sections
MORE

'ടൂവീലർ' മുട്ടക്കറി 'ഫോർവീലർ' ബീഫ് കറി!: ഭക്ഷണത്തിനു കോഡുഭാഷ നൽകി ഒരു രസികൻ ഹോട്ടൽ

makaranth-01
ചിത്രം : സിബി കെ. തമ്പി
SHARE

കടിയെത്ര? കുടിയെത്ര?

ചോദ്യം കേട്ടയാൾ ഒന്നു ഞെട്ടി, അപ്പോൾ ചോദ്യകർത്താവ് തന്നെ പറഞ്ഞു. ഞാൻ മാർക്കിടാം. കറുത്ത മുത്ത്, ടോറസ്, എൽഎക്സ്ഐ , വിഎക്സ്ഐ, ഫുൾ ഓപ്ഷൻ!

ചോദ്യം – ദുശ്ശീലം ഉണ്ടോ?

ഉത്തരം – ഇല്ല

എന്നാൽ 73

(എൺപതു രൂപ കൊടുത്തപ്പോൾ ചോദ്യകർത്താവ് പത്തു രൂ മടക്കി നൽകി)

സബ്സിഡി മൂന്നേ.

ചിങ്ങവനം വഴി കഞ്ഞിക്കുഴിക്കു പായുമ്പോൾ നാൽക്കവല യിലൊരു ചെറിയ ഹോട്ടലുണ്ട്. ‘മകരന്ദ്’ അവിടെ ചായകുടി ച്ചിറങ്ങിയ ആളോട് കട ഉടമ ബിനുവിന്റെ ചോദ്യമാണ് മേൽ വിവരിച്ചത്!

binu-makaranth
ബിനു മകരന്ദിൽ ചിത്രം : സിബി കെ. തമ്പി

ഇനി മനസ്സിലാകുന്ന ഭാഷയിൽ പറയാം. 

  • കറുത്ത മുത്ത് – ബോണ്ട
  • ടോറസ്– പഴത്തിൽ കത്തിതൊടാത്ത ഏത്തയ്ക്കാപ്പം
  • എൽഎക്സ്ഐ– മധുരമില്ലാത്ത ചായ (വിത്തൗട്ട്)
  • വിഎക്സ്ഐ– ബ്രൂ കോഫി
  • ഫുൾ ഓപ്ഷൻ– മധുരമുള്ള ചായ
  • ദുശ്ശീലം– സിഗരറ്റ്

ഇത് ബിനു വികസിപ്പിച്ചെടുത്ത ഭക്ഷണ ഭാഷയാണ്. മകരന്ദിൽ കയറുന്നയാൾ ആദ്യ സ്വീകരണത്തിൽ തന്നെ തകർന്നു പോകും. സീറ്റ് ബെൽറ്റിടണേ എന്നു നിർദേശം (കസേരയിൽ ഇരിക്കുക എന്നർഥം).

അതിനുശേഷം കറുത്ത മുത്തിൽ തുടങ്ങുന്ന പട്ടിക പറയും ഓർഡർ കൊടുത്താൽ അടുത്ത ചോദ്യം. ഓപ്ഷൻ ഡിലീറ്റ് ചെയ്യുന്നുണ്ടോ. ഇല്ല എന്നാണെങ്കിൽ ഡിസ്പ്ലേ നോക്കേണ്ട ഐറ്റം ലൈവ് ആണെന്നു പറഞ്ഞ് അടുക്കളയിലേക്ക് ഓടും. മടങ്ങി വരുമ്പോൾ നല്ല തൂവെള്ള പാത്രത്തിൽ കറുത്തുരുണ്ട കറുത്തമുത്ത് ചിരിച്ചിരിക്കും (നല്ല ഏത്തപ്പഴവും നിലക്കടലയുമൊക്കെ ചേർത്തുണ്ടാക്കിയ ചൂടു ബോണ്ട!)

അതിനൊപ്പം കൊണ്ടു വയ്ക്കുന്ന ഐറ്റം കാണിച്ചു പറയും– കാർഡിയോളജി പേപ്പറാണ്. ഒന്ന് അമർത്തി പിടിച്ചോളൂ അല്ലെങ്കിൽ ഹാർട്ട് ബ്രേക്ക്ഡൗണാകും! ഒട്ടിയിരിക്കുന്ന കറുത്ത മുത്ത് ഇദ്ദേഹത്തിന് സയാമീസ് ഇരട്ടകളാണ്. സൂക്ഷിച്ചടർത്തിക്കോ എന്നൊരു കമന്റും. കടയിലെ ഗ്ലാസ് അലമാരയിൽ ചന്ദനമഴയെന്ന ഏത്തായ്ക്കാപ്പം കണ്ടില്ല. എങ്കിൽ പേടിക്കേണ്ട ബിനുവിന്റെ മറുപടി ഇതാവും. ഡിസ്പ്ലേ ഇല്ല. പ്രിന്റ് എടുക്കണം.

മറ്റു ചില കോഡുകൾ ഇവയാണ്. 

  • സിഡി ഡിസ്ക്– ദോശ
  • ബട്ടൻസ് – ഇഡ്ഡലി
  • ടൂവീലർ– മുട്ടക്കറി
  • ഫോർ വീലർ– ബീഫ് കറി (ഇരുകാലി  കോഴി ടൂവീലറും, നാൽക്കാലി മാട് ഫോർ വീലറും)
binu
ബിനു മകരന്ദിൽ ചിത്രം : സിബി കെ. തമ്പി

സ്പെഷൽ കറികൾ ഇവിടെ സൈഡ് ഫിറ്റിങ്സ് ആണ്. മുറിച്ചു വറുത്ത മീൻ പാസ്പോർട്ട് സൈസും ഒറ്റമീൻ ഫുൾസൈസും. ചെറിയ മത്തി വറുത്തത് രണ്ടെണ്ണമെങ്കിൽ ലവ് ബേർഡ്സ്, ഒന്നെങ്കിൽ ദിനേശ് ബീഡി, മുളകു ചമ്മന്തിക്ക് റെഡ് ഓക്സൈഡെന്നും കുസൃതിക്കറിയെന്നും പേര്. പൊറോട്ട ഇവിടെ കുരുവിക്കൂടാണ്. 

പാഴ്സൽ വാങ്ങുന്നവരോട് ഒരഭ്യർഥനയുണ്ടാവും മറുപടി എസ്.എം.എസ് അയയ്ക്കണേ എന്ന്.

ഭാര്യയ്ക്കും കോഡുണ്ട്– സഹനടി (യഥാർഥ പേര് നിഷ)

മകരന്ദ് എന്നതിന് പൂന്തേൻ എന്നാണ് അർഥം.

നന്നായി വായിക്കുമായിരുന്ന അച്ഛൻ ചെല്ലപ്പനാണ് ഹോട്ടലിന് ഈ പേരിട്ടത്. അദ്ദേഹത്തിന്റെയും അച്ഛനാണത്രേ ഹോട്ടൽ തുടങ്ങിയത്. ബിനുവിന്റെ രണ്ടു മക്കളുടെയും പേര് അൻസിന മകരന്ദ് എന്നും ഐബിൻ മകരന്ദ് എന്നുമാണ്. ഇദ്ദേഹത്തിന്റെ രണ്ടു സഹോദരങ്ങളുടെയും മക്കളുടെയും പേര് അവസാനിക്കുന്നതും ഇങ്ങനെ തന്നെ. 

കടയിലെ ആവശ്യത്തിനുള്ള പാലിനായി മൂന്നു പശുവിനെ വളർത്തുന്ന ബിനുവിന്, താനെന്താ ഇങ്ങനെ എന്ന ചോദ്യത്തിനുള്ള മറുപടി ഇതാണ്: ‘ചെയ്യുന്ന പണി ആസ്വദിച്ചു ചെയ്തില്ലെങ്കിൽ സന്തോഷമുണ്ടാകില്ല. സന്തോഷമുണ്ടായില്ലെങ്കിൽ ഭക്ഷണത്തിന് സ്വാദുണ്ടാകില്ല. സ്വാദില്ല എങ്കിൽ കസ്റ്റമറുടെ മുഖത്ത് ചിരി ഓപ്പണാകില്ല.’

English Summary: Hotel Makaranth Kollad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA