ADVERTISEMENT

പുറത്ത് ചൂടിന്റെ കാഠിന്യം കൂടുതലാണ്. പുറത്തേക്കിറങ്ങിയാൽ, തിളയ്ക്കുന്ന വെയിലിൽ പൊള്ളിക്കരിഞ്ഞുപോകുമെന്ന അവസ്ഥ. ഫെബ്രുവരിയിൽ ഉരുകിത്തുടങ്ങുമ്പോൾ കൊടും വേനലിന്റെ മാർച്ചും ഏപ്രിലും മേയും പേടിസ്വപ്നങ്ങളാകുകയാണ്. വിദേശരാജ്യങ്ങളിലേതു പോലെ ചൂടുകാലത്തും തണുപ്പുകാലത്തും പ്രത്യേക ആഹാരരീതികൾ കേരളത്തിലെ കാലാവസ്ഥയിൽ ആവശ്യമില്ലെങ്കിലും ശരീരോഷ്മാവും വിയർപ്പും കൂട്ടുന്ന ഭക്ഷണം ഒഴിവാക്കണം. വേനലിന്റെ തളർച്ചയും വേനൽക്കാല രോഗങ്ങളും ബാധിക്കാത്ത തരത്തിൽ ശരീരത്തെ ദൃഢമാക്കേണ്ടതുണ്ട്. ഉയർന്ന ചൂടും വിയർപ്പുമൂലമുള്ള ഈർപ്പവും രോഗാണുക്കൾ പടരാനുള്ള സാധ്യത കൂട്ടുന്നതിനാൽ ഭക്ഷണക്രമത്തിലൂടെയും ജീവിതചര്യയിലൂടെയും ശരീരത്തെ ബലമുള്ളതാക്കേണ്ടതുണ്ട്. ഊഷ്മാവു കുറയ്ക്കാൻ ശരീരം പ്രവർത്തനങ്ങളുടെ തോതു കുറയ്ക്കുകയാണു ചെയ്യുന്നത്. അതിനാൽ വിശപ്പു കുറയുകയും ചെയ്യും. അതിനാൽ ദഹിക്കാൻ എളുപ്പമുള്ള ആഹാരം ശീലമാക്കുകയാണു വേണ്ടത്.

മധുരമുള്ളതും ജലാംശം അധികമുള്ളതുമായ പഴങ്ങൾ ധാരാളമായി ഉൾപ്പെടുത്തുക. തണ്ണിമത്തൻ ദിവസവും കഴിക്കാം. അരി, ഗോതമ്പ്, ചെറുപയർ എന്നിവ ചൂടു കാലത്തു കഴിക്കാവുന്ന ആഹാരങ്ങളാണ്. കൊഴുപ്പു കുറഞ്ഞ സൂപ്പും വേനൽക്കാലത്തു കഴിക്കാം. തക്കാളി, പാവയ്ക്ക, പടവലങ്ങ, വെണ്ടയ്ക്ക, വഴുതനങ്ങ, അമരയ്ക്ക, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഉരുളക്കിഴങ്ങ്, കപ്പ, കൂർക്ക, വെളുത്തുള്ളി എന്നിവ മിതമായി ഉപയോഗിക്കുക. ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ് എന്നിവ ചൂടു കുറയ്ക്കും. എന്നാൽ മുതിര, വൻപയർ, എള്ള് എന്നിവ ശരീരത്തിന്റെ ചൂടു കൂട്ടും. മാമ്പഴം, വാഴപ്പഴം, മുന്തിരി, ഇളനീർ, ചെറുപഴം എന്നിവയും ദിവസവും കഴിക്കാം. മാംസാഹാരവും കൊഴുപ്പേറിയ ആഹാരവും ഫാസ്റ്റ് ഫുഡും കുറയ്ക്കാം. മദ്യം അടക്കം എല്ലാ ലഹരിയും വേനൽക്കാലത്ത് ഒഴിവാക്കാം.

വെള്ളം ഭക്ഷണത്തേക്കാൾ പ്രധാനം

ദിവസവും 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണു പറയുന്നത്. എന്നാൽ ചൂടുകാലത്ത് 12 ഗ്ലാസോ അതിലധികമോ വെള്ളം കുടിക്കണം. പഴങ്ങളും ജ്യൂസും ചായയും കൂടാതെയാണിത്. ഐസ്ക്രീം, ചോക്ലേറ്റ്, ചായ, കാപ്പി, ശീതളപാനീയങ്ങൾ എന്നിവ പരമാവധി കുറയ്ക്കാം. തിളപ്പിച്ചാറിയ വെള്ളമാണു നല്ലത്. മൺകുടത്തിൽ വച്ചു തണുപ്പിച്ച, തിളപ്പിച്ച വെള്ളം കുടിക്കുന്നതും ശീലമാക്കാം. രാമച്ചം, പതിമുകം, ചന്ദനം, നറുനീണ്ടി തുടങ്ങിയവ ചേർന്ന ദാഹശമിനികൾ ചേർത്തു വെള്ളം തിളപ്പിക്കാം. സംഭാരം, ലസി, ഇളനീർ എന്നിവ ചൂടകറ്റും. വിയർപ്പു മൂലമുള്ള ലവണനഷ്ടത്തിനും ഇവ പരിഹാരമാകും.

English Summary: Healthy Summer Diet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com