sections
MORE

ഒരു നാട് മുഴുവൻ ആവേശത്തോടെ, കപ്പയ്ക്കൊത്ത മത്തിക്കറി മത്സരം!

mathi-4
SHARE

ആരെന്നു ചോദിച്ചാൽ തിരിച്ച് ഞാനെന്നു പറയാൻ വീറുള്ള ഉദിനൂർ ഗ്രാമം ഇന്നലെ ‘മത്തിക്ക്’ മുൻപിൽ അടിയറവ് പറഞ്ഞു. ഉദിനൂർ എകെജി സ്മാരക കലാവേദി നടത്തിയ ‘മത്തിക്കറി’ മത്സരമാണ് നാടിനെ മത്തിയുടെ രുചിപ്പെരുമയിലേക്ക് കൈപിടിച്ചത്. മൺചട്ടിയിൽ മത്തിക്കറി തിളച്ചപ്പോൾ കാഴ്ചക്കാരുടെ ആവേശവും അതുപോലെ ഉയർന്നു. കൗതുകത്തിനു തുടങ്ങിയ മത്സരത്തിന് ഇത്രയും ആവേശം വരുമെന്ന് സംഘാടകർ പോലും കരുതിയില്ല. നാട് മുഴുവൻ ഇന്നലെ മത്തിക്കറിക്കു പിന്നാലെ ആയിരുന്നു. പാചക മത്സരങ്ങൾ  പലതു കണ്ടിട്ടുണ്ടെങ്കിലും ‘കപ്പയ്ക്കൊരു മത്തി ഇതിൽ നിന്നൊക്കെ വേറിട്ടു നിന്നു. നാടിനു പുതുമയായിരുന്നു മത്തിക്കറി മത്സരം. നേരമ്പോക്കിനിടയിൽ കയറി വന്ന ആശയം നാടിനെ ഇളക്കി മറിക്കുമെന്നു സ്വപ്നത്തിൽ പോലും കരുതിയില്ലെന്നു സംഘാടകരിലൊരാളായ നാടക സംവിധായകൻ ഇ.വി.ഹരിദാസ് പറഞ്ഞു.

mathi-7

ഇടിച്ചു കയറി മത്സരാർഥികൾ

25 പേർക്കു മാത്രമായി നിജപ്പെടുത്തിയതായിരുന്നു മത്സരം. എന്നാൽ മത്സരാർഥികളുടെ തള്ളിക്കയറ്റമായരുന്നു. അപേക്ഷകർ നൂറു കടന്നതോടെ 50 ടീമിൽ ഒതുക്കി മത്സരം.ഒരു കിലോ മത്തി കഴുകി വെടിപ്പാക്കി രുചിക്കൂട്ടും മൺചട്ടിയുമായി എത്താനാണ് സംഘാടകർ നിർദേശം നൽകിയത്. വിറകടുപ്പ് സംഘാടകർ സജ്ജജമാക്കി. 40 മിനുട്ടിനകം കറി തയാറാക്കി കൈമാറാൻ നിർദേശിച്ചു.  മത്സ്യ വിതരണ തൊഴിലാളി കാര്യത്ത് പാറു അമ്മ അടുപ്പിൽ തീ കൂട്ടി ഉദ്ഘാടനം ചെയ്തു.

mathi-6

വില കൂടിയെങ്കിലും കറിയിൽ നിന്നു ഉള്ളിയെ ആരും മാറ്റി നിർത്തിയില്ല. ഉദിനൂർ സെൻട്രലിൽ പ്രത്യേകം പന്തൽ ഒരുക്കിയാണ് മത്സരം നടത്തിയത്. 5 പേരടങ്ങിയതായിരുന്നു ജൂറി പാനൽ. രുചി പരിശോധനക്കൊപ്പം പാചക രീതിയും വിലയിരുത്തലിലെ പ്രധാന ഘടകമായി. തടിച്ചു കൂടിയവർക്കു രുചി നോക്കാൻ അവസരം നൽകി.  "കപ്പയ്ക്കൊത്ത മത്തിക്കറി മത്സരം " എന്ന പേരാണ് സംഘാടകർ നൽകിയത്. കപ്പ സംഘാടകർ തയാറാക്കി നൽകി. മത്സരം തുടങ്ങും മുൻപേ മത്സരാർഥികൾ കൊണ്ടു വന്ന മത്തി ജൂറി പാനലിന്റെ സാന്നിധ്യത്തിൽ തൂക്കി നോക്കി.

mathi-3

രുചിപ്പെരുമയിലെത്തിയ മത്സര മത്തിക്കറിയുമായി കപ്പ കൊതിയോടെ തിന്നുന്നവർ മറ്റൊരു കാഴ്ചയായി. മത്സരാർഥികളിൽ ഭാര്യയും ഭർത്താവും അമ്മയും മകളും സഹോദരിമാരും കുടുംബശ്രീ കൂട്ടായ്മയിൽ നിന്നു എത്തിയവരുമുണ്ടായി.  രാവിലെ പുഡ്ഡിങ് മത്സരത്തിൽ പങ്കെടുത്ത് വിജയം നേടിയ ജോഡികൾ മത്തിക്കറി മത്സസരത്തിലും പങ്കെടുക്കാൻ ഓടിക്കിതച്ചെത്തി.

mathi-1

മത്തിക്കറിയുടെ രുചിപ്പോരാട്ടത്തിൽ വെള്ളൂരിലെ രോഹിണിയും സരിതയും ഒന്നാം സ്ഥാനം നേടി. നാട്ടുകാരായ ഉദിനൂരിലെ ഉഷാ കൃഷ്ണൻ, മഞ്ജു ടീം രണ്ടാം സ്ഥാനവും ഉദുമയിലെ ഷബാന ഷഹീർ, ഹനീഫ ടീം മൂന്നാം സ്ഥാനം നേടി..

mathi-2

മത്സരത്തെ വിലയിരുത്തി വിധികർത്താക്കളായ എം.പ്രകാശൻ, ശശി ഹെർമിറ്റേജ് എന്നിവർ വിശദീകരണം നടത്തി. പടന്ന പഞ്ചായത്ത് അംഗം ഒ.ബീന സമ്മാനദാനം നടത്തി. എം.വി.അനീഷ അധ്യക്ഷത വഹിച്ചു. എ.കെ.നിഷ, കവിതാ സന്തോഷ് എന്നിവർ പ്രസംഗിച്ചു.

English Summary: Kappa Fish Curry Contest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA