട്ടം. ആ സമയം ഹോർമോൺ ട്രീറ്റ്മെന്റ് ഒക്കെ ഉണ്ടായിരുന്നു. അത് കുറയാൻ ഒരുപാട് പണിപ്പെട്ടു. ഞാൻ കൊച്ചിയിൽ സ്മാർട്ട്‌ എസ്കാസോ വെൽനെസ്സ് ക്ലിനിക്കിൽ  പോയി ആണ് തടി  കുറച്ചത്. വ്യായാമത്തെക്കാൾ ചിട്ടയായ ഭക്ഷണ ക്രമത്തിലൂടെയാണ് തടി കുറച്ചത്. രണ്ടര മണിക്കൂർ കൂടുമ്പോൾ കഴിക്കുക എന്നതാണ് അവിടുത്തെ രീതി. ചോറ്, നെയ്യ്, എല്ലാം കഴിക്കാം. മധുരം ഒഴികെ ഒന്നും ഒഴിവാക്കേണ്ട. നമുക്ക് വേണ്ടത് അളവ് കുറച്ചു സമയത്തു കഴിക്കുക. ആ ഡയറ്റിൽ മുടി കൊഴിച്ചിലും സ്കിൻ ചുളിച്ചിലും ഒന്നും ഉണ്ടാവില്ല.  ഫ്രൂട്സ്, വെജിറ്റബിൾസ്, നട്സ്, സീഡ്‌സ്, തൈര്, മോര്, ഫിഷ്, ചിക്കൻ,അരി ഭക്ഷണം എല്ലാം ചേർത്തുള്ള ഡയറ്റ് ആണ്. പണ്ടൊക്കെ വർക്ക്‌ ഔട്ട്‌ ഒരു ഹരം ആയിരുന്നു. ഇപ്പൊൾ എന്തോ അതിലൊന്നും താൽപര്യം തോന്നാറില്ല. പിന്നെ സ്‌ക്രീനിൽ കാണുന്ന ഒരു വലുപ്പം നേരിട്ട് എനിക്കില്ല കേട്ടോ..

English Summary: Actress Lakshmi Priya talk about Food love

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA